Nammude Arogyam
Healthy Foods

കിവിപ്പഴം ആരോഗ്യത്തിന് ഗുണകരമാകുന്നത് എങ്ങനെ?

പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ശരിയായ വിധത്തിൽ ശോധന നടന്നില്ലെങ്കിൽ അത് വയറിനെ മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങളെ മുഴുവൻ തകിടം മറിക്കും. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം  ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ പല തരം മരുന്നുകൾ ഉണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ കഴിക്കുക. ഇത്തരം മരുന്നുകൾക്ക് പുറമെ, മലബന്ധം മാറാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അതിൽ ചില പഴങ്ങളും പെടും. അത്തരത്തിൽ ഒന്നാണ് കിവിപ്പഴം.

കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകമാണ്. മലബന്ധം മാറാൻ കിവിപ്പഴം വെറുതെ കഴിക്കാവുന്നതാണ്. നടുവേ മുറിച്ച് പച്ച നിറത്തിലുള്ള അകംഭാഗം ഒരു സ്പൂൺ ഉപയോഗിച്ച് സ്‌കൂപ്പ് ആയി എടുത്ത് കഴിക്കാം. അതല്ലെങ്കിൽ കിവി പഴം ഫ്രൂട്ട് സലാഡിൽ ചേർത്ത് കഴിക്കുകയും ചെയ്യാം.

കിവിപ്പഴം നൽകുന്ന ഗുണങ്ങൾ

1.കിവിപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ നല്ല ഉറക്കത്തിന് സഹായിക്കുന്നു.

2.നല്ല ദഹനത്തിനും കിവിപ്പഴം മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തി മലബന്ധം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളിലൊന്നാണ് ഇത്.

3.വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് കിവിപ്പഴം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

4.അണുബാധ തടയുന്നതിനുള്ള പല സവിശേഷതകളും കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

5.ഗർഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ഏറെ നല്ലതാണ് കിവിപ്പഴം കഴിക്കുന്നത്.

കിവിപ്പഴം കഴിക്കുന്നത് കൊണ്ട് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് മലബന്ധം പരിഹരിക്കാനുള്ള ഇതിന്റെ കഴിവ്. ഇതിനോടകം പല പഠനങ്ങളിലും കിവിപ്പഴം മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കിവിപ്പഴം കൂടാതെ മലബന്ധം അകറ്റാൻ സഹായിക്കുന്ന മറ്റ് പഴങ്ങൾ ഇവയാണ്.

1.വാഴപ്പഴം-വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് മലബന്ധം പരിഹരിക്കാൻ ഇത് ഒരു മികച്ച മാർഗ്ഗമാണ്.

2.ഓറഞ്ച്-മലബന്ധത്തിന് പരിഹാരമാകുന്ന മറ്റൊരു ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി, ഫൈബർ തുടങ്ങിയവയാൽ സമ്പന്നമാണ് ഓറഞ്ച്. ഇത് ജ്യൂസ് ആയോ അല്ലികൾ അടർത്തിയോ കഴിക്കാവുന്നതാണ്.

3.ആപ്പിൾ-ആപ്പിളിലെ പെക്റ്റിൻ നാരുകൾ മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകും.

4.അത്തിപ്പഴം-ഫിഗ് അഥവാ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നതും മലബന്ധത്തിന് പരിഹാരമാണ്.

അതികഠിനമായ മലബന്ധ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടുന്നതാണ് കൂടുതൽ നല്ലത്. അല്ലാത്ത പക്ഷം അത് കൂടുതൽ സങ്കീര്ണതകളിലേക്ക് എത്തിക്കും.

Related posts