പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം എന്നിങ്ങനെ ഏതു തരം ഭക്ഷ്യവിഭവമായാലും അത് പാകം ചെയ്യാനായി മിക്ക ആളുകളും ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത് നോൺ-സ്റ്റിക് പാത്രങ്ങളാണ്. ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഇതിൻ്റെ ഉപയോഗം പാചകവസ്തുക്കളുടെ കണികകളെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പാചക ശേഷം നന്നായൊന്ന് കഴുകുക പോലും ചെയ്യാതെ നമുക്കിത് എളുപ്പത്തിൽ വൃത്തിയാക്കാനാകും. മറ്റൊരു ഗുണമെന്തെന്നാൽ അധികം എണ്ണ ഉപയോഗിക്കാതെ ഈ പാത്രം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാനാവുമെന്നതാണ്. ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി ഗുണങ്ങളുണ്ട് ഇതിനെന്ന് എല്ലാവരും പറയും.
നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം
നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം പലരീതിയിലും ഒരാളുടെ ആരോഗ്യകാര്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പെട്ടെന്നുള്ളതല്ലങ്കിൽ പോലും നോൺ-സ്റ്റിക് പാത്രങ്ങളുടെ ഉപയോഗം ക്യാൻസർ അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഒരു കൂട്ടം അഭിപ്രായമുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രത്തിൻ്റെ അടിഭാഗത്ത് ഭക്ഷണത്തിൻ്റെ കണികകൾ പറ്റിനിൽക്കാതിരിക്കാൻ വേണ്ടിയാണ് നോൺ-സ്റ്റിക്ക് പാത്രങ്ങൾ യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപരിതലത്തിലായി ചേർത്ത് പിടിപ്പിച്ചിരിക്കുന്ന ടെഫ്ലോൺ എന്ന വസ്തുവാണ് ഇതിന് സഹായിക്കുന്നത്. ഒട്ടിപ്പിടിക്കാത്തതും ഉരച്ചിൽ ഉണ്ടാകാൻ സാധ്യതയില്ലാത്തതുമായ ഇതിൻ്റെ ഘടന ഭക്ഷണത്തെ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്നു.
2015 വരെ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ടെഫ്ലോണുകൾ അടുക്കി ചേർക്കാനായി പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് (PFOA) എന്ന രാസവസ്തു ഉപയോഗിച്ചിരുന്നു. ഇത് ഒരാളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഗവേഷണങ്ങളിൽ നിന്നും കണ്ടെത്തി. അതിനുശേഷം ഇതിന്റെ ഉപയോഗം നിർത്തലാക്കി. എങ്കിൽ പോലും വിലകുറഞ്ഞ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചുവരുന്നുണ്ട് എന്നാണ് കണ്ടെത്തൽ. ഈ പ്രത്യേകതരം രാസസംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കരളിൻ്റെ ഭാഗത്തെ മുഴകൾ, സ്തനാർബുദം, വന്ധ്യത, തൈറോയ്ഡ്, വൃക്ക തകരാറുകൾ എന്നിവയാണ് പെർഫ്ലൂറോക്റ്റാനോയിക് ആസിഡിൻ്റെ ഉപയോഗം വഴി ശരീരത്തിന് ഉണ്ടാകാൻ സാധ്യതയുള്ള ചില അനാരോഗ്യ അപകട സാധ്യതകൾ.
അതുകൊണ്ടുതന്നെ നോൺസ്റ്റിക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ എല്ലായ്പ്പോഴും അത് നല്ല നിലവാരമുള്ളതാണെന്ന് പരിശോധിച്ചുറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാത്രത്തിൻ്റെ നോൺസ്റ്റിക് കോട്ടിംഗിന് കേടുപാടുകൾ സംഭവിക്കുകയോ അത് അടർന്നു പോകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അവ മാറ്റിസ്ഥാപിക്കണം.
ടെഫ്ലോൺ ശരിക്കും സുരക്ഷിതമാണോ
നാമിന്ന് ഉപയോഗിക്കുന്ന എല്ലാ നോൺസ്റ്റിക്ക് പാത്രങ്ങളും ടെഫ്ലോൺ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിടെട്രാഫ്‌ളൂറോ എത്തിലീൻ (PTFE) എന്ന ഘടകം ഉപയോഗിച്ച് തയ്യാറാക്കപ്പെടുന്നവയാണ്. കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ സംയോജിപ്പിച്ച് രൂപംകൊണ്ട ഒരു സിന്തറ്റിക് രാസവസ്തുവാണ് ടെഫ്ലോൺ. ഇതിൻ്റെ ജനപ്രീതി കാലങ്ങളായി വളർന്നു കൊണ്ടിരിക്കുമ്പോൾ പോലും ആരോഗ്യകാര്യത്തിൽ ഇത് സുരക്ഷിതമാണോ എന്ന് ചോദ്യം പലരും സംശയദൃഷ്ടിയോടെ നോക്കി കാണുന്നുണ്ട്. ടെഫ്ലോണിൻ്റെ ഉപയോഗം പാചകത്തിന് സുരക്ഷിതമെങ്കിൽ പോലും ഉയർന്ന താപനിലയിൽ ഇത് അനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട് എന്ന് ഒരു കൂട്ടം ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
അതായത് ഏകദേശം 570 ° F (300 ° C) ന് മുകളിലുള്ള താപനിലയിൽ എത്തുമ്പോൾ ടെഫ്ലോൺ കോട്ടിങ്ങുകൾ പതിയേ തകരാൻ തുടങ്ങും. ഇത് വായുവിലേക്ക് വിഷ രാസവസ്തുക്കളെ പുറപ്പെടുവിച്ചേക്കാനുള്ള സാധ്യതയുണ്ട്. ഈ വിഷ പുക ശ്വസിക്കുകയാണെങ്കിൽ അത് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാൻ ഇടയുണ്ട്. ശരീരത്തിൽ ജലദോഷം, പനി, തലവേദന, ശരീരവേദന തുടങ്ങിയ താൽക്കാലിക ലക്ഷണങ്ങളെ ഇത് അനുഭവപ്പെടുത്തും.
നോൺസ്റ്റിക് പാത്രങ്ങൾക്ക് പകരമായി ദൈനംദിന അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മികച്ച പാചക സാമഗ്രികളിൽ ഒന്നാണ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ. ഭക്ഷ്യവസ്തുക്കളെ നല്ല രീതിയിൽ വഴറ്റിയെടുക്കുന്നത് മുതൽ ഉയർന്ന തീയിൽ പാചകം ചെയ്യുന്നതിന് വരെ, ഈയൊരു മെറ്റീരിയൽ സുരക്ഷിതമാണ്. ഉരച്ചിലുകൾ ഉണ്ടാവാനുള്ള സാധ്യത കുറഞ്ഞതും വൃത്തിയാക്കിയെടുക്കാൻ എളുപ്പവുമായ ഇവ എല്ലാവിധ പാചകങ്ങൾക്കും അനുയോജ്യവുമാണ്.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതായത് നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിച്ച് അസുഖങ്ങൾ വരുത്തുന്നതിക്കോൾ നല്ലത് അത്തരം പാത്രങ്ങളുടെ ഉപയോഗം കുറച്ച് അസുഖങ്ങൾ ഒഴിവാക്കുന്നതാണ്.