Nammude Arogyam
GeneralHeart DiseaseWoman

ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?

ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും. ഹൃദയാഘാതം വരുമ്പോള്‍ ഹൃദയത്തിന്റെ രക്തക്കുഴല്‍ തടസ്സപ്പെടുകയും രക്ത വിതരണം കുറയുകയും ആ ഭാഗം നശിക്കുകയും ചെയ്യും. സ്‌ട്രോക്കില്‍ സംഭവിക്കുന്നത്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗത്തിന് ആവശ്യമായ രക്തവിതരണം ലഭിക്കാത്തതിനാല്‍, ആ പ്രദേശം നിര്‍ജീവമാകുന്നു. തലച്ചോറിന്റെ ഈ നശിച്ച ഭാഗം പിന്നെ വീണ്ടെടുക്കാനാവില്ല, ഇത് പിന്നീട് ജീവിതത്തിന് ഗുരുതരമായ വൈകല്യം ഉണ്ടാക്കുന്നു.

ഇന്നത്തെ ജീവിതശൈലിയില്‍ ആര്‍ക്കുവേണമെങ്കിലും ഇവ രണ്ടും വരാം. എന്നാല്‍ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഇത് കൂടുതലാണെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. യൂറോപ്യന്‍ സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ESO) കോണ്‍ഫറന്‍സ് അവതരിപ്പിച്ച ഒരു പഠനമനുസരിച്ച്, പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും വര്‍ദ്ധിക്കുന്നു എന്നാണ്. ജോലി സമ്മര്‍ദ്ദം, ഉറക്ക തകരാറുകള്‍, ക്ഷീണം എന്നിവയാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. സാധാരണയായി ഈ രോഗങ്ങളുടെ അപകടഘടകങ്ങളും ഇതു തന്നെയാണ്.

പ്രമേഹം, രക്താതിമര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകവലി, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള അപകട ഘടകങ്ങളായി അംഗീകരിക്കപ്പെടുന്നു. എന്നാല്‍ അടുത്തിടെ ജോലി സമ്മര്‍ദ്ദവും ഉറക്ക പ്രശ്‌നങ്ങളും ഗണ്യമായി ഹൃദയ സംബന്ധമായ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

പരമ്പരാഗതമായി സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതവും സ്‌ട്രോക്കും കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുകവലി, അമിതവണ്ണം എന്നിവ പുരുഷന്മാരില്‍ കൂടുതലാണെന്ന് പഠനം കണ്ടെത്തി. എന്നാല്‍ ജോലി സമ്മര്‍ദ്ദം, ഉറക്ക തകരാറുകള്‍, ക്ഷീണം എന്നിവ പോലുള്ള ഘടകങ്ങളാണ് സ്ത്രീകളിലെ അപകട ഘടകങ്ങള്‍ക്ക് വലിയ കാരണമെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്തു. ദിവസത്തില്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കണക്കാക്കുമ്പോള്‍ ഈ പഠന റിപ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ ശരിയെന്നുവേണം കണക്കാക്കാന്‍. സമ്മര്‍ദ്ദമേറിയ ജോലിയും ഗാര്‍ഹിക ഉത്തരവാദിത്തങ്ങളും ആരോഗ്യക്കുറവും അല്ലെങ്കില്‍ മറ്റ് സാമൂഹിക-സാംസ്‌കാരിക വശങ്ങളും അപകടത്തിന് ഒരു കാരണമാകാം.

2007, 2012, 2017 മുതലുള്ള സ്വിസ് ഹെല്‍ത്ത് സര്‍വേയിലെ 22,000 പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവരങ്ങള്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. അപകട ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ത്രീകളുടെ എണ്ണത്തില്‍ ഭയപ്പെടുത്തുന്ന വര്‍ദ്ധനവ് ഇവര്‍ കണ്ടെത്തി. 2007 ല്‍ 38 ശതമാനമായിരുന്ന മുഴുവന്‍ സമയവും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 2017 ല്‍ 44 ശതമാനമായി വര്‍ദ്ധിച്ചു.

ജോലിസ്ഥലത്തെ സമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്യുന്ന പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം 2012 ല്‍ 59 ശതമാനത്തില്‍ നിന്ന് 2017 ല്‍ 66 ശതമാനമായി ഉയര്‍ന്നു. ക്ഷീണം അനുഭവിക്കുന്നവര്‍ 23 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി (സ്ത്രീകളില്‍ 33 ശതമാനവും, പുരുഷന്മാരില്‍ 26 ശതമാനം). അതേ കാലയളവില്‍ ഉറക്ക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 24 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി ഉയര്‍ന്നു, കടുത്ത ഉറക്ക തകരാറുകളും പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ (8 ശതമാനം) കുത്തനെ ഉയര്‍ന്നു. ഹൃദയാഘാതവും, സ്‌ട്രോക്കും തടയാന്‍ എന്തൊക്കെ മുൻകരുതലുകൾ എടുക്കാമെന്ന് നോക്കാം.

ഉദാസീനമായ ജീവിതശൈലി നയിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും അമിതവണ്ണത്തിനും കാരണമാകും. ഇത് പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും വഴിവയ്ക്കുകയും സ്‌ട്രോക്ക് ഹൃദയാഘാതം പോലുള്ളവ പിടിപെടുകയും ചെയ്യും. ഇതൊഴിവാക്കുന്നതിന് വേണ്ടി ദിവസവും 15-30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ജോഗിംഗ് അല്ലെങ്കില്‍ നടത്തം പോലുള്ള രസകരമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

പോഷകസമൃദ്ധവും സമതുലിതവുമായ ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിര്‍ത്തുന്നത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. നാരുകള്‍ അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുക. വിറ്റാമിനുകളും ധാതുക്കളും വേണ്ടത്ര ലഭിക്കാന്‍ ധാരാളം പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവ കഴിക്കുക. പോഷകാഹാരം ഉറപ്പുവരുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

പുകവലി, ധമനികള്‍ ഇടുങ്ങിയതാക്കുകയും രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, അമിതമായ മദ്യപാനം ശരീരഭാരം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്താതിമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുകയും അതുവഴി സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഇവ രണ്ടും ഉപേക്ഷിക്കുക.

കൊളസ്‌ട്രോള്‍ അളവിലെ അസന്തുലിതാവസ്ഥ ഹൃദയത്തിനും തലച്ചോറിനും ദോഷം ചെയ്യും. കൊളസ്‌ട്രോള്‍ കൂടിയാല്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും അവയെ ചുരുക്കുകയും ചെയ്യും. പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം, വ്യായാമം എന്നിവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സ്‌ട്രോക്കിനെ അകറ്റി നിര്‍ത്താനും സഹായിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തിലെ ധമനിയുടെ മതിലുകളെ 4 മുതല്‍ 6 മടങ്ങ് കട്ടിയാക്കുകയും ഇത് ഹൃദയാഘാതത്തിലേക്കോ സ്‌ട്രോക്കിലേക്കോ നയിക്കുകയും ചെയ്യുന്നു. ഉപ്പ്, മദ്യം, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താം. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

മുകളിൽ പറഞ്ഞ ജീവിതശൈലി മാറ്റങ്ങളിലൂടെ നമുക്ക് ഹൃദയാഘാതത്തെയും, സ്‌ട്രോക്കിനെയും ഒരു പരിധി വരെ തടഞ്ഞ് നിർത്താൻ സാധിക്കും. ക്രമരഹിതമോ അസാധാരണമോ ആയ ഹൃദയമിടിപ്പ്, ക്ഷീണം, ശരീര ഭാഗങ്ങൾ കോടുക തുടങ്ങിയവ പോലെ അനുഭവപ്പെടുകയാണെങ്കില്‍ ഉടൻ ഡോക്ടറെ സമീപിക്കുക.

Related posts