Nammude Arogyam
വെക്കേഷൻ മോഡ് ഓൺ ; ഇനിയാകാം സൂപ്പർ മോം.... Switching to vacation mode: time to be the super mom!
General

വെക്കേഷൻ മോഡ് ഓൺ ; ഇനിയാകാം സൂപ്പർ മോം…. Switching to vacation mode: time to be the super mom!

വെക്കേഷൻ മോഡ് ഓൺ ; ഇനിയാകാം സൂപ്പർ മോം…. Switching to vacation mode: time to be the super mom!

വെക്കേഷൻ ആയി കഴിഞ്ഞാൽ അമ്മമാർ പിറുപിറുക്കുന്നതും ആക്രോശിക്കുന്നതുമെല്ലാം ഒരു സ്ഥിരം കാഴ്ചയാണ്. സ്കൂൾ ഉള്ളത് തന്നെ ആശ്വാസം.. എന്ന നെടുവീർപ്പും കാണാം. പറ‌‍ഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ വടി, അടി…. സത്യത്തിൽ ഇവിടെ പ്രശ്നമെന്താണെന്നു അറിയാമോ? നിങ്ങൾക്ക് ഒരു ‘കുട്ടി’ മനസ്സില്ല. കുട്ടിത്തം വിടാത്ത മനസ്സുണ്ടെങ്കിലേ മക്കളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനാവൂ. അവരെ ശരിയായി മനസ്സിലാക്കാൻ കഴിയൂ. നിങ്ങൾക്കു മുന്നിൽ അവരുടെ മഴവില്ലും കളിവീടുമെല്ലാമുള്ള ലോകം തുറന്നുവയ്ക്കണമെങ്കിൽ കുട്ടികളെ സദാ ശാസിച്ചുകൊണ്ടിരിക്കുന്ന ഈ സ്വഭാവം അങ്ങു മാറ്റിവച്ചു ഒരു സൂപ്പർ മോം ആകാം.

വീട്ടിൽ വെറുതെ വഴക്കുണ്ടാക്കുന്ന കുട്ടികളുടെ പ്രധാന പ്രശ്നം അവർക്കു കൂടെക്കളിക്കാൻ സമപ്രായക്കാരില്ലാത്തതാകും. ഈ പ്രശ്നം പരിഹരിക്കാൻ വൈകുന്നേരം മക്കളെയും കൂട്ടി നടക്കാനിറങ്ങുക. അയൽക്കാരെ സ്വയം പരിചയപ്പെടുത്തിയും കുശലം പറഞ്ഞും കുറച്ചു കൂട്ടുകാരെ ഉണ്ടാക്കാം, കുശലം പറയാം. എന്തു ചെയ്യാനാണ് കുട്ടി ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് ശ്രദ്ധിക്കൂ….

ചപ്പാത്തിക്കു മാവ് കുഴയ്ക്കുമ്പോൾ അതിൽ നിന്ന് അൽപം എടുത്ത് കുഞ്ഞിക്കൈകളും ചപ്പാത്തി പരത്താറില്ലേ? അമ്മ ചെയ്യുന്ന ഒരു വലിയ കാര്യം ചെയ്യാൻ അവസരം കിട്ടുന്നത് അവർക്ക് വല്യ ഗമയുള്ള കാര്യമാണത്. കുട്ടികളുടെ പാചക പരീക്ഷണങ്ങൾക്കായി അൽപസമയം വിട്ടു കൊടുത്തോളൂ. മുതിർന്ന കുട്ടികളാണെങ്കിൽ അവർ തന്നെ മെനു തീരുമാനിക്കട്ടെ. മെനു അനുസരിച്ച് വേണ്ട സാധനങ്ങൾ വാങ്ങാനും മക്കളെ കൂട്ടാം. ചേരുവകളുടെ പേരുകളും മറ്റും പഠിച്ചിരിക്കട്ടെ. ഒരുമിച്ച് പാചകം ചെയ്യുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതുമെല്ലാം ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും.

സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും പെൺകുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. ഒരു ദിവസം വൈകിട്ട് കുളിക്കുന്നതിനു മുമ്പുള്ള സമയം ഈ ‘കുട്ടി’ ബ്യൂട്ടീഷ്യനു മുന്നിൽ ഇരുന്നു കൊടുക്കുക. പൊട്ടു കുത്തിയും പൗഡറണിയിച്ചും അവസാനം കണ്ണാടി നോക്കുമ്പോൾ നിങ്ങൾക്ക് എല്ലാം ടെൻഷനും മറന്ന് പൊട്ടിച്ചിരിക്കാനാകും. മക്കൾക്കും ചെയ്തു നൽകാം. ചില ബ്യൂട്ടി ട്രീറ്റ്മെന്റ്സ്. നഖം വെട്ടി നെയിൽ പോളിഷ് അണിയിക്കാം. തല ഓയിൽ മസാജ് ചെയ്തു ഷാംപൂ ചെയ്യാം.

ഇന്നു സുന്ദരിക്കുട്ടിയുടെ ഫോട്ടോ ഷൂട്ട് ഡേ ആണ് എന്നു പറഞ്ഞ് കുട്ടിയുമായി ചുറ്റാനിറങ്ങാം. സെൽ ഫോണിൽ കുട്ടിയുടെ വിവിധ വേഷങ്ങളിൽ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ എടുക്കാം. ചെറിയ ക്യാമറ കയ്യിൽ കൊടുത്ത് കുട്ടിയെ ക്കൊണ്ട് അമ്മയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ചിത്രമെടുപ്പിക്കാം. കുട്ടിക്ക് ഇഷ്ടപ്പെട്ട പട്ടിക്കുട്ടിയുടെയും കോഴിക്കുഞ്ഞുങ്ങളുടെയുമെല്ലാം ചിത്രങ്ങൾ ഇഷ്ടം പോലെ എടുക്കട്ടെ. പിന്നെ ഫോട്ടോഷൂട്ട് ദിനത്തിന്റെ ഓർമയ്ക്കായി അവയിൽ മികച്ചത് ഫ്രെയിം ചെയ്തു വയ്ക്കാം.

ഓട്ടവും ചാട്ടവും മാത്രം പോരല്ലോ, ബുദ്ധിക്കും വേണ്ടേ ഉണർവ്. ചെസ്, കാരംബോർഡ് പോലുള്ള കളികൾക്കായി ചില വൈകുന്നേരങ്ങളെ മാറ്റാമല്ലോ. ഈ സമയം കുട്ടിക്കാലത്ത് നിങ്ങൾ കളിച്ചിരുന്ന നിരയും ഈർക്കിൽ കൊണ്ടുള്ള കളികളുമെല്ലാം പറഞ്ഞു കൊടുക്കാൻ മറക്കേണ്ട. ഇത്തരം കളികളിൽ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. ഓരോ ദിവസവും ഓരോ കളികൾ. കുട്ടികൾ ത്രിൽ അടിക്കുമെന്നുറപ്പ്.

ചിത്രരചനയിൽ താൽപര്യമുള്ള കുട്ടിക്ക് കാൻവാസ് വാങ്ങി നൽകാം. പാട്ടു പാടാനാണ് ഇഷ്ടമെങ്കിൽ പുത്തൻ പാട്ടുകൾ പഠിപ്പിച്ചു കൊടുക്കാം. ഇഷ്ടങ്ങൾ എന്തൊക്കെ ആയാലും കൈയടി നേടുന്നത് കുട്ടികൾക്ക് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. അംഗീകരിക്കപ്പെടുന്നത് ആത്മവിശ്വാസം വളർത്തും. സഭാകമ്പവും മാറും.

സ്കൂളുകളിൽ സ്പോർട്സ് ഡേ ഉള്ളതുപോലെ വീട്ടിലും ഇടയ്ക്കൊരു കായിക ദിനം. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം കായിക ഇനങ്ങൾ തീരുമാനിക്കുക. സ്പോർ‌ട്സ് ഡേ പരിപാടികൾ സൂപ്പറാക്കാം. വിജയികൾക്കു ചെറിയ സമ്മാനങ്ങളും കരുതണം. ഇതിന്റെ തുടർച്ച പോലെ എല്ലാ ദിവസവും കുട്ടികളെയും കൂട്ടി ലഘുവ്യായാമം ചെയ്യുന്നതും ശീലമാക്കാം. ചെറുപ്പത്തിലേ പഠിക്കട്ടെ, വ്യായാമത്തിന്റെ ആവശ്യകത.

ഡിജിറ്റൽ ഗെയിമുകളോടാണ് കുട്ടകൾക്കെല്ലാം കമ്പം. അറിവ് നേടാനും ഏകാഗ്രത വർധിപ്പിക്കാനും വായനയെക്കാൾ നന്നായി മറ്റൊന്നില്ല. വീട്ടിൽ ഒരു ബുക്ക്ക്ലബ് തുടങ്ങിയാൽ അടു ത്തുള്ള കുട്ടികൾക്കു കൂടി ഉപകാരമാകും. കഥകൾ വായിച്ചു നൽകിയും പുസ്തകത്തിലെ ഒരു ഭാഗം നാടകമാക്കി അവതരിപ്പിച്ചും കുട്ടികളുടെ താത്പര്യം കൂട്ടാം. ആഴ്ചയിൽ ഒരു ദിവസം ബുക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാം.

ബാങ്കിൽ പോകുമ്പോഴും കറന്റ് ബിൽ അടയ്ക്കാൻ പോകുമ്പോഴുമെല്ലാം മക്കളെ കൂടെ കൂട്ടിയാൽ ഓഫിസുകളും അവയുടെ പ്രവർത്തന രീതിയും കണ്ടു പഠിക്കാൻ അവർക്കും അവസരമാകും. നാട്ടിൽ തന്നെ കുട്ടികളെയും കൂട്ടി ഒന്നു ചുറ്റാനിറങ്ങിയാൽ ഇതു വരെ കാണാതിരുന്ന പല കാഴ്ചകളും കാണാൻ കഴിയും. കുട്ടിക്ക് നാടിനെക്കുറിച്ചുള്ള ഇഷ്ടവും കൂടും. വഴിക്കു കഴിക്കാനുള്ള ഭക്ഷണം ഒരുക്കാനും കുട്ടികളെ കൂട്ടാം.

അടുക്കും ചിട്ടയും എന്നത് ശീലമല്ല, സ്വഭാവമാണ്. സ്വന്തം മുറി അടുക്കും ചിട്ടയുമായി സൂക്ഷിച്ചും ചുറ്റുപാടുകൾ വൃത്തിയാക്കിയുമാണ് ചെറുപ്പം മുതൽ ഈ സ്വഭാവം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. വീട്ടിൽ വിശേഷാവസരങ്ങളുള്ളപ്പോൾ വൃത്തിയാക്കലിന്റെ ചുമതല കുട്ടികൾക്കു നൽകാം.

കറാഫ്റ്റിംഗ് , സ്കൂളിലെ ഫ്രണ്ട്സിനും കസിൻസിനുമെല്ലാം ചെറിയ പാവകൾ, ബൊക്കെ, മാല, ആശംസ കാർഡുകൾ എല്ലാം ഉണ്ടാക്കി നൽകാൻ കുഞ്ഞുങ്ങളെ സഹായിക്കാം. അനിയത്തിയുടെ വക ചേട്ടനൊരു സർപ്രൈസ് സമ്മാനം കൊടുപ്പിക്കാം. അതുപോലെ തിരിച്ചും. ഗിഫ്റ്റ് വാങ്ങുന്നതും ഒളിപ്പിച്ചു വയ്ക്കുന്നതും കുസൃതിയുമെല്ലാം കുട്ടികൾ എൻജോയ് ചെയ്യും. സർപ്രൈസ് സമ്മാനം തന്നെ ആകണമെന്നില്ല. ഒരു യാത്രയോ, പാർട്ടിയോ ആവാം. കുടുംബാംഗങ്ങളുടെയെല്ലാം ജീവിതത്തിലെ ചെറിയ സന്തോഷത്തിൽ പോലും പങ്കുചേരാൻ സർപ്രൈസുകൾ നൽകിയാൽ ചെറിയ സന്തോഷങ്ങൾ വലിയ ആഘോഷമായി മാറും.

Related posts