Nammude Arogyam
Woman

സ്ത്രീകളിലെ എൻഡോമെട്രിയോസിസ് നിസ്സാരമാക്കരുത്

കാലം മാറുന്തോറും കോലവും മാറുന്നു എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ അർത്ഥവത്തമാക്കുന്നതാണ് ഇപ്പോഴത്തെ രോഗങ്ങളും. ഇപ്പോൾ പല തരം ഫാഷൻ രോഗങ്ങളാണ് ഉള്ളത് . അവയിൽ പലതും നമ്മൾ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ്. ഒരു പക്ഷെ മാറി മറിഞ്ഞ ആഹാരശീലവും ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളുമൊക്കെയാകാം ഇതിന് പിന്നിൽ. സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താലും ഒട്ടും വ്യത്യസ്തമല്ല സ്ഥിതി. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് ഇന്ന് നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ്.

ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് എൻഡോമെട്രിയം. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എൻഡോമെട്രിയത്തിലോ ഉള്ള കോശങ്ങൾക്ക് സമാനമായി കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ രോഗമാണ് എൻഡോമെട്രിയോസിസ്. ഇത് ഒരു സ്ത്രീയുടെയും കുഞ്ഞുണ്ടാകുവാൻ ശ്രമിക്കുന്ന ദമ്പതികളുടെയും ശാരീരിക, ലൈംഗിക, മാനസിക, സാമൂഹിക വശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു നീണ്ടുനിൽക്കുന്ന രോഗാവസ്ഥയാണ്.

എൻഡോമെട്രിയോസിസിൽ പലപ്പോഴും അണ്ഡാശയങ്ങൾ, ഫെലോപ്യൻ ട്യൂബുകൾ, പെരിറ്റോണിയം എന്നറിയപ്പെടുന്ന പെൽവിസിന്റെ അതിരിലിൽ ഉള്ള ടിഷ്യുകൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, കഠിനമായ അവസ്ഥകളിൽ, അതിൽ മൂത്രസഞ്ചി, ആമാശയം, മൂത്രനാളി എന്നിവ ഉൾപ്പെടാം. പുറത്തേക്ക് പോകാൻ കഴിയാത്തത് കാരണം, ഈ ടിഷ്യുകൾ ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടുകയും, രക്തം ഒരു അടഞ്ഞ സ്ഥലത്ത് ശേഖരിക്കപ്പെടുകയും അണ്ഡാശയത്തിൽ നീർവീക്കം അഥവാ മുഴ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സാന്ദ്രമായ മുഴ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും, അത് ‘ഫ്രോസൻ പെൽവിസ്’ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഇവിടെയാണ് ട്യൂബുകളും അണ്ഡാശയവും ഗർഭപാത്രത്തിൽ പറ്റിനിൽക്കുന്നത്, അങ്ങനെ ശരീരഘടനയിൽ മാറ്റം വരുത്തുകയും അണ്ഡം എടുക്കുന്നതിൽ ഇടപെടുകയും ചെയ്യുന്നു.

എൻഡോമെട്രിയോസിസ് ബാധിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഇതിന് ഒന്നിലധികം കാരണങ്ങളുണ്ട്, ഒരു സ്ത്രീക്ക് തന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ദീർഘകാലമായി അടിവയറ്റിൽ വേദന അല്ലെങ്കിൽ ഇടപ്പിലെ വേദനയെ വരുമ്പോൾ. മറ്റുചിലർക്ക് ആർത്തവ സമയത്ത് മലർവിസർജ്ജനവും മൂത്ര വിസർജ്ജനവും നടത്തുമ്പോൾ വേദന അനുഭവപ്പെടും. ചില സന്ദർഭങ്ങളിൽ, ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ സ്ത്രീകൾക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു.

ഫെലോപ്യൻ ട്യൂബിന്റെയും അണ്ഡാശയത്തിന്റെയും ഘടനയെ വളച്ചൊടിക്കുകയും ഫെലോപ്യൻ ട്യൂബ് എടുക്കുന്ന അണ്ഡത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ എൻഡോമെട്രിയോസിസ് പലപ്പോഴും ഗർഭധാരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല, എൻഡോമെട്രിയോസിസ് അണ്ഡത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും, ഗർഭപാത്രത്തിന്റെ ആന്തരിക പാളിയെ ഗർഭാവസ്ഥയിലേക്കുള്ള സ്വീകാര്യതയ്ക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്നു, അതിനാൽ ഒരു സ്ത്രീക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

രോഗനിർണയം

1.അൾട്രാസൗണ്ട്: അണ്ഡാശയത്തിലെ എൻഡോമെട്രിയോട്ടിക് സിസ്റ്റുകൾ അല്ലെങ്കിൽ വയർ, മൂത്രസഞ്ചി, ഗർഭപാത്രം എന്നിവയിലെ മുഴകൾ പോലും ഇത് എളുപ്പത്തിൽ കണ്ടെത്തും.

> എം‌ആർ‌ഐ: എൻഡോമെട്രിയോസിസിന്റെ വ്യാപ്തി വിലയിരുത്താനാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പെൽവിസിന് പുറത്തുള്ള അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുൻപ് മതിയായ തയ്യാറെടുപ്പിനായി ഇത് സഹായിക്കുന്നതാണ്.

> ലാപ്രോസ്കോപ്പി: എൻഡോമെട്രിയോസിസ് കണ്ടെത്താനും ചികിത്സിക്കാനും ഉള്ള ഏറ്റവും നല്ല മാർഗം ഇതാണ്.

എൻഡോമെട്രിയോസിസിന്റെ കാര്യത്തിൽ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ഇതിന്റെ രോഗലക്ഷണങ്ങളുടെ കാഠിന്യം പലപ്പോഴും രോഗത്തിന്റെ തീവ്രതയുടെ അത്രയും പുറത്തു കാണില്ല എന്നതാണ്. കാരണം, ഒട്ടും രോഗലക്ഷണം ഇല്ലാത്തതോ വളരെ നേരിയ രോഗലക്ഷണമുള്ളതോ ആയിട്ടുള്ള ഒരു സ്ത്രീക്ക് പോലും കടുത്ത എൻഡോമെട്രിയോസിസ് ഉണ്ടാകാം, ചിലപ്പോൾ കടുത്ത രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ വ്യാപ്തി അത്രത്തോളം ഉണ്ടാകണമെന്നും ഇല്ല. അതിനാൽ, രോഗത്തിന്റെ സ്വഭാവമോ രോഗാവസ്ഥയുടെ തീവ്രതയോ മനസിലാക്കാൻ രോഗിക്ക് വളരെ ബുദ്ധിമുട്ടാണ്.

ശ്രദ്ധിക്കേണ്ടത്

1.മലമൂത്രവിസർജനത്തിനു തോന്നുമ്പോൾ അതു തടഞ്ഞു നിർത്തുന്ന ശീലം ഉപേക്ഷിക്കുക.

2.ആർത്തവ ദിനങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കുക, ആർത്തവ ശുചിത്വം പാലിക്കുക.

3.ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. എരിവ് കൂടുതൽ ഉള്ള ഭക്ഷണം, പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിച്ച ഉടനെ അമിതമായി ദാഹം തോന്നിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.

4.മലബന്ധത്തിന് കാരണമാകാത്തതും ദഹനം എളുപ്പം നടക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുക.

5.ലഘു വ്യായാമങ്ങളിൽ ഏർപ്പെടുക.

6.ജീവിതശൈലിയിൽ ശ്രദ്ധിച്ച് ആർത്തവം ക്രമപ്പെടുത്താൻ ശ്രദ്ധിക്കുക

ഏതൊരു അസുഖം ഉണ്ടായാലും സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്.

Related posts