Nammude Arogyam
Heart Disease

ഒറ്റയ്ക്കുള്ളപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍……….

ആര്‍ക്കും ഏതു നിമിഷത്തിലും വരാവുന്ന രോഗങ്ങളില്‍ ഒന്നാണ് അറ്റാക്ക് എന്നത്. അതായത് ഹൃദയാഘാതം. മരണ കാരണം ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നുവെന്ന് പലപ്പോഴും നാം കേള്‍ക്കാറുമുണ്ട്. പെട്ടെന്ന് സംഭവിയ്ക്കുന്ന മരണങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണിത്. അറ്റാക്ക് വരാന്‍ അടിസ്ഥാനമായ കാര്യങ്ങള്‍ പലതുമുണ്ടാകാം. ഒരാള്‍ക്ക് അറ്റാക്ക് വന്നാല്‍ ഉടന്‍ സിആര്‍പി നല്‍കിയാല്‍ രക്ഷപ്പെടുത്താം. ഇത് നല്‍കി ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടിയാല്‍ മതിയാകും. എന്നാല്‍ സിപിആര്‍ നല്‍കേണ്ടത് വേറെ ആളാണ്. തനിയെ ചെയ്യാന്‍ പറ്റില്ല.

പലരും അറ്റാക്ക് അസ്വസ്ഥതകള്‍ തുടങ്ങുമ്പോള്‍ ഒറ്റയ്ക്കായിപ്പോയെന്ന് വരാം. ഒറ്റയ്ക്കുള്ള ഒരാള്‍ക്ക് പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടാന്‍ സാധിച്ചെന്നും വരില്ല. ഇത്തരം സന്ദര്‍ഭത്തില്‍ സ്വയമേ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അറ്റാക്ക് എന്ന് സംശയം വന്നാല്‍ അവരവര്‍ക്ക് തന്നെ ഉടന്‍ ചെയ്ത് അപകട സാധ്യത കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്ന്. തുടര്‍ച്ചയായി ചുമയ്ക്കുകയെന്നതാണ്. അതും ശക്തിയായി ചുമയ്ക്കുക. ഇതു പോലെ ചെയ്യുമ്പോള്‍ രക്തപ്രവാഹം ഉണ്ടാകാന്‍ സഹായിക്കുന്നുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. കഫ് സിപിആര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഫലപ്രദമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണവ്യക്തതയുമില്ല.

ഇത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ പ്രവര്‍ത്തിയ്ക്കൂ. എന്ന് മാത്രമല്ല, ഹൃദയാഘാതം തീവ്രമാണെങ്കില്‍ ഇത്തരം രീതികള്‍ സഹായം ചെയ്തുവെന്ന് വരികയുമില്ല. മാത്രമല്ല, പലപ്പോഴും രോഗികള്‍ക്ക് ഇത്തരം കഫ് സിപിആര്‍ ചെയ്യാന്‍ സാധിച്ചുവെന്നും വരില്ല. കഫ് സിപിആറില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിയ്ക്കാതെ തല്‍ക്കാലം മാത്രമുള്ള ഒരു പരിഹാരമായി കണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടുകയാണ് വേണ്ടത്.

പടികൾ ചവിട്ടി കയറുമ്പോഴും എന്തെങ്കിലും സാധനങ്ങൾ എടുത്തു ഉയർത്തുമ്പോഴും ഒക്കെ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനകൾ നടത്താം. ശരീരത്തിൽ ഉണ്ടാവുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ എല്ലാം വളരെയധികം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട ഒന്നാണ്. അമിതമായ ക്ഷീണവും അല്ലെങ്കിൽ ശരീരത്തിൽ പെട്ടെന്നുണ്ടാവുന്ന ബലഹീനതകളും ഒക്കെ ചിലപ്പോൾ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.

ഹൃദയത്തിന്റെ ഭാഗത്തുണ്ടാകുന്ന വേദന നിസാരമായിക്കണ്ട് അവഗണിയ്ക്കരുത്. ഇത് ഹൃദയാഘാത ലക്ഷണം കൂടിയാകാം. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണം ശരീരത്തിന്റെ ഇടതുവശത്ത് നിന്ന് പുറപ്പെടുന്ന വേദനയാണ്. ഇത് മിക്കപ്പോഴും നെഞ്ചിൽ നിന്ന് ആരംഭിച്ച് പതിയെ പതിയെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കുന്നതായി അനുഭവപ്പെടും. കൈകളിലാണ് ഇത് കൂടുതലായും അനുഭവപ്പെടാറ്. അതുകൊണ്ട് തന്നെ ഇങ്ങനെ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടണം.

Related posts