ഒരു പ്രായം കഴിഞ്ഞാല്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ സാധാരണമാണ്. അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തൊരു അവസ്ഥയായി മാറിയിരിക്കുന്നു. ഇന്നത്തെ തിരക്കിട്ട ലോകത്ത് ചെറുപ്പക്കാര്‍ക്കിടയിലെന്ന പോലെ, കുട്ടികള്‍ക്കിടയിലും കൊളസ്‌ട്രോള്‍ പിടിമുറുക്കിയിരിക്കുന്നു. കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ കൊളസ്‌ട്രോള്‍ നില ഉയരുന്നത് അവര്‍ വളര്‍ന്നുവരുന്നതനുസരിച്ച് പല ആരോഗ്യ പ്രശ്‌നങ്ങളും അവര്‍ക്ക് സമ്മാനിക്കുന്നു, പ്രത്യേകിച്ച് ഹൃദ്രോഗം.
കൊളസ്‌ട്രോള്‍ എവിടെനിന്ന് വരുന്നു?
കരളിലാണ് കൊളസ്‌ട്രോള്‍ നിര്‍മ്മിക്കപ്പെടുന്നത്. കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും കൊളസ്‌ട്രോള്‍ വരുന്നു. പൂരിത കൊഴുപ്പും, ട്രാന്‍സ് കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കരളിന്റെ കൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇതിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കരൾ.
ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്, പക്ഷേ രക്തത്തില്‍ അമിതമായ അളവില്‍ കൊളസ്‌ട്രോള്‍ കലരുന്നത് നമ്മുടെ ധമനികളുടെ ഭിത്തികളില്‍ പറ്റിനില്‍ക്കുകയും ധമനികളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്തധമനികള്‍ ചുരുങ്ങുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു.
കൊളസ്‌ട്രോളിന്റെ കേന്ദ്രം
മുട്ടയുടെ മഞ്ഞ, മാംസം, സീ ഫുഡ്, പാലുല്‍പ്പന്നങ്ങള്‍ (പാല്‍, ചീസ്, ഐസ്‌ക്രീം എന്നിവയുള്‍പ്പെടെ) എന്നിവ കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള സസ്യാധിഷ്ടിത ഭക്ഷണങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.
കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണം
കുട്ടികളിലെ കൊളസ്‌ട്രോള്‍ അളവ് വര്‍ധിക്കുന്നതിന് മൂന്ന് സാധ്യതാഘടകങ്ങള്‍ പ്രധാനമായുണ്ട്.
1.പാരമ്പര്യം (മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക്)
2.ഡയറ്റ്
3.അമിതവണ്ണം
മിക്ക കേസുകളിലും പാരമ്പര്യമായാണ് കുട്ടികള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ സംഭവിക്കുന്നത്. പ്രമേഹം, വൃക്കരോഗം, ചില തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ ചില രോഗങ്ങളും കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുന്നു.
കൊളസ്‌ട്രോള്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു?
ലളിതമായ രക്തപരിശോധനയിലൂടെ ചെറിയ കുട്ടികളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ കഴിയും. ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉണ്ടെങ്കിലോ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലോ അത്തരമൊരു പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. രക്തപരിശോധന ഫലങ്ങള്‍ ഒരു കുട്ടിയുടെ കൊളസ്‌ട്രോള്‍ വളരെ ഉയര്‍ന്നതാണോ എന്ന് വെളിപ്പെടുത്തും. ബോഡി മാസ് സൂചിക (ബി.എം.ഐ) 95 ശതമാനത്തേക്കാള്‍ കൂടുതലുള്ള കുട്ടികള്‍ക്കും, 2-8 വയസ് പ്രായമുള്ള കുട്ടികള്‍ക്കും അല്ലെങ്കില്‍ മുതിര്‍ന്ന കുട്ടികള്‍ക്കും (12 മുതല്‍ 16 വയസ്സ് വരെ), 85-ാം ശതമാനത്തേക്കാള്‍ ഉയര്‍ന്ന ബി.എം.ഐ ഉള്ള കുട്ടികള്‍ക്കും പരിശോധന ശുപാര്‍ശ ചെയ്യുന്നു.
കുട്ടികളിലെ കൊളസ്‌ട്രോള്‍ തടയാന്‍
കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക എന്നതു മാത്രമാണ്. മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് ഈ വഴികള്‍. പൂരിത കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു കുട്ടി കഴിക്കുന്ന മൊത്തം കൊഴുപ്പിന്റെ അളവ് ദൈനംദിന മൊത്തം കലോറിയുടെ 30% അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. പൂരിത കൊഴുപ്പ് ദൈനംദിന മൊത്തം കലോറിയുടെ 10% ല്‍ താഴെയായി സൂക്ഷിക്കണം. ട്രാന്‍സ് കൊഴുപ്പ് ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. സൈക്ലിംഗ്, ഓട്ടം, നടത്തം, നീന്തല്‍ എന്നിവ പോലുള്ള എയ്റോബിക് വ്യായാമങ്ങൾ എച്ച്.ഡി.എല്‍ അളവ് (നല്ല കൊളസ്‌ട്രോള്‍) ഉയര്‍ത്താനും, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോൾ, കുട്ടികളിലായാലും മുതിർന്നവരിലായാലും സമയത്ത് തന്നെ കണ്ടെത്തി വേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കുന്നതാണ്,