അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് ഷാരോണ്‍ കൊലപാതകം. കഷായത്തില്‍ വിഷം ചേര്‍ത്ത് പെണ്‍സുഹൃത്ത് ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ആശുപത്രിയില്‍ മരണത്തിന് അല്‍പ ദിവസങ്ങള്‍ മുന്നേ ചികിത്സയിലായിരുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ വഴിയുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ വിദഗ്ധരടക്കം പറയുന്നത്. കഷായത്തില്‍ കലര്‍ത്തിയ ഈ വിഷം എന്താണെന്നും ഇത് ശരീരത്തില്‍ എത്തിയാല്‍ പാര്‍ശ്വഫലം തടയാന്‍ എന്തൊക്കെ ചെയ്യണമെന്നും നോക്കാം.
കഷായത്തില്‍ കലര്‍ത്തിയ വിഷം കോപ്പര്‍ സള്‍ഫേറ്റ് അഥവാ തുരിശാണോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് പലര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. പാരക്വേറ്റ് ഡൈ ക്ലോറൈഡ് (Paraquat Dichloride)എന്ന ഒരു ഹെര്‍ബിസൈഡാണ് (herbicide)ഇത്. അതായത് പുല്ലുകളും കളകളുമല്ലൊം കളയാന്‍ വേണ്ടി തളിയ്ക്കുന്ന ഒന്നാണിത്. കൃഷി രസായനം എന്നറിയപ്പെടുന്ന പല മരുന്നുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഏറ്റവും മികച്ച ഹെര്‍ബിസൈഡാണ് ഇത്. ഇതിന് മറുമരുന്നില്ലെന്നതാണ് ഇതിനെ കൂടുതല്‍ ഗുരുതരമാക്കുന്നത്. 1961 മുതല്‍ ലോകത്ത് ഇത് ഉപയോഗിച്ചു വരുന്നു. പുറംനാടുകളില്‍ പലയിടത്തും ഇത് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ഉപയോഗിയ്ക്കാനാകൂ. എന്നാല്‍ ഇന്ത്യയില്‍ ഇത് യഥേഷ്ടം ലഭിയ്ക്കും. ഇതിനാല്‍ ഇനിയെങ്കിലും ഇതിന് നിയന്ത്രണം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ഇത് നമ്മുടെ ശരീരത്തില്‍ കലര്‍ന്നാല്‍ ഗുരുതര പ്രശ്‌നമുണ്ടാക്കും എന്നതിനാല്‍ തന്നെ ശരീരത്തില്‍ ഇതെത്തിയാല്‍ ഉടന്‍ ഛര്‍ദിച്ച് പോകാനുള്ള ചില ഘടകങ്ങളും ഈ വിഷത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രഷ്യന്‍ ബ്ലൂ എന്ന വസ്തുവും, ഇതിന് നീല നിറം നല്‍കാനായി ഇതില്‍ ചേര്‍ത്തിട്ടുള്ള ഒന്നാണ്. ഇതിനാലാണ് ചെറുപ്പക്കാരന്‍ ഛര്‍ദിച്ചത് നീല നിറത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. മാത്രമല്ല, ഇതിന് രൂക്ഷ ഗന്ധവുമുണ്ട്. ഇത് സാന്ദ്രത കൂടിയ രൂപത്തില്‍, അതായത് ഒട്ടും നേര്‍പ്പിയ്ക്കാതെ ശരീരത്തിലെത്തിയാല്‍ പൊള്ളലും വയറുവേദനയും ഛര്‍ദിയുമെല്ലാം തന്നെ ഉണ്ടാകും. ഇത് ശരീരത്തിലെ ഓക്‌സിജന്‍ മെറ്റബോളിസത്തില്‍ വ്യത്യാസമുണ്ടാക്കും. കൂടാതെ ഇത് കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇത് മനുഷ്യന്റെ ശ്വാസകോശം, കരള്‍, വൃക്ക എന്നിവയെ തകരാറിലാക്കുന്നു. നമ്മുടെ ശരീരത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ എത്തിയാല്‍ തന്നെ ഇത് ലക്ഷണങ്ങള്‍ കാണിയ്ക്കും. മറു മരുന്നില്ലാത്തതിനാല്‍ ഈ വിഷം ആന്തരികാവയവങ്ങളെയും ബാധിയ്ക്കും. കരള്‍ പ്രവര്‍ത്തനത്തെ, വൃക്കയെ, ഹൃദയത്തെ എല്ലാം തന്നെ ബാധിയ്ക്കാം. മറു മരുന്നില്ലാതെ നമ്മുടെ ശരീരം നശിപ്പിയ്ക്കുന്ന ഒന്നാണ് ഈ വിഷം. മറുമരുന്നില്ലാത്തതിനാല്‍ തന്നെ വീട്ടില്‍ നാം ഇത് സൂക്ഷിയ്ക്കുന്നത് സുരക്ഷിതമല്ല. പ്രത്യേകിച്ചും കുട്ടികളുടെ കയ്യെത്തുന്ന രീതിയില്‍.
ഇത് ആരുടേയെങ്കിലും ഉള്ളിലെത്തിയാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിയ്ക്കുക. ഏത് വിഷമാണെങ്കിലും കുപ്പി കൂടി, അതല്ലെങ്കില്‍ ഏത് വിഷം എന്ന വിവരങ്ങള്‍ ഡോക്ടറെ അറിയിക്കണം. ഇത് ചികിത്സ പെട്ടെന്ന് ചെയ്യാന്‍ സഹായിക്കും. ഒരു പരിധി വരെ ദോഷങ്ങള്‍ കുറയ്ക്കാന്‍ സാധിയ്ക്കും. വിഷം വലിച്ചെടുത്ത് തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്ന ചാര്‍ക്കോള്‍ പോലുള്ള വഴികളുണ്ട്. വയര്‍ കഴുകുന്ന രീതികളുണ്ട്. എന്നാല്‍ എന്തിനും കഴിച്ചത് എന്തെന്ന വിവരം ഡോക്ടര്‍മാര്‍ക്ക് പെട്ടെന്ന് തന്നെ ലഭ്യമാകണം. ഇതു പോലെ തന്നെ ഇത്തരം മാരകമായ വിഷം എല്ലാവര്‍ക്കും ലഭ്യമാകാതിരിയ്ക്കാനുള്ള നിയമങ്ങളുണ്ടാക്കുക, ലൈസന്‍സ് വയ്ക്കുക എന്നതെല്ലാമാണ് ഇത്തരം ദുരുപയോഗങ്ങള്‍ തടയാനുളള വഴികള്‍