Nammude Arogyam
ChildrenGeneral

മഴക്കാലമല്ലേ ….. മഴയല്ലേ

ശ്രുതിയുടെ അച്ഛാ ഒന്ന് ഇങ്ങ് വന്നെ, കൊച്ചിനോട് ആ മഴയത്ത് നിന്ന് അകത്തേക്ക് കയറാൻ പറഞ്ഞേ.

നീയൊന്ന് മിണ്ടാതിരുന്നെ. കുട്ടികൾ അങ്ങനെ തന്നെയാ. അവൾ അവിടെ നിന്ന് കളിച്ചോട്ടെ.

അച്ഛനും കണക്കാ മോളും കണക്കാ. ഇങ്ങോട്ടേക്ക് കേറിവാ മോളെ, മതി മഴവെള്ളത്തിൽ കളിച്ചത് . വല്ല അസുഖവും പിടിക്കും.

നല്ല രസമുണ്ട് , കുറച്ച് നേരം കൂടി കളിക്കട്ടെ അമ്മാ.

നല്ല അടി തരും ഞാൻ, അനുസരണക്കേട് കാണിക്കാതെ അകത്തേക്ക് കയറിക്കോ നീ.

……………..

എന്തൊരു ഉറക്കമാ മോളെ, നേരം എത്രയായെന്നു വെച്ചാ നീയീ കിടക്കുന്നത് ?

ഒന്ന് പോ അമ്മാ…രാവിലെ തന്നെ വന്ന് വിളിക്കല്ലേ , ഉറങ്ങാൻ സമ്മതിക്കാതെ.

ശ്ശൊ….ഈ അമ്മ വന്ന് എൻ്റെ ഉറക്കമെല്ലാം കളഞ്ഞു.

എന്താ അമ്മാ ഇന്ന് രാവിലെ കഴിക്കാൻ .

ആ…..അമ്മാ….എൻ്റെ കണ്ണ് വേദനിക്കുന്നു.

നോക്കട്ടെ ഇങ്ങ് വന്നെ . ഈശ്വരാ കണ്ണിന് നല്ല ചുവപ്പ് നിറവും ഉണ്ടല്ലോ. ഇന്നലെ ആ മഴയത്ത് കളിച്ചപ്പോഴെ ഞാൻ പറഞ്ഞതാ വല്ല അസുഖവും വരുമെന്ന്. അപ്പോൾ കേട്ടില്ല………

ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴയില്‍ കുതിര്‍ന്ന നനുത്ത അന്തരീക്ഷത്തില്‍ അസുഖങ്ങള്‍ പടരാനും അധികനേരം വേണ്ട. മിക്കവരിലും ജലദോഷം, വൈറല്‍ പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് കണ്ടുവരുന്നു. കത്തുന്ന ചൂടില്‍ നിന്ന് മാറി നേരിയ കാറ്റിന്റെയും തണുത്ത സായാഹ്നത്തിന്റെയും അന്തരീക്ഷത്തിലേക്ക് നാം നീങ്ങുമ്പോള്‍, താപനിലയിലെ ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ നമ്മുടെ ശരീരം കുറച്ച് സമയമെടുക്കും. അതിനാല്‍, കാലാനുസൃതമായ ഈ മാറ്റത്തില്‍ നമ്മുടെ പ്രതിരോധശേഷി സാധാരണയേക്കാള്‍ കുറവായി മാറിന്നു. ഇത് പല വൈറല്‍ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതക്കും കാരണമാകുന്നു. വായുവിലെ ഈര്‍പ്പം ബാക്ടീരിയകള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും യഥേഷ്ടം വളരാനും സഞ്ചരിക്കാനുമുള്ള അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത് നമ്മെ ആരോഗ്യപരമായി കൂടുതല്‍ ദുര്‍ബലരാക്കുന്നു.

മണ്‍സൂണ്‍, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ തണുത്ത കാലാവസ്ഥയുടെ കാലമാണ്. ജലം, ഭക്ഷ്യരോഗങ്ങള്‍, ഇന്‍ഫ്‌ളുവന്‍സ, വയറിളക്കം, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ കൂട്ടാളിയാണ് ഈ സീസണ്‍. മഴക്കാലം ധാരാളം നേത്ര അണുബാധകളെയും ക്ഷണിച്ചുവരുത്തുന്നു.

മറ്റേതൊരു ശരീരഭാഗത്തെയും പോലെ കണ്ണുകള്‍ക്കും ഏറെ കരുതല്‍ നല്‍കേണ്ട സമയമാണിത്. വൈറല്‍, ബാക്ടീരിയ, പ്രോട്ടോസോള്‍, ഫംഗസ് എന്നിങ്ങനെ നിരവധി നേത്ര അണുബാധകളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മണ്‍സൂണ്‍ കാലത്തെ ഉയര്‍ന്ന ഈര്‍പ്പ നില. വൈറസ്, ബാക്ടീരിയ, ഫംഗസ്, കോണ്ടാക്ട് ലെന്‍സ് ഉപയോഗം തുടങ്ങിയ പല കാരണങ്ങളാല്‍ അണുബാധ ഉണ്ടാകാം. ഈ മഴക്കാലത്ത് നിങ്ങളുടെ കണ്ണുകളെ ബാധിക്കുന്ന ചില അസുഖങ്ങളും അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ കൈക്കൊള്ളേണ്ട ചില വഴികളും ഇവിടെ വായിക്കാം.

ചെങ്കണ്ണ്

മഴക്കാലത്ത് കണ്ണുകള്‍ക്ക് സാധാരണയായി കണ്ടുവരുന്ന അണുബാധയാണ് ചെങ്കണ്ണ്(കണ്‍ജങ്ക്റ്റിവിറ്റിസ്). കണ്ണുകള്‍ ചുവന്ന നിറമാകുന്ന ഒരു അണുബാധയാണിത്. സമ്പര്‍ക്കം അല്ലെങ്കില്‍ സ്പര്‍ശനം വഴി വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കുന്നു.

കോവിഡ് 19 അണുബാധാ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയ അസുഖമാണ് കണ്‍ജങ്ക്റ്റിവിറ്റിസ്, അതിനാല്‍ അത്തരം രോഗികള്‍ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതുണ്ട്. സാധാരണ ചെങ്കണ്ണ് 2-3 ദിവസം കൊണ്ടുതന്നെ സുഖപ്പെടുമെങ്കിലും കോവിഡ് ലക്ഷണമാണോ എന്ന് തിരിച്ചറിയാന്‍ ഡോക്ടറുടെ സഹായം അത്യാവശ്യമാണ്.

കെരാറ്റിസ്

കെരാറ്റിറ്റിസ് അല്ലെങ്കില്‍ കോര്‍ണിയയുടെ(കണ്ണിന്റെ കറുത്ത ഭാഗം) അണുബാധയും മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്നു. ഇത് കണ്ണുകള്‍ക്ക് പരിക്കേറ്റതിനാലോ കോണ്‍ടാക്റ്റ് ലെന്‍സിന്റെ ശുചിത്വമില്ലായ്മ കാരണമോ ആണ് സംഭവിക്കുന്നത്. അപകടകരമായ ഒരു അണുബാധയാണിത്, ശ്രദ്ധിക്കാതെ പോയാല്‍ അന്ധതയ്ക്ക് വരെ കാരണമായേക്കാം.

ട്രാക്കോമ

ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ട്രാക്കോമയാണ് മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന മറ്റൊരു അണുബാധ. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള 1.9 ദശലക്ഷം ആളുകളുടെ അന്ധത അല്ലെങ്കില്‍ കാഴ്ചവൈകല്യത്തിന് കാരണമാണ് ട്രാക്കോമ. ടൗവലുകള്‍ മുതലായ വസ്തുക്കള്‍ പങ്കിടുന്നതിലൂടെയും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗബാധിതനായ വ്യക്തിയുടെ കണ്ണുകളുമായോ മൂക്കുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രാണികളിലൂടെയോ മറ്റോ ട്രാക്കോമ വ്യാപിക്കുന്നു.

മറ്റ് തരത്തിലുള്ള അണുബാധകള്‍

മറ്റ് തരത്തിലുള്ള അണുബാധകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ടോക്‌സോപ്ലാസ്‌മോസിസ്. ഇത് പ്രധാനമായും വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോള്‍ വ്യാപിക്കുന്നതാണ്. മലീമസമായ നീന്തല്‍ക്കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതിലൂടെയും കണ്ണിന് അണുബാധയുണ്ടാകാം. ഇത്തരം ഇടങ്ങളില്‍ അകാന്തമോബ പോലുള്ള പ്രോട്ടോസോവ അടങ്ങിയിട്ടുണ്ട്, ഇത് കോര്‍ണിയ അണുബാധയ്ക്ക് കാരണമാകും.

മഴക്കാല നേത്ര പരിചരണം: മുന്‍കരുതലുകള്‍

അടിസ്ഥാനമായ പരിചരണവും മുന്‍കരുതലുകളും ഉപയോഗിച്ച് ഇത്തരം നേത്ര അണുബാധകളെ തടയാന്‍ കഴിയും. അതിനായ സ്വീകരിക്കേണ്ട ചില കരുതലുകള്‍ ഇതാ,

A.ആന്റിസെപ്റ്റിക് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നതാണ് ആദ്യത്തെ അടിസ്ഥാന മുന്‍കരുതല്‍ ഇത് അണുബാധ പിടിപെടാതിരിക്കാനും കണ്‍ജങ്ക്റ്റിവിറ്റിസ് പടരാതിരിക്കാനും സഹായിക്കും.

B.നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. വിരിപ്പ്, പുതപ്പ്, തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ.

C.രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണുകളില്‍ തൊടാതിരിക്കുക. കണ്ണാടി ഉപയോഗിക്കുക.

D.മലിനമായ ടാപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകാതിരിക്കുക, പ്രത്യേകിച്ച് മഴക്കാലത്ത്. പകരം, ഫില്‍ട്ടര്‍ ചെയ്ത വെള്ളവും ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകളും ഉപയോഗിക്കുക.

E.നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും ഈച്ചകളെയോ പ്രാണികളെയോ സഞ്ചരിക്കാന്‍ അനുവദിക്കാതിരിക്കുക. * റിപ്പല്ലന്റുകളുടെയോ കൊതുക് വലകളുടെയോ സഹായത്തോടെ കൊതുകുകളെ അകറ്റിനിര്‍ത്തുക.

F.നീന്തുമ്പോള്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കാതിരിക്കുക. നിങ്ങളുടെ ഡോക്ടറുടെ ഉപദേശത്തോടെ കോണ്‍ടാക്റ്റ് ലെന്‍സ് ശുചിത്വം പാലിക്കുക.

G.നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ച് പൂച്ച, പട്ടി തുടങ്ങിയവ.

H.സ്വയം ചികിത്സ ഒഴിവാക്കുക, എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക.

I.നിങ്ങള്‍ക്ക് അണുബാധയുണ്ടെങ്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം അത്തരം അന്തരീക്ഷത്തില്‍ അണുബാധകള്‍ അതിവേഗം പടരുന്നു.

J.നിങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവരെ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുക. എല്ലായ്‌പ്പോഴും കൈ ശുചിത്വം പാലിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

ഈ അടിസ്ഥാന മുന്‍കരുതലുകള്‍ പാലിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ കണ്ണുകളെയും മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്

Related posts