Nammude Arogyam
General

ന്യൂ ജനറേഷൻ ഹരമായ ജസ്റ്റിന്‍ ബീബറിനെ തളർത്തിയ വില്ലൻ രോഗം

ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. തന്റെ മുഖത്തിന് റംസി ഹണ്ട് സിന്‍ഡ്രം ആണെന്ന്. അതായത് മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയെന്നും തന്റെ വലത്തെ കണ്ണ് ചിമ്മുവാനോ അനക്കുവാനോ സാധിക്കുന്നില്ല എന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഞരമ്പുകളുടെ സംവിധാനത്തെ ബാധിക്കുന്ന വളരെ വിരളമായി കാണപ്പെടുന്ന ഒരു അസുഖമാണ് റംസി ഹണ്ട് സിഡ്രം. ഇത് മുഖത്ത് ഞരമ്പുകളെ ബാധിക്കുകയും ഒരു വശത്തെ ചലനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും ആദ്യം ബാധിക്കുന്നത് ചെവിയിലോ, അല്ലെങ്കില്‍ വായയിലോ ആണ്. തുടക്കത്തില്‍ ചെവിയില്‍ എന്തെങ്കിലും മൂളല്‍ പോലെയോ അല്ലെങ്കില്‍ കേള്‍വി കുറയുന്നതായി അനുഭവപ്പെടുന്നതുമായിരിക്കും ലക്ഷണമായി കാണിക്കുക.

വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് ബാധ ഉണ്ടാകുന്നതു മൂലമാണ് ഈ അസുഖം പ്രധാനമായും ഉണ്ടാകുന്നത്. സാധാരണ ചിക്കന്‍പോക്‌സ് വരുത്തുന്ന അതേ വൈറസ് തന്നെയാണിത്. ഇത് ചെവിക്കകത്തുള്ള ഞരമ്പുകളെ ബാധിക്കുകയും പിന്നീട് മുഖത്തെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ കൂടി ഇത് ബാധിക്കുകയും ചെയ്യുന്നു. ഈ വൈറസ് ബാധ ഉണ്ടാകുമ്പോള്‍ മുഖത്ത് അസ്വസ്ഥതയും അതുപോലെ ഞരമ്പുകളില്‍ വീക്കവും സംഭവിക്കുന്നു. ഇത്തരത്തില്‍ ഞരമ്പുകളില്‍ വീക്കം സംഭവിക്കുമ്പോഴാണ് മുഖം തളര്‍ന്ന് പോകുന്നത്.

1907ല്‍ ജെയിംസ് റംസി ഹണ്ട് എന്ന ഫിസിഷ്യനാണ് ഈ അസുഖത്തെക്കുറിച്ച് ആദ്യമായി വിവരിക്കുന്നതും ലോകത്തിന് പരിചയപ്പെടുത്തുന്നതും. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ അസുഖത്തിന് റംസി ഹണ്ട് സിഡ്രം എന്ന പേരും ലഭിച്ചത്. അതുപോലെ തന്നെ ഈ അസുഖത്തിന് മറ്റൊരു പേരും കൂടെയുണ്ട്. അതാണ് ഹെര്‍പ്‌സ് സോസ്റ്റര്‍ ഒറ്റികസ്. ചെവിയില്‍ മാത്രം ഈ വൈറസ് ബാധ കണ്ടുവരുന്നതിനെയാണ് ഹെര്‍പ്‌സ് സോസ്റ്റര്‍ ഒറ്റികസ് എന്ന് വിശേഷിപ്പിക്കുന്നത്. ചെവിയിലും മുഖത്തും ഈ വൈറസ് ബാധ കാണുന്നതിനെ റംസെ ഹണ്ട് സിന്‍ഡ്രോം എന്ന് പറയുന്നു.

വാരിസെല്ല സോസ്റ്റര്‍ വൈറസ് മൂലമാണ് റംസി ഹണ്ട് സിന്‍ഡ്രോം ഉണ്ടാകുന്നത്. ഈ വൈറസ് തന്നെയാണ് ചിക്കന്‍പോക്‌സിനും കാരണമാകുന്നത്. ചെറുപ്പത്തില്‍ ചിക്കന്‍പോക്‌സ് വന്നവരില്‍ ഈ വൈറസ് നിലനില്‍ക്കുകയും പിന്നീട് ഇത് പെരുകുംതോറുമാണ് ഈ റംസി ഹണ്ട് സിന്‍ഡ്രം ഉണ്ടാകുന്നത്. എന്തു കൊണ്ടാണ് ഈ വൈറസ് റിആക്ടീവ് ആകുന്നത് എന്നതിനെക്കുറിച്ച് ഇന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ഈ വൈറസ് ബാധിച്ചാല്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയാണ്.

1.ചെവിയില്‍ നല്ല വേദന അനുഭവപ്പെടുന്നത് ഈ അസുഖത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

2.ചെവിക്കല്ല്, ചെവികനാല്‍, ചെവിയുടെ കീഴ്ഭാഗം, നാവ്, വായയുടെ മുകള്‍ഭാഗം എന്നിവിടങ്ങളിലെല്ലാം നല്ല വേദനയുള്ള തടിപ്പുകള്‍ കാണാം. ഈ വൈറസ് ബാധിച്ചതിന്റെ പാര്‍ശ്യഫലമായാണ് ഇത് രൂപപ്പെടുന്നത്.

3.ഒരുവശത്തെ ചെവിയ്ക്ക് കേള്‍വി കുറവുണ്ടാകുന്നു.

4.ശബ്ദങ്ങള്‍ താങ്ങുവാനുള്ള ശേഷി കുറയുന്നു.

5.മുഖത്തിന്റെ ഒരു വശം തളരുന്നതോടെ ആ ഭാഗത്തെ കണ്ണുകള്‍ അടയ്ക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അതേപോലെ ഭക്ഷണം കഴിക്കുവാനും മുഖത്ത് ഭാവങ്ങള്‍ വരുവാനും ചലനം ഉണ്ടാക്കുവാനുമെല്ലാം ബുദ്ധിമുട്ടായിരിക്കും.

6.ചിലരില്‍ ഛര്‍ദ്ദിയും, രുചി നഷ്ടമാവുകയും, കണ്ണുകള്‍ വരണ്ടുപോകുന്നതുമായും കാണാം.

ഒരുലക്ഷം ആള്‍ക്കാര്‍ എടുത്താല്‍ അതില്‍ അഞ്ച് പേര്‍ക്കെങ്കിലും ഈ റംസി ഹണ്ട് സിന്‍ഡ്രം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും ഇത്തരത്തില്‍ അസുഖം ബാധിക്കുന്നവരേയും കണ്ടെത്തുന്നുണ്ട്. ഈ അസുഖം പ്രധാനമായും കണ്ടു വരുന്നത് മുന്‍പ് ചിക്കന്‍പോക്‌സ് വന്നവരിലാണ്. ഈ അസുഖം സാധാരണയായി ചെറുപ്പക്കാരിലാണ് കണ്ടു വരുന്നത്. വളരെ ചുരുക്കം ചില സാഹചര്യങ്ങളില്‍ മാത്രമാണ് കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലും ഇത് കണ്ടു വരുന്നത്.

റംസി ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ വാരിസെല്ല-സോസ്റ്റര്‍ വൈറസിനുള്ള രക്തപരിശോധന, തലയുടെ എംആര്‍ഐ, ചില ചര്‍മ്മ പരിശോധനകള്‍ എന്നിവയാണ് നടത്തുന്നത്. കാരണം രോഗാവസ്ഥക്ക് കാരണമാകുന്ന വൈറസുകള്‍ പലപ്പോഴും ചിക്കന്‍പോക്‌സിനും ഷിംഗിള്‍സിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ക്ക് വേണ്ടിയുള്ള ടെസ്റ്റ് നടത്തിയാല്‍ രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്നു. കൂടാതെ നട്ടെല്ലിലും ചില പരിശോധനകള്‍ നടത്താറുണ്ട്. പക്ഷേ ഇത് വളരെ അപൂര്‍വ്വമായാണ് ചെയ്യുന്നത്. ഈ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി സെറിബ്രോസ്‌പൈനല്‍ ദ്രാവകം ശേഖരിക്കും (സുഷുംമ്‌നാ ഭാഗത്ത് നിന്നാണ് ഇത് ശേഖരിക്കുക).

സാധാരണ ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നു. കോര്‍ണിയയ്ക്ക് പരിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഐ പാച്ചുകള്‍ ധരിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്രയുമാണ് റംസി ഹണ്ട് സിന്‍ഡ്രോമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Related posts