Nammude Arogyam
CancerWoman

ബ്രെസ്റ്റ് എംആർഐ: അറിയേണ്ടതെല്ലാം

ബ്രെസ്റ്റ് എംആർഐ (Breast MRI) അഥവാ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് ആരോഗ്യ രംഗത്തെ ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളിൽ ഒന്നാണ്. റേഡിയോ തരംഗങ്ങളും ശക്തമായ കാന്തങ്ങളും ഉപയോഗിച്ച് സ്തനത്തിനുള്ളിലെ പ്രശ്നങ്ങളുടെ വിശദമായ ചിത്രം നലകാൻ ബ്രെസ്റ്റ് എംആർഐ സഹായിക്കുന്നു.

സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ, പലരും ആദ്യമൊന്നും അത്ര കാര്യമാക്കില്ല. എന്നാൽ തുടർച്ചയായി അസഹനീയമായ വേദന കൂടുമ്പോഴാണ് ഡോക്ടറെ കാണാൻ തീരുമാനിക്കുക. പരിശോധന നടത്തുന്ന മുറക്ക് ഡോക്ടർ ആദ്യം ആവശ്യപ്പെട്ടത് ബ്രെസ്റ്റ് എംആർഐ ചെയ്യാനാണ്. ഒപ്പം അനുബന്ധ ടെസ്റ്റുകൾ വേറെയും. ബ്രെസ്റ്റ് എംആർഐ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ആരും ഒന്ന് പകച്ച് പോകും. എവിടെ ചെയ്യണം, എന്തൊക്കെ കാര്യങ്ങൾ ഇത് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണം? ഇതിനായി എന്തെങ്കിലും തയ്യാറെടുപ്പുകൾ വേണോ? എന്നിങ്ങനെ നൂറുകണക്കിന് സംശയങ്ങൾ നേരിടുന്നവർ നിരവധിയുണ്ട് നമുക്കിടയിൽ.

സ്തനാർബുദം കണ്ടെത്തിയ സ്ത്രീകളിൽ ക്യാൻസറിെൻറ വലുപ്പം എത്രത്തോളമുണ്ട് എന്ന് അളക്കുന്നതിനും സ്തനത്തിലെ മറ്റ് മുഴകൾ പരിശോധിക്കുന്നതിനും മറ്റെവിടെയെങ്കിലും വളർച്ചയുണ്ടോ എന്ന് നോക്കുന്നതിനും എല്ലാം ബ്രെസ്റ്റ് എംആർഐ സാധാരണയായി ഉപയോഗിക്കുന്നു. എന്നാൽ സ്തനാർബുദം കണ്ടെത്തിയ എല്ലാ സ്ത്രീകൾക്കും ബ്രെസ്റ്റ് എംആർഐ ആവശ്യമായി വരാറില്ല.

സ്തനാർബുദ സാധ്യത കൂടുതലുള്ള ചില സ്ത്രീകളിൽ വർഷത്തിലൊരിക്കൽ നടത്തുന്ന മാമോഗ്രാം ടെസ്റ്റിനൊപ്പം എംആർഐ സ്ക്രീനിംഗ് കൂടി ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. എംആർഐ മാത്രമായല്ല ചെയ്യാൻ പറയുന്നത്. ഒരുപക്ഷേ, ചിലപ്പോൾ മാമോഗ്രാം വഴി കണ്ടെത്തുന്ന ചില അർബുദ കോശങ്ങൾ എംആർഐയിൽ കണ്ടില്ലെന്നും വരാം. അതേസമയം മാമോഗ്രാമിൽ കാണാത്ത ചില അർബുദങ്ങൾ എംആർഐക്ക് കണ്ടെത്താനാകുകയും ചെയ്യും. എന്നാൽ ഇക്കൂട്ടത്തിൽ ക്യാൻസർ സെൽസ് അല്ലാത്തവയും ഉൾപ്പെടാൻ സാധ്യതയുണ്ട്. പലപ്പോഴും ക്യാൻസറസ് അല്ലാത്ത സെല്ലുകളും എംആർഐയിൽ കയറി വരാം. ഇതോടൊപ്പം തന്നെ മറ്റ് ടെസ്റ്റുകളും അല്ലെങ്കിൽ ബയോപ്സി അടക്കം എടുക്കാൻ നിർദേശിക്കാറുണ്ട്. അതുകൊണ്ടാണ് ശരാശരി സ്തനാർബുദ സാധ്യതയുള്ള സ്ത്രീകൾക്ക് ഒരു സ്ക്രീനിംഗ് ടെസ്റ്റായി എംആർഐ മിക്കപ്പോഴും ശുപാർശ ചെയ്യാത്തത്.

സ്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എക്സ്-റേ മെഷീനുകൾ ഉപയോഗിച്ച് മാമോഗ്രാമുകൾ ചെയ്യുന്നതുപോലെ തന്നെ ബ്രെസ്റ്റ് എംആർഐയ്ക്കും ഇത്തരം പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്. ഈ എംആർഐ യന്ത്രത്തെ ‘എംആർഐ വിത് ഡെഡിക്കേറ്റഡ് ബ്രസ്റ്റ് കോയിൽസ്’ എന്ന് വിളിക്കുന്നു. എല്ലാ ആശുപത്രികളിലും ഇമേജിംഗ് സെൻററുകളിലും ബ്രെസ്റ്റ് എംആർഐ ഉപകരണങ്ങൾ ഉണ്ടായെന്നുവരില്ല. ഒരു ബ്രെസ്റ്റ് എംആർഐ എടുക്കണം എന്നുണ്ടെങ്കിൽ അതിന് മുമ്പ് പറഞ്ഞ ഉപകരണങ്ങളുള്ള ഒരു കേന്ദ്രത്തെ സമീപിക്കണം.

ശരീരത്തിന്റെ വളരെ വിശദമായ, ക്രോസ്-സെക്ഷണൽ ചിത്രങ്ങൾ എടുക്കാൻ എംആർഐ വികിരണങ്ങൾക്ക് പകരം ശക്തമായ കാന്തിക ശക്തിയാണ് ഉപയോഗിക്കുന്നത്. ഒരു എംആർഐ സ്കാനർ പല കോണുകളിൽ നിന്നും ചിത്രങ്ങൾ എടുക്കും. ആരെങ്കിലും ശരീരത്തിന്റെ മുന്നിൽ നിന്നോ വശത്ത് നിന്നോ തലയ്ക്ക് മുകളിൽ നിന്നോ നോക്കുന്നതു പോലെയുള്ള ചിത്രങ്ങൾ ഇതുവഴി ലഭിക്കും. ശരീരത്തിന്റെ മൃദുവായ ടിഷ്യു ഭാഗങ്ങളുടെ ചിത്രങ്ങൾ വരെ എംആർഐ ലഭ്യമാക്കും. മറ്റ് ഇമേജ് ടെസ്റ്റുകൾ ഉപയോഗിച്ച് കാണാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വരെ കണ്ടെത്താൻ എംആർഐ സഹായിക്കും.

സാധാരണയായി ഒരു എംആർഐയ്ക്ക് പോകുന്നതിന് മുമ്പ് പ്രത്യേക ഭക്ഷണക്രമമോ തയ്യാറെടുപ്പോ ഒന്നും തന്നെ ആവശ്യമില്ല. എന്നാൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം.

പരിശോധനക്ക് ലോഹ വസ്തുക്കൾ എല്ലാം ശരീരത്തിൽ നിന്ന് ഒഴിവാക്കി എന്ന് ഉറപ്പു വരുത്തണം. ഹെയർ ക്ലിപ്പുകൾ, ആഭരണങ്ങൾ, ഡെൻറൽ ക്ലിപ്പുകൾ തുടങ്ങി എല്ലാ ലോഹ വസ്തുക്കളും നീക്കം ചെയ്യുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചില ലോഹ വസ്തുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നുവരില്ല, എന്നാൽ ചിലത് പ്രശ്നമുണ്ടാക്കിയേക്കും. അത്തരത്തിൽ പ്രശ്നമുണ്ടാക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1.ഒരു ഇംപ്ലാൻറഡ് ഡിഫിബ്രില്ലേറ്റർ അല്ലെങ്കിൽ പേസ് മേക്കർ

2.മസ്തിഷ്കവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ക്ലിപ്പുകൾ

3.ഒരു കോക്ലിയർ ഇംപ്ലാൻറ് (ചെവി)

4.രക്തക്കുഴലുകൾക്കുള്ളിലെ ലോഹ കോയിലുകൾ

ഇവയുണ്ടെങ്കിൽ നേരത്തേ മെഡിക്കൽ പ്രാക്ടീഷണർമാരെ അറിയിക്കണം.

എംആർഐ സ്കാൻ സാധാരണയായി ഒരു ആശുപത്രിയിലോ, ക്ലിനിക്കിലോ ആണ് ചെയ്യുന്നത്. ഇടുങ്ങിയതും പരന്നതുമായ മേശയിൽ മുഖമമർത്തി കിടക്കേണ്ടി വരും. ഒരു ടെക്നോളജിസ്റ്റ് സഹായിക്കാൻ കൂടെയുണ്ടാവും. അതിനുശേഷം മേശ ഒരു നീണ്ട, ഇടുങ്ങിയ ട്യൂബിലേക്ക് സ്ലൈഡ് ചെയ്യും.

പരിശോധന വേദനയില്ലാത്ത ഒന്നാണ്. പക്ഷേ ആ ഇടുങ്ങിയ ട്യൂബിനുള്ളിൽ കിടക്കേണ്ടി വരും. പരിശോധനക്കിടെ ചില സമയത്ത് ശ്വാസം പിടിക്കാനോ നിശബ്ദത പാലിക്കാനോ ആവശ്യപ്പെട്ടേക്കാം. മാഗ്നറ്റ് ഓണാക്കുമ്പോഴും ഓഫ് ചെയ്യുമ്പോഴും വാഷിംഗ് മെഷീന്റെ ശബ്ദം പോലെ ഒരു ശബ്ദം ഉച്ചത്തിൽ മുഴങ്ങിയേക്കാം. പരിശോധനയ്ക്കിടെ ശബ്ദം പ്രശ്നമാകാതിരിക്കാൻ സഹായിക്കുന്നതിന് ഇയർപ്ലഗുകളോ ഹെഡ്ഫോണുകളോ നൽകുകയും ചെയ്യും.

ബ്രെസ്റ്റ് ഇമേജിംഗിനുള്ള എംആർഐ ചെയ്യുന്നതിനു മുമ്പ് ഗാഡോലിനിയം എന്ന കോൺട്രാസ്റ്റ് മെറ്റീരിയൽ കൈയിലെ സിരയിലേക്ക് കുത്തിവയ്ക്കും. ഇത് സ്തനകലകളുടെ വിശദാംശങ്ങൾ വ്യക്തമായി കാണിക്കാൻ സഹായിക്കും. (ഇത് CT സ്കാനുകളിൽ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഡൈ പോലെയുള്ള ഒന്നല്ല.) ഏതെങ്കിലും തരത്തിലുള്ള അലർജികൾ ഉണ്ടെങ്കിൽ അത് നേരത്തേ ടെക്നോളജിസ്റ്റിനെ അറിയിക്കുക.

ടെസ്റ്റ് സമയത്ത് നിശ്ചലമായി കിടക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ സെറ്റ് ചിത്രങ്ങളും തയാറാവാൻ സാധാരണയായി കുറച്ച് മിനിറ്റെടുക്കും. മുഴുവൻ ടെസ്റ്റും തീരാൻ സാധാരണ 45 മുതൽ 60 മിനിറ്റ് വരെ സമയം എടുത്തേക്കും.

Related posts