Nammude Arogyam
Children

കുഞ്ഞുങ്ങളുടെ വായില്‍ വെളുത്ത നിറത്തില്‍ കാണുന്ന പൂപ്പല്‍ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

കുഞ്ഞിന്റെ വായിലെ പൂപ്പല്‍ പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും അമ്മമാരില്‍ ചെറിയ രീതിയിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം, എന്തൊക്കെയാണ് ഇതിന് പരിഹാരം തുടങ്ങിയ കാര്യങ്ങൾ അമ്മമാരില്‍ ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ പലപ്പോഴും വായിലെ അണുബാധയുടെ ഫലമായാണ് ഇത്തരം പൂപ്പല്‍ ഉണ്ടാവുന്നത് എന്നതാണ് സത്യം. ഇതിനെ ഓറല്‍ ത്രഷ് എന്നാണ് പറയുന്നത്. ഇത് വായിലും കുഞ്ഞിന്റെ നിതംബത്തിലും എല്ലാം കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇതാണ് വെളുത്ത പാടുകള്‍ ഉണ്ടാക്കുന്നത്.

എന്താണ് ഇത്തരം ത്രഷ് എന്നും, ത്രഷിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നും ആദ്യം മനസ്സിലാക്കി വേണം ഇതിന് പരിഹരം കാണുന്നതിന്. കാന്‍ഡിഡിയസിസ് എന്നും ഈ പൂപ്പല്‍ അഥവാ അണുബാധ അറിയപ്പെടുന്നുണ്ട്. കാന്‍ഡിഡ എന്ന യീസ്റ്റ് ആണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ചില കുട്ടികളില്‍ ഇത് ഡയപ്പര്‍ റാഷ് പോലുള്ള അവസ്ഥയിലേക്കും എത്തിക്കുന്നുണ്ട്. ചുണ്ടും തൊണ്ടയും ഉള്‍പ്പടെയുള്ള ഭാഗങ്ങളെ ഇത്തരം ഫംഗസ് ബാധിക്കുന്നു.

കാന്‍ഡിഡ ആല്‍ബിക്കന്‍സ് ആണ് ഇതിന് കാരണം. പ്രസവ സമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇത് എത്തുന്നു. കുഞ്ഞിന്റെ ചര്‍മ്മം വായുവിലെ ഫംഗസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഫലമായി ഇത്തരം അവസ്ഥകള്‍ ഉണ്ടായേക്കാം. ഈ ഫംഗസ് വായ, ദഹനനാളം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പിടി കൂടുന്നു. ശരീരത്തിനുള്ളില്‍ ഈ ബാക്ടീരിയകള്‍ വളരുന്ന സാഹചര്യം ഉണ്ടാവുന്നു. സാധാരണ അവസ്ഥയില്‍ ഈ അണുബാധ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കില്ല. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നു.

പലപ്പോഴും കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഇത് ബാധിക്കുന്നു. അതിന്റെ ഫലമായി ബാക്ടീരിയയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും രോഗപ്രതിരോധ സംവിധാനം പരാജയപ്പെടുകയും ഇത് കുഞ്ഞിന്റെ ആരോഗ്യാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഇതിനെ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് ഗുരുതരാവസ്ഥ സൃഷ്ടിക്കും എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാ മാതാപിതാക്കളും വേണ്ടത്ര ഗൗരവത്തോടെ കാണേണ്ടതാണ്.

കുഞ്ഞുങ്ങളില്‍ ഇത്തരം ത്രഷിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതില്‍ ഒന്നാണ് കുഞ്ഞ് കഴിക്കുന്ന മരുന്നുകള്‍. ദീര്‍ഘകാലം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന കുഞ്ഞുങ്ങളില്‍ പലപ്പോഴും ഇത്തരം ത്രഷുകള്‍ കാണപ്പെടുന്നു. നല്ല ബാക്ടീരിയയേയും പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ ആക്രമിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കുട്ടികളില്‍ ത്രഷ് ഉണ്ടാവുന്നു. ഓറല്‍ ത്രഷ് ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ ഒരിക്കലും അതിനെ നിസ്സാരമാക്കരുത്.

കുഞ്ഞിന്റെ മാത്രമല്ല മുലയൂട്ടുന്ന അമ്മയാണെങ്കില്‍, അമ്മ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ കുഞ്ഞിനും ഈ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ മലിനമായ ഡയപ്പര്‍ കൂടുതല്‍ നേരം ധരിക്കുമ്പോള്‍ അതും കുഞ്ഞില്‍ ഇത്തരം ഡയപ്പര്‍ ത്രാഷ് ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഇതിനുള്ള സാധ്യത മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്.

പലരും ചോദിക്കുന്നതാണ് എന്തുകൊണ്ട് കുഞ്ഞുങ്ങളില്‍ മാത്രം ഇത്തരം ഓറല്‍ ത്രഷ് പോലുള്ള ഫംഗസ് അവസ്ഥകള്‍ ഉണ്ടാവുന്നത് എന്ന്. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍. മാസം തികയാതെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ ത്രഷ് പോലുള്ള അണുബാധകള്‍ പെട്ടെന്ന് ഇവരെ പിടികൂടുന്നു. ഇത് കൂടാതെ രോഗപ്രതിരോധ സംവിധാനങ്ങളില്‍ തകരാറുള്ള കുട്ടികളെങ്കില്‍ അവരിലും ഇതേ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കുഞ്ഞുങ്ങളില്‍ ത്രഷ് ഉണ്ടാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ട്. വായിലെ ത്രഷ് ആണെങ്കില്‍ ഇവരില്‍ പലപ്പോഴും നാവ്, ചുണ്ടുകള്‍, ഉള്‍ ഭാഗത്തെ കവിളുകള്‍, അണ്ണാക്ക്, വായുടെ പിന്‍ഭാഗം, എന്നീ ഭാഗങ്ങളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന പാടുകള്‍ ഉണ്ടാവുന്നു. ഇത് പാട പോലെ കാണപ്പെടുന്നു. തുടക്കുമ്പോഴോ കഴുകുമ്പോഴോ ഈ പാട് മാറുന്നില്ല. കുഞ്ഞുങ്ങളില്‍ ഇത് അതികഠിനമായ വേദന ഉണ്ടാക്കുന്നു. ചുണ്ടുകള്‍ക്ക് ചുവപ്പ് നിറവും വായക്ക് ചുറ്റും ചുവപ്പ് നിറവും കാണപ്പെടുന്നു. ഇതുമൂലം അസ്വസ്ഥതകള്‍ കുഞ്ഞ് കാണിച്ച് കൊണ്ടേ ഇരിക്കുന്നു.

കുഞ്ഞില്‍ ത്രഷ് ഉണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ തന്നെ കാണിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ഡോക്ടര്‍ തരുന്ന ആന്റി ഫംഗല്‍ മരുന്നുകള്‍ നിര്‍ബന്ധമായും കൊടുക്കണം. ഡ്രോപ്പര്‍ ഉപയോഗിച്ച് വായയുടെ ബാധിത ഭാഗങ്ങളില്‍ എല്ലാം ഇവ പ്രയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവില്‍ തന്നെ കുഞ്ഞിന് ഡ്രോപ്പര്‍ നല്‍കുന്നതിനും ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച് 30 മിനിറ്റ് ഉള്ളില്‍ തന്നെ മരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം.

സമയബന്ധിതമായ ചികിത്സയിലുടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും കൃത്യമായി ഇതിനെക്കുറിച്ച് അറിയാത്തതാണ് പ്രശ്‌നങ്ങള്‍ സങ്കീർണ്ണമാക്കുന്നത്.

Related posts