Nammude Arogyam
General

പട്ടി കടിച്ചാൽ എങ്ങിനെ മരണമൊഴിവാക്കാം ?

ഒന്ന് …. രണ്ട് … മൂന്ന് … പെട്ട് ..പെട്ട്…നോക്കണ്ടടാ ഉണ്ണീ .. മൂന്ന് നായ്കളുടെ മുന്നിൽ പെട്ട ആദി മോൻ ഒന്ന് നിന്നു. മുൻപത്തെ ദിവസങ്ങളിലെ പത്ര വാർത്തയായിരുന്നു അവന്റെ മനസ്സിൽ. തൊട്ടു അടുത്ത വീട്ടിലെ തുറന്ന് കിടന്ന ഗേറ്റിലൂടെ ആദി ഓടി കയറി ശബ്ദം കൂട്ടി വീട്ടുകാരെ ശ്രദ്ധയിൽ പെടുത്തി. വാതിൽ തുറന്നപ്പോഴേക്ക് ഒരു കടി കിട്ടി… കാലിന് തന്നെ.

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?


1. ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോയിടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഉടന്‍ വൈദ്യസഹായം തേടുക


പേവിഷബാധയ്ക്ക് കാരണമാകുന്നത് റാബ്ഡോ വൈറസ് കുടുംബത്തില്‍പ്പെട്ട ലിസ്സ റാബീസ് എന്നയിനം ആര്‍ എന്‍ എ വൈറസുകളാണ്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കില്‍ അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരത്തിലേക്കും ഈ വൈറസ് പ്രവേശിക്കും. അതേസമയം അടിയന്തരചികിത്സയിലൂടെയും കൃത്യമായ ഇടവേളകളില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും റാബിസ് വൈറസിനെ നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കും.
തെരുവുമൃഗങ്ങൾ മാത്രമല്ല വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താൽ പോലും പേവിഷബാധയ്ക്ക് സാധ്യതയുണ്ട്.

2. എത്രയും പെട്ടെന്ന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രം അല്ലെങ്കിൽ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസറെ കാണിക്കുക. പ്രതിരോധ കുത്തിവയ്പ് ആരംഭിക്കുക.


3. ഗുരുതരമായ കാറ്റഗറി 3ൽ പെട്ട കേസുകൾക്ക് വാക്സീനു പുറമേ ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് കൂടി എടുക്കുക. വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാൽ അതും കാറ്റഗറി 3 ആയി പരിഗണിക്കും.


4. മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയ്ക്കു പുറമേ തിരുനാവായ, അത്താണിക്കൽ, വളവന്നൂർ, കോട്ടയ്ക്കൽ, മാറാക്കര കുടുംബാരോഗ്യകേന്ദ്രം, വളാഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വാക്സിൻ ലഭിക്കും.


5. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ്, നിലമ്പൂർ, തിരൂർ ജില്ലാശുപത്രി എന്നിവിടങ്ങളിൽ ഇമ്യൂണോഗ്ലോബുലിൻ ലഭിക്കും.


6. വളർത്തുനായ്ക്കൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകുക. വാക്സിനേഷൻ എടുത്താലും അവയിൽനിന്ന് കടിയേറ്റാൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കണം.


7. മൃഗങ്ങളിൽനിന്ന് ഇടയ്ക്കിടെ കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെടുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ് എടുക്കുക.


8. മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവയ്ക്കുന്ന കഠിനമായ കുത്തിവയ്പ് രീതിയല്ല ഇപ്പോഴുള്ളത്. തൊലിപ്പുറത്തോ പേശികളിലോ ആണ് കുത്തിവയ്ക്കുക.

Related posts