പല തരത്തിലുള്ള അർബുദത്തെക്കുറിച്ചും നമ്മൾ കേട്ടിട്ട് ഉണ്ടെങ്കിലും, ഇർഫാൻ ഖാൻ്റെ മരണത്തിന് ശേഷമാണ് നമ്മളിൽ പലരും ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ’ എന്ന രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞ് തുടങ്ങിയത് തന്നെ. അന്ന് മുതൽ പലരും അന്വേഷിച്ച് കൊണ്ടിരിക്കുന്ന രോഗമാണിത്. ഇർഫാൻ ഖാനെ ബാധിച്ച രോഗമെന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യയിൽ ഈ രോഗം അറിയപ്പെടുന്നത്. അറിയാം ഈ രോഗത്തെക്കുറിച്ച് കൂടുതൽ.
ശരീരത്തിലെ നാഡീ ഞരമ്പുകളും ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥികളും ഉൾപ്പെടുന്ന വ്യവസ്ഥയിലെ പ്രത്യേകതരം കോശങ്ങളെ ബാധിക്കുന്ന രോഗമാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ (NET). ഇവയിൽ മിക്കവയും കാൻസർ മുഴകളായിരിക്കും. ലക്ഷത്തിൽ രണ്ടു പേർക്ക് വരാവുന്ന രോഗമാണിത്.
കോശങ്ങളിലെ ജനിതകഘടനയ്ക്ക് (DNA) തകരാറുകൾ സംഭവിക്കുമ്പോഴാണ് മുഴകൾ വരിക. ശരീരത്തിൻ്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇത്തരത്തിലുള്ള ന്യൂറോ എൻഡോക്രൈൻ മുഴകൾ വരാം.എന്നിരുന്നാലും ശ്വാസകോശം, അപ്പൻഡിക്സ്, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവിടങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്.
കാൻസർ മുഴകളാണെങ്കിലും ചിലയിനങ്ങൾ സാവധാനം മാത്രമായിരിക്കും വലുപ്പം വയ്ക്കുക.എന്നാൽ വളരെ പെട്ടെന്നു വളർന്നു ദേഹമാസകലം വ്യാപിച്ചു മാരകമാകുന്ന മുഴകളും ഇക്കൂട്ടത്തിലുണ്ട്. എവിടെയാണ് അല്ലെങ്കിൽ ഏതുതരം കോശങ്ങളിലാണ് രോഗം വരുന്നത് എന്നത് അനുസരിച്ചായിരിക്കും രോഗലക്ഷണങ്ങൾ.
ശ്വാസകോശത്തിൽ കൂടുതൽ
ഇത്തരത്തിലുള്ള മുഴകളിൽ 30 ശതമാനവും ശ്വാസകോശത്തിലാണുണ്ടാവുക. ചെറുകുടൽ-19%, വൻകുടൽ-20%, അപ്പൻഡിക്സ്-4 %, പാൻക്രിയാസ്-7% എന്നിങ്ങനെ പോകുന്നു കണക്കുകൾ.എന്നാൽ ഏതാണ്ടു 15 ശതമാനത്തോളം രോഗികളിലാകട്ടെ ഉദ്ഭവസ്ഥാനം കണ്ടെത്താൻ സാധിക്കാതെയും വരുന്നു.
ലക്ഷണങ്ങൾ കുറവ്
ഇത്തരം മുഴകൾ എല്ലായ്പ്പോഴും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. മുഴയുടെ വലുപ്പവും സ്ഥാനവും അനുസരിച്ചാവും ലക്ഷണങ്ങൾ.ഹോർമോണുകൾ പുറപ്പെടുവിക്കുന്നവയാണോ എന്നതനുസരിച്ച് ലക്ഷണങ്ങൾ മാറിമറിയും. പൊതുവെ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്:
1. വളരുന്ന മുകളിൽ നിന്നുമുള്ള വേദന
2.ചർമത്തിനു നേരെ അടിയിലാണെങ്കിൽ കണ്ടും സ്പർശിച്ചും മനസ്സിലാക്കാം.
3. കടുത്ത ക്ഷീണം, വിശപ്പില്ലായ്മ
4. അകാരണമായി മെലിയുക.
5. ചുമ, മഞ്ഞപ്പിത്തം, രക്തസ്രാവം
ഹോർമോൺ മുകളിൽ
പല ന്യൂറോ എൻഡോക്രൈൻ മുഴകളും ഹോർമോണുകൾ പുറപ്പെടുവിക്കുന്നവയായിരിക്കും. അങ്ങനെയെങ്കിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടെന്നിരിക്കും.
1.വിയർപ്പില്ലാതെയുള്ള മുഖം ചുവക്കൽ (skin flushing), രക്തത്തുടിപ്പ്
2.വയറിളക്കം.
3.വിട്ടുവിട്ടു മൂത്രമൊഴിക്കൽ
4. ചർമത്തിൽ കുരുക്കൾ (rashes)
5.രക്തത്തിലെ പഞ്ചസാര നിലയിലെ ഏറ്റക്കുറച്ചിലുകൾ
6. വയറ്റിൽ അൾസർ
7. ചിന്താക്കുഴപ്പം, ഉത്കണ്ഠ
8.കൂടിയ നെഞ്ചിടിപ്പ്.
ഈ ലക്ഷണങ്ങളെല്ലാം എല്ലായ്പോഴും കാണണമെന്നുമില്ല.
ആർക്ക് എന്ത്കൊണ്ടു വരുന്നു എന്ന് വ്യക്തമല്ല. സ്ത്രീകളിലാണ് രോഗം അൽപം കൂടുതൽ. അതിൻ്റെ കാരണവും വൃക്തമല്ല. കുട്ടികളിൽ രോഗം സാധാരണമല്ല. ഉദരരോഗമുള്ളവരിൽ രോഗ സാധ്യത കൂടുതലാണ്. പരിസ്ഥിതി ഘടകങ്ങളോ ഭക്ഷണത്തിനോ ഈ രോഗവുമായി ഏതെങ്കിലും ബന്ധമുള്ളതായി ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ന്യൂറോ എൻഡോക്രൈൻ മുഴകൾ കണ്ടുപിടിക്കപ്പെടുന്നത് യാദൃശ്ചികമായിട്ടായിരിക്കും. ഈ രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത വേറെ ഏതെങ്കിലും ആവശ്യത്തിനായി എക്സ്-റേയോ മറ്റു പരിശോധനകളോ നടത്തുമ്പോഴായിരിക്കാമിത്. ബയോപ്സി, എക്സ്റേ, സിടി, എംആർഐ, രക്ത-മൂത്ര പരിശോധനകൾ മുതലായവ രോഗ നിർണയത്തിനായി ഉപയോഗിച്ചു വരുന്നു. പല അതിനൂതന ടെസ്റ്റുകളും ഇപ്പോൾ ലഭ്യമാണ്.
ചികിത്സ
മുഴകൾ മുഴുവനായോ ഭാഗികമായോ ശസ്ത്രക്രിയയിലൂടെ നീക്കുകയാണ് പ്രധാന ചികിത്സ. കീമോതെറാപ്പി, റേഡിയേഷൻ, കാൻസർ കോശങ്ങളെ മാത്രമായി നശിപ്പിക്കുന്ന മറ്റു രീതികൾ എന്നിവ നിലവിലുണ്ട്. രോഗം ക്രമാതീതമായി വ്യാപിച്ചു കഴിഞ്ഞാൽ ചികിത്സ ഫലപ്രദമാകില്ല.
ഏതൊരു ഗൗരവമുള്ള രോഗവും പോലെ മനുഷ്യന്റെ നിസ്സഹായതയും പരിശ്രമങ്ങളും ന്യൂറോഎൻഡോക്രൈൻ ട്യൂമർ ചികിത്സയിലും ഏറെയുണ്ട്. ചികിത്സയിലെ നൂതനഗവേഷണങ്ങൾ കാൻസർ രംഗത്ത് നമുക്ക് പ്രത്യാശ നൽകുന്ന ഒന്നാണ്. അതെ, മറ്റനേകം രോഗങ്ങളെ പിടിച്ചുകെട്ടിയ പോലെ ഒരുനാൾ ന്യൂറോഎൻഡോക്രൈൻ ട്യൂമറുകളും മനുഷ്യന്റെ അധ്വാനത്തിന് മുന്നിൽ കീഴടങ്ങും. അന്നും ഈ രോഗം നമ്മിൽ നിന്നും അകറ്റിയ ഇർഫാൻഖാൻ എന്ന മഹാപ്രതിഭയെ നാം നെഞ്ചിൽ ചേർത്ത് വെക്കുന്നുണ്ടാകും.