Nammude Arogyam
Healthy Foods

രക്തസമ്മർദ്ദം ഒരു നിശബ്ദ കൊലയാളി

രോഗ സാധ്യതകൾ ഉള്ളതുകൊണ്ട് നിത്യജീവിതത്തിൽ പല കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നൽകിക്കൊണ്ട് ജീവിക്കേണ്ടിവരുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉയർന്ന ബിപി അഥവാ രക്തസമ്മർദ്ദം. രക്തസമ്മർദ്ദത്തിൻ്റെ സാധ്യതകൾ ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. പാരമ്പര്യവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ആഹാര ക്രമങ്ങളും ഒക്കെ രക്തസമ്മർദ്ദത്തിൻ്റെ സാധ്യതകൾ ഉയർത്തുന്നതിന് പ്രധാന കാരണങ്ങളാണ്. അമിതമായ രക്തസമ്മർദ്ദം ഹൃദ്രോഗസാധ്യത ഉയർത്തുകയും ആരോഗ്യസംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട് എന്ന് പറയപ്പെടുന്നു.

രക്താതിമർദ്ദം മൂലം ലോകത്തുടനീളം മരിക്കുന്നവരുടെ എണ്ണം കണക്കിലെടുത്തു കൊണ്ട് തന്നെയാണ് ഈയൊരു ജീവിതശൈലി രോഗത്തെ ‘നിശബ്ദ കൊലയാളി’ എന്ന പേരിൽ വിളിച്ചു വരുന്നത്. അമിത രക്തസമ്മർദ്ദമുള്ള ആളുകൾ ഏറ്റവും ശ്രദ്ധ നൽകുന്ന കാര്യങ്ങളിലൊന്ന് അവരുടെ ഭക്ഷണ ശീലങ്ങളാണ്. രക്തസമ്മർദ്ദമുള്ള ആളുകൾ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം വയ്ക്കാറുണ്ട്. രക്താതിമർദ്ദത്തിൻ്റെ സാധ്യതകളെ പ്രതിരോധിക്കുന്നതിനും അത് നിയന്ത്രിച്ചു നിർത്തുന്നതിനുമായി സസ്യാഹാരം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ള പ്രത്യേകതരം ഭക്ഷണക്രമ രീതിയാണ് ഡാഷ് ഡയറ്റ്.

ഉയർന്ന രക്തസമ്മർദ്ദ സാധ്യതകൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഗവേഷകർ 1990 കളിൽ ഡാഷ് ഡയറ്റ് എന്നൊരു ഭക്ഷണക്രമം ആവിഷ്കരിച്ചെടുത്തത്. രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളുള്ള ആളുകളിൽ അത് ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി തയ്യാറാക്കിയതാണ് ഡാഷ് ഡയറ്റ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ‘ബെസ്റ്റ് ഹാർട്ട് ഹെൽത്ത് ഡയറ്റ്’ എന്ന് പേരിട്ടു വിളിച്ച ഡാഷ് ഡയറ്റ് രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഏറ്റവുമധികം പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള ഒന്നാണെന്ന് പറയപ്പെടുന്നു.

ഈ ഭക്ഷണരീതി പ്രധാനമായും ദൈനംദിന ഭക്ഷണശീലത്തിലെ ഉപ്പിൻ്റെ അളവ് കുറയ്ക്കുന്നു. നമ്മൾ കഴിക്കുന്ന മിക്കവാറും ഭക്ഷണങ്ങളിലെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്. ഡാഷ് ഡയറ്റ് പ്രോഗ്രാം പ്രതിദിനം 2,300 മില്ലിഗ്രാം സോഡിയത്തിൽ കൂടുതൽ കഴിക്കാൻ ശുപാർശ ചെയ്യുന്നില്ല. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, ബീൻസ് എന്നിവ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആണ് പ്രധാനമായും ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്നത്. മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ, അധിക കൊഴുപ്പുകൾ എന്നിവ കഴിക്കുന്നത് ഈ ഡയറ്റ് രീതിയിൽ പരിമിതമാക്കി മാറ്റുന്നു. ഡാഷ് ഡയറ്റ് മറ്റുള്ള ഡയറ്റ് പോലെ ഭക്ഷണങ്ങൾ എത്രത്തോളം കഴിക്കുന്നു എന്നല്ല മറിച്ച് സോഡിയത്തെ അളവ് കൂടുതലുള്ള ചില ഭക്ഷണങ്ങൾ ഒഴിവാക്കി കൊണ്ടും ഉപ്പിൻ്റെ ഉപയോഗം കുറച്ചുകൊണ്ടുമാണ് ഇത് ചെയ്യുന്നത്. സമതുലിതമായ രീതിയിൽ ഭക്ഷണം ക്രമീകരിച്ചുകൊണ്ട് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡാഷ് ഡയറ്റ് പിന്തുടരുന്നവർ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

1.ധാന്യങ്ങൾ‌: ഒരാൾ‌ക്ക് ഗ്രാനോള (തേൻ ചേർത്ത് ഉണ്ടാക്കുന്ന ഓട്സ്), പോപ്‌കോൺ‌ (ചോളം), ബ്രൗൺ‌ റൈസ്, ഗോതമ്പ്‌ പാസ്ത, മൾ‌ട്ടിഗ്രെയിൻ‌ ബ്രെഡ്, ഓട്‌സ് എന്നിവ കഴിക്കാം

2.പച്ചക്കറികൾ: കുക്കുമ്പർ, ബെൽ പെപ്പർ, മധുരക്കിഴങ്ങ്, ബ്രൊക്കോളി, മിക്സഡ് പച്ചിലകൾ, കാരറ്റ്, സെലറി

3.പഴങ്ങൾ: മാതളനാരങ്ങ, വാഴപ്പഴം, ആപ്പിൾ, പിയേഴ്സ്, അവോക്കാഡോസ്, സ്ട്രോബെറി, റാസ്ബെറി

4.നട്ട്സ്: ബദാം, വാൽനട്ട്, പിസ്ത, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ

5.പാലുൽപ്പന്നങ്ങൾ: കൊഴുപ്പ് കുറഞ്ഞ ഗ്രീക്ക് തൈര്, റൊമാനോ ചീസ്, മാഞ്ചെഗോ ചീസ്.

മുട്ട, ഓട്സ്, ഗോതമ്പ് ടോസ്റ്റ്, തൈര് ചേർത്ത പഴങ്ങളും പച്ചക്കറികളും തുടങ്ങിയവയെല്ലാം ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്ന ഭക്ഷണമാണ്. ഇനി പറയുന്ന ഭക്ഷണങ്ങൾ ഡാഷ് ഡയറ്റിൽഉൾപ്പെടുത്താൻപാടില്ല.

1.പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, ട്രാൻസ് കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക

2.ഉയർന്ന കൊളസ്ട്രോൾ ഉള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക, കാരണം ഇത് ഹൃദ്രോഗത്തിന് ഭീഷണിയാണ്.

3.സോഡിയം പരിമിതപ്പെടുത്തുക, സോഡിയം ശരീരത്തിൽ ഉയർന്ന അളവിൽ ദ്രാവകം കെട്ടിനിർത്തുന്നതിന് കാരണമാകുന്നു, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

4.മധുരപലഹാരങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കുക. പഞ്ചസാര ശരീരത്തിൽ ട്രൈഗ്ലിസറൈഡുകളെ വർദ്ധിപ്പിക്കുന്നു (രക്തത്തിൽ കാണപ്പെടുന്ന കൊഴുപ്പ്). ഉയർന്ന ട്രൈഗ്ലിസറൈഡുകൾ ധമനികളെ കഠിനമാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

5.മിഠായി, കുക്കികൾ, ചിപ്സ്, പിസ, സോഡ, കെച്ചപ്പ്, കുക്കീസ്, എനർജി ഡ്രിങ്കുകൾ എന്നിവയെല്ലാം ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്.

നിലവിലെ ഭക്ഷണക്രമത്തെ ഡാഷ് ഡയറ്റായി മാറ്റിയെടുക്കാൻ കഴിയും. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പ് കുറഞ്ഞ ഉൽപ്പന്നങ്ങളും പ്രോട്ടീനുകളും തിരഞ്ഞെടുക്കുക, സംസ്കരിച്ചതും ഉയർന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. ഈയൊരു ഭക്ഷണ രീതി പിന്തുടരുന്നത് ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഡാഷ് ഡയറ്റിൽ ആയിരിക്കുമ്പോൾ മിതമായ അളവിൽ കാപ്പി കുടിക്കുന്നതിൽ തെറ്റില്ല. ഡാഷ് ഡയറ്റ് രീതി പിന്തുടരുന്നതിനോടൊപ്പം മതിയായ വ്യായാമങ്ങളും കൂട്ടിച്ചേർക്കുന്നത് കൂടുതൽ ഫലപ്രദമാക്കും.

ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത വ്യക്തികൾക്ക് ഈയൊരു ഡയറ്റ് പ്ലാൻ രീതി പിന്തുടരുന്നത് വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കില്ല. മറിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാളാണെങ്കിൽ ഡാഷ് ഡയറ്റ് രീതി ഉറപ്പായും നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

Related posts