Nammude Arogyam
Cancer

ആര്‍ത്തവ ക്രമക്കേടുകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാണോ?

ക്യാന്‍സറുകള്‍ (cancer) പല തരമുണ്ട്. ഇതില്‍ സ്ത്രീയേയും പുരുഷനേയും ബാധിയ്ക്കുന്ന ചില പൊതുവായ ക്യാന്‍സറുകളും ഒരു വിഭാഗത്തെ മാത്രം ബാധിയ്ക്കുന്ന തരത്തിലുള്ളവയുമുണ്ട്. പ്രധാനമായും പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിയ്ക്കുന്നത്. സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സര്‍. ഇന്നത്തെ കാലത്ത് സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന രണ്ടു തരം ക്യാന്‍സറുകളില്‍ ഒന്നാണ് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ അഥവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ (cervical cancer). അടുത്തത് ബ്രെസ്റ്റ് ക്യാന്‍സറാണ്.

എത് ക്യാന്‍സറിനുമെന്ന പോലെ തുടക്കത്തില്‍ ലക്ഷണം കാണിയ്ക്കാത്തതാണ് ഈ ക്യാന്‍സറിനേയും ഗുരുതരമാക്കുന്നത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും മുക്തി നേടാവുന്ന ഒന്നാണിത്. എന്നാല്‍ തുടക്കത്തില്‍ ഇത് ഏറെ വര്‍ഷങ്ങള്‍ യാതൊരു ലക്ഷണവും കാണിയ്ക്കുന്നില്ലന്നതാണ് വാസ്തവം. ഇതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ വൈകുകയും ചെയ്യുന്നു. തിരിച്ചറിയാന്‍ വൈകുന്നത് രോഗം ഗുരുതരമാകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

പല ക്യാന്‍സറുകളുടേയും പൊതുവായ ലക്ഷണങ്ങള്‍ ഇതിനുമുണ്ടാകുമെങ്കിലും ചില പ്രത്യേക ലക്ഷണങ്ങളുമുണ്ടാകുന്നു. ഇതില്‍ ഒന്നാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണങ്ങള്‍ പലതുമുണ്ടാകാം. ഇതില്‍ ഒരു കാരണം സെര്‍വിക്കല്‍ ക്യാന്‍സര്‍ കൂടിയാകാം. പ്രത്യേകിച്ചും രണ്ട് ആര്‍ത്തവ ചക്രത്തിനിടയില്‍ ബ്ലീഡിംഗ് വരുന്നത് സെര്‍വിക്കല്‍ ക്യാന്‍സറിനുളള ഒരു പ്രധാന ലക്ഷണമാണ്. ഇതല്ലാതെ മെനോപോസായ സ്ത്രീകളിലെ ബ്ലീഡിംഗ്, സെക്‌സിന് ശേഷമുള്ള ബ്ലീഡിംഗ് എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം.

വജൈനല്‍ സ്രവത്തിലെ വ്യത്യാസമാണ് മറ്റൊരു ലക്ഷണം. അമിതമായ വെള്ള പോക്ക്, കട്ടിയായ വജൈനല്‍ സ്രവം, രക്തം കലര്‍ന്ന സ്രവം, ഇടയ്ക്കിടെ യൂറിനറി ഇന്‍ഫെക്ഷനുകള്‍ എന്നിവയെല്ലാം ലക്ഷണമാണ്. എന്നിരുന്നാലും മുകളില്‍ പറഞ്ഞ ആര്‍ത്തവ സംബന്ധവും അല്ലാത്തതുമായ ബ്ലീഡിംഗാണ്. ക്യാന്‍സറല്ലാത്ത കാരണങ്ങള്‍ വേറെയുണ്ടെങ്കില്‍ പോലും. ഇത് കൂടുതല്‍ ഗുരുതരമാകുമ്പോള്‍ സന്ധിവേദന, നടുവേദന, പുറംവേദന, ക്ഷീണം, തൂക്കക്കുറവ് എന്നിവയെല്ലാം വരാം.

സെര്‍വിക്കല്‍ ക്യാന്‍സറിനു സമാനമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട് പപ്സ്മിയര്‍ ടെസ്റ്റ്‌ നടത്താന്‍ തയ്യാറാവുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നത് തുടക്കത്തില്‍ തന്നെ രോഗ സാധ്യത തിരിച്ചറിയാന്‍ സഹായിക്കും.സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകുന്ന വൈറസിനെ നശിപ്പിയ്ക്കാന്‍ പ്രത്യേക വാക്സിന്‍ ലഭ്യമാണ്. ഇതല്ലാതെ ആരോഗ്യകരമായ വ്യായാമം, ഡയറ്റ് ശീലങ്ങള്‍, പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക, ലൈംഗിക ശുചിത്വം പാലിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ഈ രോഗത്തെ തടയാന്‍ സഹായിക്കുന്നു.

Related posts