Nammude Arogyam
General

സ്വയം ചികിത്സ ആരോഗ്യത്തിന് ഹാനികരം

അതെയ് നോക്കൂ…മോൻക്ക് ചെറിയ പനിയുണ്ട്.

ചെറിയ പനിയല്ലേ ഉള്ളൂ, നീയാ പാരസെറ്റാമോളിൻ്റെ ഗുളികയൊന്ന് കൊടുത്ത് നോക്ക്. പിന്നെ കുറച്ച് ചുക്ക് കാപ്പിയും കൂടി ഉണ്ടാക്കി കൊടുക്ക് അതിൻ്റെ കൂടെ , പനി മാറിക്കോളും. ഈ കൊറോണക്കാലത്ത് ചെറിയ പനി വരുമ്പോഴേക്കും ഹോസ്പിറ്റലിൽ പോയാൽ ശരിയാവില്ല, അത് പിന്നെ വേറെ വയ്യാവേലിയാവും.

ഇത്തരം ചിന്താഗതിക്കാർ ഒരുപാട് പേരുണ്ട് നമുക്കിടയിൽ. കൊറോണക്കാലമല്ല, മറ്റേത് കാലമായാലും അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകാതെ സ്വയം ചികിത്സ നടത്തുന്ന ഒരുപാട് പേരുണ്ട്. മറ്റുള്ളവരുടെ ഉപദേശം സ്വീകരിച്ചോ അല്ലെങ്കിൽ ഇൻ്റർനെറ്റിൽ (പുതുതലമുറയിൽ ഇപ്പോൾ എന്തിനും, ഏതിനും ഇൻ്റർനെറ്റാണല്ലോ) നിന്ന് പരിഹാരം നോക്കിയോ ആണ് ഇത്തരക്കാർ സ്വയം ചികിത്സ നിശ്ചയിക്കുന്നത്.

ഒരു പക്ഷെ പകർച്ചവ്യാധികൾ പകരാം എന്ന ഉൾഭയം കാരണമാകാം അസുഖം വരുമ്പോഴുള്ള ഹോസ്പിറ്റൽ സന്ദർശനം ഇവർ ഒഴിവാക്കുന്നത്. അല്ലെങ്കിൽ സമയലാഭമാകാം മറ്റൊരു കാരണം. ചിലപ്പോൾ മറ്റെന്തെങ്കിലും കാരണങ്ങളാകാം. കാരണങ്ങൾ എന്ത് തന്നെയായാലും സ്വയം ചികിത്സ എന്ന ശീലം അത്ര നല്ലതല്ല.

ഇൻറർനെറ്റിലും മറ്റും വായിച്ചതും, മറ്റുള്ളവരിൽ നിന്നും പറഞ്ഞതും കേട്ടതുമായ മരുന്നുകൾ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കുമ്പോഴെല്ലാം ഇത് നമുക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യം ആരും ചിന്തിച്ചിട്ടുണ്ടാവില്ല. പലപ്പോഴും രോഗങ്ങൾക്കെതിരെ ഫലം നൽകാമെങ്കിലും, മിക്കപ്പോഴുമിത് നമ്മുടെ ആരോഗ്യ വ്യവസ്ഥയെ ഏതെങ്കിലും രീതിയിൽ വഷളാക്കുന്നുണ്ടോ എന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

സ്വയം ചികിത്സയ്ക്കായി നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ പലതും ആരോഗ്യത്തിന് ദോഷകരമല്ല എന്നത് വാസ്തവം തന്നെ. ഉദാഹരണത്തിന് ദഹനത്തെ ശാന്തമാക്കാനായി ഒരു കപ്പ് ഹെർബൽ ചായ കഴിക്കുന്നതോ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ഒരു തലവേദന ശമിപ്പിക്കാനായി ചെറിയ രീതിയിൽ വേദനസംഹാരി ഗുളികകൾ കഴിക്കുകയോ ചെയ്യുന്നതൊന്നും നിങ്ങൾക്ക് വലിയ രീതിയിൽ ദോഷം വരുത്തുന്നതല്ല. എന്നാൽ ഇത്തരം മരുന്നുകൾ തുടർച്ചയായി കഴിക്കുന്നത് മൂലമോ അല്ലെങ്കിൽ ഉചിതമായ അളവിൽ മാറ്റം വരുമ്പോഴോ എല്ലാം തന്നെ ഇതൊരു പ്രശ്നമായി പരിണമിച്ചേക്കാം. മരുന്നുകളുടെ അമിതമായ ഉപയോഗം, അത് തലവേദനയ്ക്കുള്ള ലളിതമായ വേദന സംഹാരികൾ ആണെങ്കിൽ പോലും ദീർഘകാലത്തിൽ ഗുരുതരമായ പാർശ്വഫലങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്.

പലപ്പോഴും ഒരു ഫാർമസിസ്റ്റിന്റെ ഉപദേശത്തെ മാത്രം മാനിച്ചുകൊണ്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്നും ഒരു സാധാരണക്കാരൻ പല മരുന്നുകൾ ചോദിച്ചു വാങ്ങി ഉപയോഗിക്കുന്നു. രോഗാവസ്ഥയുടെ തീവ്രതയോ അല്ലെങ്കിൽ കഴിക്കുന്ന മരുന്നുകളുടെ യഥാർത്ഥ ആവശ്യകതയോ മനസ്സിലാക്കാതെയാണ് പലരും ഇത് ചെയ്യുന്നതെന്നോർക്കണം. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകൾ കഴിച്ച് അസുഖത്തിന് കുറവുണ്ടാകുകയാണെങ്കിൽ വീണ്ടുമൊരു അവസരത്തിൽ ഉപയോഗിക്കാനായി നമ്മൾ അവശേഷിക്കുന്ന മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് ആവശ്യാനുസരണം സ്വയം ചികിത്സക്കായി വീണ്ടുമിത് ഉപയോഗിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇവയുടെ ഇത്തരത്തിലുള്ള ഉപയോഗം നമ്മുടെ ശാരീരിക സ്ഥിതിക്ക് അനുയോജ്യമാണോ എന്നുള്ള കാര്യം ഒരിക്കലും നമ്മൾ ചിന്തിക്കാറില്ല.

മിക്ക സാഹചര്യങ്ങളിലും സ്വയം ചികിത്സരീതി ഒരു രോഗത്തിൻ്റെ ലക്ഷണങ്ങളെ വേഗത്തിൽ കുറയ്ക്കുകയും അതിനു പിന്നിലെ പ്രധാന പ്രശ്നത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. അതിനാൽ, രോഗി വൈദ്യസഹായം തേടുമ്പോഴേക്കും ഈ രോഗത്തെ പ്രതിരോധിച്ചു നിർത്താൻ കഴിയാത്ത ഘട്ടത്തിലെത്തിയിരിക്കും. ശക്തമായ ആൻറിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നമ്മെ ഇത്തരം അവസ്ഥകളിലേക്ക് എളുപ്പത്തിൽ കൊണ്ടെത്തിക്കും.

മരുന്നുകളുടെ യഥാർത്ഥ ഉപയോഗമോ നമ്മുടെ ആരോഗ്യസ്ഥിതിക്ക് ഇവ അനുയോജ്യമാണോ എന്നൊന്നും അന്വേഷിക്കാതെ തന്നെ പല സന്ദർഭങ്ങളിലും, നമ്മൾ കഴിക്കുന്ന മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്വയം ചികിത്സയുടെ ഫലമായി പലർക്കും അലർജി പ്രതികരണങ്ങൾ ഉണ്ടാകുന്നത് പ്രധാന പ്രശ്നമാണ്.

സ്വയം തിരഞ്ഞെടുക്കുന്ന മരുന്നുകൾ പലപ്പോഴും മറ്റ് മരുന്നുകളോടുള്ള പ്രതിരോധം വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, ഒരു സാധാരണ ചുമയ്ക്ക് സ്വയമേ ആൻറിബയോട്ടിക്കുകൾ കഴിക്കുന്ന ഒരു രോഗിക്ക് അവർ സാധാരണ കഴിക്കുന്ന മറ്റു മരുന്നുകളുമായി പ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. ആൻറിബയോട്ടിക്കുകൾ ചുമയെ അടിച്ചമർത്തുമെങ്കിലും, അത് വ്യക്തിയുടെ ശരീരസ്ഥിതിയെ ബാധിക്കുന്നു. ഒരു ഗുരുതരമായ രോഗം ബാധിക്കുകയും ഒരു പ്രത്യേക മരുന്ന് വേണ്ടി വരുകയും ചെയ്താൽ, അത് പലപ്പോഴും ഈ രോഗിയിൽ ഫലപ്രദമായി എന്ന് വരില്ല.

നമ്മൾ എല്ലാവരും ചുമ സിറപ്പുകൾ, ആന്റാസിഡുകൾ, വേദന സംഹാരികൾ എന്നിവ പോലുള്ള പല മരുന്നുകളും ശീലമാക്കിയവരാവാം. എന്നാൽ അത്തരം മരുന്നുകൾ ഒരു മേൽനോട്ടമില്ലാതെ കഴിക്കുന്നത് വ്യക്തിക്ക് അതിനോട് ആസക്തി ഉണ്ടാകാൻ കാരണമാകുന്നു.

സ്വയം ചികിത്സ വരുത്തിവയ്ക്കുന്ന അപകടസാധ്യതകൾ

1.തെറ്റായ സ്വയം രോഗനിർണയം.

2.അനുചിതമായ വൈദ്യോപദേശവും ശരിയായ ചികിത്സകൾ തേടുന്നതിനുള്ള കാലതാമസവും

3.മരുന്നിൻ്റെ പ്രതികൂല പ്രതികരണങ്ങൾ.

4.വ്യക്തി സ്വയം ചികിത്സിക്കാൻ ശ്രമിക്കുമ്പോൾ രോഗങ്ങളുടെ യഥാർത്ത കാരണങ്ങൾ അറിയാതെ പോവുന്നു.

5.അപകടകരമായ ചില മരുന്നുകളുടെ ഇടപെടൽ ദുരുപയോഗത്തിന്റെയും അനാരോഗ്യത്തിൻ്റെയും അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

സ്വയംചികിത്സ എന്നത് ഒരിക്കലും നമ്മുടെ ആരോഗ്യത്തിന് അനുയോജ്യമല്ല എന്ന വസ്തുത ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്. തലവേദന പോലുള്ള ചെറിയ പ്രശ്‌നങ്ങൾക്ക് പോലും സ്വയം സ്വയം ചികിത്സകൾ തേടിപോകുന്നതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാമെല്ലാവരും ബോധവാന്മാർ ആയിരിക്കണം. എത്ര ചെറിയ അസുഖം ആണെങ്കിൽ പോലും കഴിയുന്നതും വേഗം വൈദ്യസഹായം ഉറപ്പാക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം.

Related posts