Nammude Arogyam
Maternity

ഗർഭിണികളിൽ കാണുന്ന വരണ്ട വായ ലക്ഷണം പേടിക്കേണ്ടതുണ്ടോ?

ഗര്‍ഭിണികൾ ധാരാളം വെള്ളം കുടിച്ചിട്ടും വായ വരണ്ടു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഗര്‍ഭകാലത്തു വളരെ സാധാരണമാണ്. ഗര്‍ഭകാലത്തു ശരീരം പലതരം മാറ്റങ്ങള്‍ക്കും വിധേയമാകും. അതില്‍ അധികം അറിയപ്പെടാത്ത ഒരു ഗര്‍ഭകാല ലക്ഷണമാണ് വരണ്ട വായ. വായയിലെ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വരണ്ട വായ. ഇത് സെറോസ്റ്റോമിയ എന്നും അറിയപ്പെടുന്നു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ധാരാളം ജലാംശം ശരീരത്തില്‍ ആവശ്യമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, നിര്‍ജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് വായ വരണ്ടു പോകാം. ഭക്ഷണം ചവയ്ക്കുന്നതിനും ദഹനത്തിനുമെല്ലാം ഉമിനീര്‍ അത്യാവശ്യമാണ്. അതിനാല്‍ വായ വരളുന്നത് നാം ഗൗരവമായി എടുക്കണം. ഗര്‍ഭകാലത്തു ഉണ്ടാകുന്ന ഒരു സാധാരണ മാറ്റമാണ് വരണ്ട വായ. ഗര്‍ഭിണികളില്‍ സ്വാഭാവികമായും ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും. പ്രധാനമായും ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് കൂടുതലാകുന്നതിനാല്‍ വായില്‍ വരള്‍ച്ച ഉണ്ടാകും.

വായ വരളുന്നതിനൊപ്പം വായ്നാറ്റം, വരണ്ട വിളറിയ നാവ്, വായില്‍ ഒട്ടുന്ന അവസ്ഥ, വായില്‍ പുകച്ചില്‍, ദാഹം, ശബ്ദത്തില്‍ വ്യത്യാസം, തൊണ്ട വരളുക, മൂക്കടപ്പ്, സംസാരിക്കാന്‍ ബുദ്ധിമുട്ട് ഇവയെല്ലാം വായ വരള്‍ച്ചയുടെ മറ്റു ലക്ഷണങ്ങളാണ്. സാധാരണയായി ആദ്യത്തെ മൂന്നു മാസങ്ങളിലാണ് വായ വരള്‍ച്ച ഗര്‍ഭിണികളില്‍ കാണുന്നത്. ഗര്‍ഭകാലത്തു ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് ഉണ്ടാകാം. സാധാരണ രാത്രിയില്‍ ഉറങ്ങുന്ന സമയത്തു ഉമിനീര്‍ ഉത്പാദനം വളരെ കുറവ് ആയിരിക്കും. അപ്പോള്‍ നിര്‍ജ്ജലീകരണവും വായ വരള്‍ച്ചയും കൂടുതലായി അനുഭവപ്പെടും.

ഗര്‍ഭകാലത്തു കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ധാരാളം വെള്ളം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വെള്ളം ശരീരത്തില്‍ നിന്നും നഷ്ടപ്പെടും. അതിനാല്‍ ഗര്‍ഭിണികള്‍ ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക. ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദില്‍ , അമിതവിയര്‍പ്പ് എന്നിവ നിര്‍ജ്ജലീകരണത്തിന് മറ്റു ചില കാരണങ്ങളാണ്. ഇതോടൊപ്പം മൂത്രം ഇരുണ്ട മഞ്ഞ നിറത്തില്‍ പോകുക, ക്ഷീണം, ദാഹം , തളര്‍ച്ച എന്നിവയും നിര്‍ജ്ജലീകരണം മൂലം ഉണ്ടാകും. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കുക. അങ്ങനെ നിര്‍ജ്ജലീകരണം നിയന്ത്രിക്കുക.

ആന്റിഹിസ്റ്റാമൈന്‍സ്, ഡികന്‍ജെസ്റ്റന്റ്റ്, ആന്റി ഹൈപ്പര്‍ടെന്‍സിവ് തുടങ്ങിയ അലര്‍ജി, രക്തസമ്മര്‍ദ്ദം, കഫം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വായ വരളുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ വായ വരളുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ചു മറ്റു പ്രതിവിധികള്‍ സ്വീകരിക്കുക.

ഗര്‍ഭിണികളില്‍ രക്തത്തിന്റെ അളവ് 45 മുതല്‍ 50 % വരെ കൂടുതലായിരിക്കും. ഇതുമൂലം വൃക്കകളില്‍ സോഡിയത്തിന്റെയും വെള്ളത്തിന്റെയും കടന്നുപോക്കും കൂടുതലാകുന്നതിനാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥ ഉണ്ടാകും. ഇത്തരത്തില്‍ ധാരാളം വെള്ളം നഷടപ്പെടും. കൂടുതല്‍ വെള്ളം കുടിക്കാതെ വന്നാല്‍ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ മൂലം നിര്‍ജ്ജലീകരണവും വായ വരള്‍ച്ചയും ഉണ്ടാകും.

മൂക്കടപ്പ് മൂലം വായില്‍ കൂടെ ശ്വസിക്കേണ്ടി വരുമ്പോള്‍ ഉമിനീരിന്റെ അളവ് കുറയുകയും വരണ്ട വായ ഉണ്ടാകുകയും ചെയ്യും. ഗര്‍ഭകാലത്തു വായ വരളുന്നതില്‍ വിഷമിക്കേണ്ട കാര്യമില്ല. ലളിതമായ വീട്ടുവൈദ്യങ്ങളും ജീവിതശൈലി മാറ്റങ്ങളും വായ വരള്‍ച്ച നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുക.

സാധാരണ വായ വരള്‍ച്ച സാവധാനം മാറും എന്നാല്‍ ഇതിനോടനുബന്ധിച്ചുണ്ടാകുന്ന മറ്റു ചില പ്രശ്‌നങ്ങള്‍ ഗുരുതരമാകാറുണ്ട്. വരണ്ട വായയില്‍ ബാക്ടീരിയയുടെ രൂപീകരണത്തിന് സാധ്യതയുണ്ട്, ഇത് ശ്വാസത്തെ മാത്രമല്ല രുചി മുകുളങ്ങളെയും ബാധിക്കും. അതുപോലെ തന്നെ ദന്താരോഗ്യത്തെയും ഇത് ബാധിക്കും. അതിനാല്‍ ആവശ്യമായ സാഹചര്യത്തില്‍ വൈദ്യസഹായം തേടേണ്ടതാണ്.

Related posts