രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാർക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ദിവസത്തിന് മികച്ച തുടക്കം സമ്മിനിക്കാൻ ഇതിനപ്പുറം നല്ലൊരു വഴിയുണ്ടാകില്ല. പ്രഭാതനടത്തം നല്ലതാണെന്ന് പറയുന്നതിന്റെ കാരണങ്ങളറിഞ്ഞാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനുള്ള മടിയൊക്കം ഇനി മാറും.
► ശരീരഭാരം കുറയ്ക്കണം, കുടവയറിൽ നിന്നൊരു മോചനം വേണം എന്നെല്ലാം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വ്യായാമമാണ് പ്രഭാത നടത്തം. ഉറക്കത്തിൽ നിന്നുണർന്ന് വിശ്രമം അവസാനിപ്പിച്ചുകൊണ്ട് രാവിലെ നടക്കാനിറങ്ങുമ്പോൾ അത് ചയാപചയ സംവിധാനത്തെയും ഉണർത്തും. കൂടുതൽ വേഹഹത്തിൽ കലോറി കത്തിക്കാൻ ഇതുവഴി ശരീരത്തിനാകും. മിതമായ വേഗത്തിൽ അര മണിക്കൂറെങ്കിലും നടന്നാൽ പോലും 150 കലോറി വരെ കത്തിച്ചുകളയാൻ കഴിയും.
► രാവിലെ കട്ടിലിൻ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ ശരീരം പണി ആരംഭിക്കും. രക്തസമ്മർദവും ഹൃദയമിടിപ്പും ഉയരാനും എൻഡോക്രൈൻ ഗ്രന്ഥികൾ കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാനും തുടങ്ങും. പ്രഭാത നടത്തം ഹൃദയമിടിപ്പും രക്തസമ്മർദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
► രോഗങ്ങളൊന്നും അലട്ടാതെ ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. രാവിലെയുള്ള നടത്തം ശരീരത്തിൻറെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഊർജവും കരുത്തും ഫ്ളെക്സിബിലിറ്റിയും വർധിപ്പിക്കാൻ സഹായിക്കുന്നതുമാണ്.
► ദിവസവുമുള്ള നടത്തവും പോഷക സമ്പുഷ്ടമായ ഭക്ഷണവും എല്ലുകളെ ശക്തിപ്പെടുത്തും. 50 വയസ്സ് പിന്നിട്ടവർക്ക് എല്ലുകൾ നശിക്കുന്നതിൻറെ നിരക്ക് വർധിക്കുന്നതുമൂലം ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളുണ്ടാകും. ഇത്തരം അവസ്ഥകൾ വൈകിപ്പിക്കാനും ദീർഘകാലം ആരുടെയും സഹായമില്ലാതെ നടക്കാനുമൊക്കെ ആഗ്രഹിക്കുന്നവർ ഇനി ദിവസവും രാവിലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങണം.
► ശരീരത്തിന് മാത്രമല്ല മനസ്സിനും നടത്തം നല്ലതാണ്. ഇളം വെയ്ലൊക്കെ ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് നടക്കുമ്പോൾ മനസ്സിനെ തളർത്തുന്ന സമ്മർദം, ഉത്കണ്ഠ എന്നിവയെയൊക്കെ കുറയ്ക്കാൻ സാധിക്കും. സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിച്ച് മൂഡ് മെച്ചപ്പെടുത്താൻ നടത്തം സഹായിക്കും.