Nammude Arogyam
General

ഗർഭിണിയാണോ? ആദ്യ മൂന്നു മാസങ്ങൾ വളരെ പ്രധാനം…

ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങൾ എന്നത് കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടമാണ്. ഈ കാലയളവിലാണ് നിങ്ങളുടെ കുഞ്ഞ് ഏറ്റവും കൂടുതൽ വളർച്ചയിലൂടെ കടന്നുപോകുന്നതും. ബീജസങ്കലനം നടന്ന കോശത്തിൽ നിന്ന്, നിങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങളും ശരീരഭാഗങ്ങളും വളരുന്നത് ഈ ചെറിയ കാലയളവിനുള്ളിലാണ്. പ്രധാന അവയവങ്ങളും തലച്ചോറും രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോൾ കുഞ്ഞ് ഒരു ആപ്പിളിന്റെ വലിപ്പം മാത്രമേ ആകുന്നുള്ളൂവെങ്കിലും, അടിസ്ഥാന ജാതികഘടനയും, നാഡീവ്യൂഹവും പ്രധാന അവയവങ്ങളും കുഞ്ഞിന് ഈ സമയത്ത് രൂപപ്പെട്ടിട്ടുണ്ടാകും. കൂടാതെ, കൈകാലുകൾ, ഹൃദയമിടിപ്പ്, വിരലുകൾ, മുടി, കാൽപ്പാദം എന്നിവയും ഉണ്ടാകുന്നതാണ്.

ആദ്യത്തെ മാസം, രക്താണുക്കൾ രൂപപ്പെടുന്നു. ഒപ്പം, ആമാശയം, ഹൃദയം, ചെവികൾ, കണ്ണുകൾ, രക്തചംക്രമണ വ്യൂഹം എന്നിവയും രൂപപ്പെടുന്നു.

രണ്ടാം മാസത്തിൽ, നാഡീവ്യൂഹം, മൂത്രനാളി, രക്തചംക്രമണ വ്യൂഹം, ആമാശയം എന്നിവ കൂടുതൽ വളരുകയും, ഭ്രൂണം മനുഷ്യരൂപത്തിലേക്ക് എത്തുകയും ചെയ്യുന്നു. കുഞ്ഞ് ചലിക്കുവാൻ തുടങ്ങുകയും, ഹൃദയമിടിപ്പ് കേൾക്കുവാനും തുടങ്ങുന്നു. എന്നാൽ, അമ്മയ്ക്ക് ഈ ഘട്ടത്തിൽ അവയൊന്നും അനുഭവപ്പെടുകയില്ല.

മൂന്നാം മാസത്തിൽ, പുറമെയുള്ള ജനനേന്ദ്രിയങ്ങൾ രൂപപ്പെടുന്നു. കൂടാതെ, വിരലുകളിലെ നഖങ്ങൾ, കാലുകളിലെ നഖങ്ങൾ, കൺപോളകൾ എന്നിവ വളരുന്നു.

ഒരുപാട് വേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, നിങ്ങളുടെ ശരീരം, കുഞ്ഞിന്റെ ആരോഗ്യപ്രദമായ വളർച്ചയ്ക്ക് ആവശ്യമായ പോഷിപ്പിക്കുന്നതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടതാണ്. പോഷകങ്ങളുടെ അഭാവവും രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ശാരീരികവും മാനസികവുമായ വളർച്ചയെ മുരടിപ്പിക്കുകയും, ഗർഭം അലസിപ്പോകുവാൻ വരെ ഇടയാക്കുകയും ചെയ്യും. ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കായി ആദ്യ മൂന്ന്‌ മാസങ്ങളിൽ നിങ്ങൾ കൂടുതൽ കരുതലും ശ്രദ്ധയും പുലർത്തേണ്ടതാണ്.

 • ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ, കഴിവതും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക. അപകടകരമായ നിറങ്ങളും ചേരുവകളും അടങ്ങിയിട്ടുണ്ടാവാൻ സാധ്യത ഉള്ളതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.
 • ഫോളിക്ക് ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയ സപ്ലെമെന്റുകൾ കഴിക്കുക. എന്നാൽ ഇത് നിങ്ങൾ കാണുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.
 • ഗർഭിണികൾക്ക് ഈ സമയത്ത് ഛർദ്ദി കൂടുതൽ ആയിരിക്കും. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാൽ, ഒറ്റയടിക്ക് ഒരുപാട് കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക.
 • സന്തുലിതമായ ആഹാരക്രമം പിന്തുടരുക. കലോറി അകത്താക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല.
 • പരമാവധി സമയം ഉറങ്ങുവാൻ ശ്രമിക്കുക. കാരണം, നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തിന്റെ ഓജസ്സും ഉന്മേഷവും നിലനിർത്തുന്നു.
 • ഒരുപാട് ആയാസമുള്ള കാര്യങ്ങൾ ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ സമ്മതം ചോദിക്കുക. വ്യായാമം ചെയ്യുവാൻ നിങ്ങൾക്ക് അനുവാദമില്ലെങ്കിൽ, പതുക്കെ നടക്കുന്നതും ശരീരത്തിന് നല്ലതാണ്.

ആദ്യത്തെ മൂന്ന് മാസക്കാലം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

 • ആദ്യത്തെ മൂന്ന് മാസക്കാലം ഭ്രൂണം വളരെ ലോലമായതിനാൽ, ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വളരെയേറെയാണ്. പ്രധാന അവയവങ്ങൾ എല്ലാം വളരുന്നത് ഈ ഘട്ടത്തിൽ ആയതിനാൽ, വിഷമയമായ രാസപദാർഥങ്ങൾ, മരുന്നുകൾ, സിഗരറ്റിന്റെ പുക, മദ്യം, റേഡിയേഷൻ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഭ്രൂണത്തിന് നാശം സംഭവിക്കാൻ വരെ കാരണമായേക്കാം.
 • പുകവലിക്കുകയോ, പുകയില ചവയ്ക്കുകയോ, മദ്യപിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
 • മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലോ പുകവലിക്കുന്നവരുടെ അടുത്തോ നിൽക്കുവാൻ പാടുള്ളതല്ല.
 • കീടനാശിനികൾ, രാസവളങ്ങൾ എന്നിവ കൈകാര്യം ചെയ്യരുത്.
 • പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രം ഈ സമയത്ത് ഉപയോഗിക്കുക

Related posts