Nammude Arogyam
General

ഈ വാശി വല്യ കുരിശായല്ലോ ..!

‘ഒരു നീല നിറത്തിലുള്ള പ്രിൻസസ് കീ ചെയ്ൻ ആണ് താരം…’
‘തനു മോൾ ആ കീ ചെയ്ൻ തൊട്ടും തലോടിയും നിന്നു. ‘
‘കീ ചെയ്നുമെടുത്ത് അവൾ നടന്നു.’
‘ബില്ല് കൊടുക്കാറായപ്പോൾ അമ്മ ആ കീ ചെയ്ൻ മാറ്റി വെച്ചു.’
‘പിന്നെ ഒരു ബഹളം തന്നെ തറയിൽ കിടന്നുരുണ്ട് കാറി വിളിക്കാൻ തുടങ്ങി.’
നാല് വയസ്സുകാരിയായ തനു മോളുമായി എങ്ങും പോകാനാകാതെ വലയുകയാണ് ഈ അച്ഛനും അമ്മയും. ശാഠ്യക്കാരായ കുട്ടികളെ നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. എന്നാൽ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശാഠ്യക്കാരായ കുട്ടികളുടെ കാരണക്കാർ മിക്കവാറും മാതാപിതാക്കളാണ്.

കുട്ടികൾക്കുള്ള വാശി അല്ലെങ്കിൽ കോപം മാറ്റാനുള്ള ഫലപ്രദമായ മാർഗങ്ങൾ എന്തൊക്കെ?

1. ശ്രദ്ധ തിരിക്കുക (Divert)
കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടുക. ചെറിയ കുഞ്ഞുങ്ങളാണു വാശി പിടിക്കുന്നതെങ്കിൽ നിറമോ ശബ്ദമോ ഉള്ള എന്തെങ്കിലും കാണിച്ചു കുഞ്ഞിന്റെ ശ്രദ്ധ മാറ്റുക. ഒരു വയസ്സ് കഴിഞ്ഞ കുട്ടികളെ മറ്റൊരു കാര്യം പറഞ്ഞു ശ്രദ്ധ തിരിക്കുക.
സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. മാതാപിതാക്കൾ കുട്ടിയിലെ വാശിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതു ശ്രദ്ധിക്കണം. പലപ്പോഴും ഇത് അറിയാതെ ആയിരിക്കും. സാധനങ്ങൾ മറ്റും എറിയുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാതെ വേറൊരു കാര്യത്തിനെ കുറിച്ച് സംസാരിക്കുക.
എപ്പോഴും വാശി കാണിക്കുന്ന കുട്ടികളെ മറ്റു ആക്ടിവിറ്റികളിലേക്ക്‌ തിരിച്ചു. ഉദാ: വരയ്ക്കാനിഷ്ടപ്പെടുന്ന കുട്ടിയെ വരയ്ക്കാൻ പ്രേരിപ്പിക്കാം. കരകൗശല വിദ്യ പരിശീലിപ്പിക്കാം. എപ്പോഴും വില കൂടിയ സാധനങ്ങൾ വേണമെന്നു വാശി പിടിക്കുന്ന കുട്ടികളെ സാമൂഹ്യസേവനം ചെയ്യാനും അനാഥാലയത്തിലെ കുട്ടികൾക്കു സഹായം നൽകാനും പ്രേരിപ്പിക്കാം.
2. പാരിതോഷികം (Award) നൽകുക
കൂടുതൽ വാശിയുള്ള കുട്ടികളെ അടക്കിയിരുത്താനായി വളരെ ഫലപ്രദമായ മാർഗമാണിത്. ഒരു ദിവസം നല്ല കുട്ടിയായിരുന്നാൽ കുട്ടിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്തു കൊടുക്കുക. ഉദാ: ഒരു മുട്ടായി കൊടുക്കുക അല്ലെങ്കിൽ പാർക്കിൽ കളിക്കാനായി കൊണ്ട് പോകുക. കുട്ടിക്ക് വ്യക്തമായി മനസ്സിലാകണം കുട്ടിയുടെ നല്ല സ്വഭാവം കൊണ്ട് ഗുണങ്ങൾ ഉണ്ടെന്ന്.
3. ധാരണയുണ്ടാക്കുക (Negotiate)
ചിലർ തിരക്കേറിയ ജീവിതത്തിനിടെ സമയം പാഴാക്കാനില്ലാത്തതു കൊണ്ട് പെട്ടെന്നു കാര്യം സാധിച്ചു കൊടുക്കും. വാശി കാണിച്ചാൽ ആവശ്യപ്പെടുന്ന കാര്യം മാതാപിതാക്കൾ സാധിച്ചു നൽകുന്നുവെന്നു മനസ്സിലാക്കുന്നതോടെ കുട്ടി വാശി കാണിക്കുന്ന സ്വഭാവം ആവർത്തിക്കും. ഇത് മാതാപിതാക്കൾ തിരിച്ചറിയുന്നുമുണ്ടാവില്ല. അത് കൊണ്ട് തന്നെ കുട്ടിയുമായി ഒരു ധാരണയിൽ എത്തുക.
4. അവഗണിക്കുക (Ignore)
ശ്രദ്ധ തിരിച്ചു വിടാൻ പറ്റാത്ത കുറച്ചു മുതിർന്ന കുട്ടി വാശി കാണിക്കുമ്പോൾ കുട്ടിയുടെ സമീപത്തു സമാധാനമായിരിക്കുക. അതല്ലെങ്കിൽ അൽപസമയത്തേക്കു മുറിയിൽ നിന്നു മാറി നിൽക്കുക. കുട്ടി കരച്ചിൽ നിർത്തിക്കഴിഞ്ഞ ശേഷം മാത്രം മുറിയിലേക്കു ചെല്ലുക. വാശിയെടുക്കുന്ന കുട്ടിയോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒഴിവാക്കണം. അതല്ലെങ്കിൽ കുട്ടി കൂടുതൽ അസ്വസ്ഥമാകും. വാശി കൂടുകയും ചെയ്യും. എന്റെ വാശി ഇവിടെ ചിലവാവില്ല എന്ന് കുട്ടിക്ക് തന്നെ മനസിലാകും.
5.ഉപദേശവും പ്രേരണയും (Support)
കുട്ടിക്കുവേണ്ടി മാത്രമായി ഒന്നു,രണ്ടു മണിക്കൂറെങ്കിലും ദിവസവും നല്‍കണം. അവരെ ഗുണദോഷിക്കുന്നതിന് മുമ്പ് അവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുക.ഒഴിവ് സമയത്ത് കുട്ടിയുടെ കൂടെ കളികളില്‍ പങ്കു ചേരുക. സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും കുട്ടിക്കു പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കണം. പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ പരിഹരിക്കേണ്ടതാണ്. പഠനത്തിലും സ്നേഹത്തോടെ പ്രോത്സാഹനം നല്‍കണം. സത്യസന്ധത, ആത്മാര്‍ഥത, ക്ഷമ, സ്നേഹം, ലാളിത്യം, മിതവ്യയം, മുതലായ ഗുണങ്ങള്‍ മാതാപിതാക്കളില്‍നിന്നാണ് കുട്ടികള്‍ കൂടുതലായും പഠിക്കുന്നത്. അതിനാല്‍ മകന് നല്ല മാതൃകയായി മാതാപിതാക്കള്‍ പ്രവര്‍ത്തിക്കണം.
മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതോ നിർദേശിക്കുന്നതോ ആയ കാര്യങ്ങളേക്കാൾ പതിന്മടങ്ങ് കരുത്തുണ്ടാകും മുതിർന്നവർ നൽകുന്ന മാതൃകയ്ക്ക്. അച്ചടക്കം ശീലിപ്പിക്കേണ്ട മാതാപിതാക്കൾ കുട്ടികൾക്കു മാതൃകയായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് ഓർമിക്കുക. ഒരു വയസ്സുള്ള കുട്ടി പോലും വീട്ടിലെ മുതിർന്നവരെ അനുകരിക്കുന്നതു കണ്ടിട്ടില്ലേ.
6. വിനയത്തോടെ (Humble) ഇടപെടുക
ഏതു സാഹചര്യത്തിലും മുതിർന്നവർ സമചിത്തത വിടാതെ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾ വാശി പിടിച്ചു നിലത്തു കിടന്നുരുളാം. കയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്തെറിയാം. കരഞ്ഞു ബഹളം വയ്ക്കാം. ദേഷ്യപ്പെടാതെ വളരെ വിനയത്തോടെ ഇടപെടണം. പറയുന്നത്ര എളുപ്പമെങ്കിലും വളരെ പ്രയോജനമുള്ള ഒരു മാർഗമാണിത്. കുട്ടിയുടെ വാശിയുടെ ശക്തി കുറയുമ്പോള്‍ ഇത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ലെന്നും ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കുക.
മറ്റുള്ളവരുമായി പങ്കുവെച്ച് ജീവിക്കുന്നതിന്റെ പ്രധാന്യം മകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ സ്വാര്‍ഥരും വാശിയുള്ളവരുമായി മാറാം. അതിനാല്‍ മറ്റു കുട്ടികളുമായി കളിപ്പാട്ടങ്ങള്‍ പങ്കുവെച്ചുകളിക്കുവാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്.
ജന്മനാ ഉള്ള ഇത്തരം ദുഷ സ്വഭാവങ്ങൾ മാറ്റാൻ കഴിയും എന്ന് മനസിലാക്കുക. കുഞ്ഞ് വളർന്ന് വരുന്ന ഗൃഹാന്തരീക്ഷം പരമ പ്രധാനമാണ് എന്ന് മനസിലായല്ലോ. വിവേക പൂർണമായ സമീപനം ആണ് വാശി കുറയ്ക്കാനായി ശ്രമിക്കുന്നെങ്കിൽ വാശി പേടിക്കേണ്ടതില്ല.

Related posts