ഉറക്കത്തിൽ കാലിലെ പേശി ഉരുണ്ടു കയറ്റം (leg muscle cramps)നിരവധി പേരെ ശല്യപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. പേശിവലിവ്, കോച്ചിപ്പിടിത്തം, മസിലുകയറ്റം, ഉരുണ്ട് കയറ്റം എന്നിങ്ങനെ പല പേരുകളില്‍ ഈ വേദന അറിയപ്പെടുന്നുണ്ട്. പലർക്കും ഇതൊരു നിത്യ ശല്യമാണ്.
സാധാരണ രാത്രി ഉറങ്ങാൻ കിടന്നു കഴിഞ്ഞോ, ഉറക്കത്തിലോ ആണ് അസഹ്യമായ കാലുവേദനയോടെ ഉണരേണ്ടി വരിക. കാൽവണ്ണയുടെ പിന്നിലെ പേശികളായ കാഫ് മസിൽസ് (Calf muscles) ആണ് കൂടുതലും ശല്യമുണ്ടാക്കുക. നമ്മളറിയാതെ തന്നെ നമ്മുടെ പേശികൾ നിരവധി തവണ സങ്കോചിക്കുകയും അയയുകയും ചെയ്തു കൊണ്ടിരിക്കും. എന്നാൽ ചിലരിൽ പേശികൾ ശക്തമായി സങ്കോചിക്കുകയും അയഞ്ഞു തരാതിരിക്കുകയും ചെയ്യുന്നതാണ് ഈ അസുഖത്തിനാധാരം. തികച്ചും അപ്രതീക്ഷിതമായി പേശി സങ്കോചിച്ച് വേദനയോടെ ഉരുണ്ടു കയറും. പലപ്പോഴും അസഹ്യമായ വേദനയോടെയായിരിക്കും ഉറക്കമുണരുക. പേശി അയക്കാൻ ശ്രമം നടത്തിയാലും പെട്ടെന്ന് സാധിക്കില്ല. വേദന കൂടുകയായിരിക്കും ഫലം.
മുതിർന്ന സ്ത്രീകളെയും വയോജനങ്ങളെയുമാണ് മസിൽ ഉരുണ്ടു കയറ്റം കൂടുതൽ ശല്യപ്പെടുത്തുക.
- വ്യായാമ രഹിതമായ ജീവിത ശൈലി,
- തൊഴിൽപരമായോ മറ്റോ എറെ നേരം കാല് തൂക്കിയിട്ട് ഇരിക്കുക, നിൽക്കുക,
- അമിത വ്യായാമമോ ജോലിഭാരമോ,
- അമിത വിയര്പ്പ് കടുത്ത ചൂടിലും ഉഷ്ണത്തിലും വ്യായാമം ചെയ്യുക,
- കാലുകൾ തെറ്റായ രീതിയിൽ വെച്ച് കിടക്കുക,
- തണുപ്പേൽക്കുക,
- കട്ടിയും ഭാരവുമുള്ള പുതപ്പു കൊണ്ട് കാലുകൾ മൂടി കിടക്കുക,
- മദ്യപാനം, പുകവലി,
- ചില രോഗങ്ങളുടെയോ അവസ്ഥകളുടെയോ ലക്ഷണമായി പേശി പിടുത്തം( leg muscle cramps)കാണാം.
- ഗർഭകാലം
- പ്രമേഹം, രക്താതി സമ്മർദം ,അമിത വണ്ണം, വൃക്ക, കരൾ , തൈറോയിഡ് രോഗങ്ങൾ,
- പേശികൾക്കോ ഞരമ്പിനോ തകരാർ
- സുഷുമ്നാ നാഡിയുടെ തകരാറുകൾ
- കാലുകളിലേക്ക് രക്തയോട്ടം കുറവ്
- വെരികോസ് വെയിനുകൾ(Varicose veins)
- മൂത്രം പോകാനും രക്ത സമ്മർദ്ദവും കൊളസ്റ്ററോളും കുറയാനും ഉപയോഗിക്കുന്ന ചില മരുന്നുകൾ,
- ഗർഭ നിരോധനത്തിനും, ആസ്ത്മക്കും ഉള്ള ഗുളികകൾ,
- ഹോർമോണുകളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ
- രക്തത്തിലെയും ശാരീരീരത്തിലേയും ലവണങ്ങളുടെയും ജലാംശത്തിൻറെയും അനുപാതത്തിൽ വരുന്ന വ്യതിയാനങ്ങൾ (Fluid and electrolyte disturbances),
- ശരീരത്തിലെ കാൽസ്യം അളവ് കുറയുക, കൂടുക.
പേശി ഉരുണ്ടു കയറ്റം ഉണ്ടാകുമ്പോൾ വെപ്രാളപ്പെടാതിരിക്കുക,ബാധിക്കപ്പെട്ട പേശികളെ പതുക്കെ തടവി വലിച്ചു നീട്ടി (Stretch) പിടിത്തം കുറയ്ക്കുക. ഒരു ടൗവ്വലോ തോർത്തോ സാരിയോ ഷാളോ ഉപയോഗിക്കാം,
എഴുന്നേറ്റ് കുറച്ചു നിന്ന ശേഷം ഉപ്പൂറ്റി കുത്തി പതുക്കെ നടക്കാൻ ശ്രമിക്കുക,
സഹിക്കാവുന്ന ചൂടു വെള്ളത്തിൽ മുക്കിയ തുണി കൊണ്ടോ, വാട്ടർ ബോട്ടിൽ കൊണ്ടോ, ഹീറ്റിങ് പാഡ് ഉപയോഗിച്ചോ ചൂട് വയ്ക്കുക,
കുറച്ചു ഉപ്പിലിട്ടതിൻറെ വെള്ളം (Pickle juice) കുടിയ്ക്കുക,
രാത്രികാല മസിലു പിടിത്തം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക. അമിതമായി വെള്ളം കുടിക്കാതിരിക്കുക, ഉറങ്ങുന്നതിനു മുമ്പ് കാലുകൾക്കു ലഘു വ്യായാമവും സ്ട്രെച്ചിങ്ങും നൽകുക, കൂടുതൽ തണുപ്പ് ഏൽക്കാതിരിക്കുക, കൊട്ടണോ(Cotton), വുള്ളണോ(Woollen) സോക്സ് ഉപയോഗിക്കുന്നത് പരിഗണിക്കുക, പാദം താഴേക്ക് നീട്ടി വച്ചു കിടക്കുന്നത് ഒഴിവാക്കുക, കട്ടിയും ഭാരവും കുറഞ്ഞ തുണിയോ പുതപ്പോ കൊണ്ട് വേണം കാല് മൂടാൻ. ടക്ക് ചെയ്ത ഷീറ്റിന് അടിയിലേക്ക് കാൽ കയറ്റി ഉറങ്ങാതിരിക്കുക, ശരിയായ പാദരക്ഷകൾ ഉപയോഗിക്കുക,
ഡോക്ടറെ കാണേണ്ടതെപ്പോൾ?
കഠിനമായ വേദനയും നടക്കാൻ ബുദ്ധിമുട്ടും, പേശിയിൽ നീരും തൊലിപ്പുറമേ വ്യത്യാസവും, ബലക്കുറവ്, കുട്ടികളിൽ നടക്കാൻ പ്രയാസവും കണംകാൽ(Calf) മസിൽ മെലിച്ചിലോ വണ്ണം കൂടുകയോ, ഇടയ്ക്കിടെ ശല്യപ്പെടുത്തുക, കാരണമൊന്നും കാണാതിരിക്കുക, ഏറെനേരം നീണ്ടു നിൽക്കുകയും, സ്വയം ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് മാറാതെ വരികയും ചെയ്യുക.
മേൽപറഞ്ഞ കാരണങ്ങളുണ്ടെങ്കിൽ അതു പരിഹരിച്ചാൽ ശല്യം കുറയ്ക്കാം. കാലിൽ നീരോ വാരിക്കോസ് വെയിൻശല്യമോ ഉള്ളവർക്ക് ഇതിനായുള്ള കമ്പ്രഷൻ സ്റ്റോക്കിങ്ങ്സുകളുടെ നിർദ്ദേശപ്രകാരമുള്ള ഉപയോഗം പ്രയോജനകരമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആസ്ത്മായുടെയും രക്താതിസമ്മർദ്ദത്തിൻ്റെയും മരുന്നുകളുടെ ഡോസിലോ,സങ്കരങ്ങളിലോ മരുന്നിലോ വ്യത്യാസം വരുത്താം. മുട്ടുവരെ നീളമുള്ള കാലുറകൾ ധരിച്ച് കട്ടികുറഞ്ഞ പുതപ്പുകൊണ്ട് കാലുമൂടി ഉറങ്ങുന്നതും ഗുണകരമാണ്. എയർ കണ്ടീഷനറുകൾ ഉപയോഗിക്കുന്നവർ 25 ഡിഗ്രി C ക്കു മുകളിൽ സെറ്റു ചെയ്യുക. കാൽസിയം-വൈറ്റമിൻ ഡി സങ്കരങ്ങൾ, വൈറ്റമിൻ ഇ, എൽ കാർണിത്തിൻ എന്നിവയെല്ലാം ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. കാലിലെ പേശികളുടെ ചികിത്സാ വ്യായമങ്ങളും സ്ട്രച്ചിംങ്ങും പ്രശ്നം ലഘൂകരിക്കും. വേദനയോടെ കാലുരുണ്ടുകയറുമ്പോഴും പെട്ടെന്നു കുറയാൻ ചില വ്യായമങ്ങൾ ഉപകരിക്കും.