വിവാഹം, ഗർഭധാരണം എന്നിവയെല്ലാം ലൈഫ് പ്ലാനിംഗ് ന്റെ ഭാഗമാണിപ്പോൾ, ഈ ഒരു കാലഘട്ടത്തിൽ ഗർഭധാരണത്തിന് അനുയോജ്യമായ പ്രായം അറിഞ്ഞിരിക്കുന്നത് അത്യുത്തമമാണ്. ഗർഭിണിയാകാനുള്ള പറ്റിയ പ്രായം ഏതാണെന്ന സംശയത്തിന് നിരവധി അഭിപ്രായങ്ങളാണ് ഉണ്ടാവുക. ഓരോ സ്ത്രീക്കും ഓരോ ഗർഭധാരണവും പ്രത്യേകതകൾ നിറഞ്ഞതു തന്നെ ആയിരിക്കും. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ഗര്‍ഭകാലം പ്രയാസമുള്ളതാകുന്നതിൽ ഗർഭിണിയുടെ പ്രായവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
അമ്മയുടെ ഗര്‍ഭധാരണ പ്രായവും കുഞ്ഞിന്റെ വൈകല്യങ്ങളും സംബന്ധമായ പല പഠനങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകളില്‍ കുഞ്ഞുണ്ടാകാന്‍ പറ്റിയ, അതായത് ഗര്‍ഭധാരണ, പ്രസവ പ്രായം ഏതാണെന്ന് അറിയുവാനായി നടത്തിയ പഠനങ്ങളിൽ നിന്നും പ്രസവത്തിനുള്ള മികച്ച പ്രായം 20-32 വയസ് വരെയാണെന്നാണ് പറയുന്നത്. ഈ സമയത്ത് കുഴപ്പങ്ങള്‍ സംഭവിയ്ക്കാനുള്ള സാധ്യത ഏറെ കുറവാണ്. ഇതിനാല്‍ തന്നെയാണ് ഈ പ്രായം മികച്ചതാകുന്നത്. ഈ പ്രായത്തില്‍ കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെക്കുറവാണെന്നാണ് ഇത് സംബന്ധമായ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.
അപ്പോൾ 30 വയസ്സായ സ്ത്രീയുടെ ശരീരത്തിലെ അണ്ഡങ്ങൾക്കും 30 വയസ്സായി എന്നാണ് അർഥം. സ്ത്രീയുടെ അണ്ഡത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത്തിൽ പ്രായത്തിനു വലിയ പങ്കുണ്ട്. അതിനാൽ മുപ്പതിനുശേഷം സ്ത്രീകള്‍ക്ക് ഗര്‍ഭധാരണശേഷി കുറയാം. അതേപോലെ ഇടുപ്പെല്ലുകളുടെ വഴക്കവും അയവും കുറഞ്ഞുവരും. ഇത് സുഖപ്രസവത്തിനുള്ള സാധ്യത കുറയ്ക്കാം. ഗര്‍ഭമലസല്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത് പ്രായമേറിയുള്ള പ്രസവത്തിലാണ്. അമിതമായ ആര്‍ത്തവ വേദന ഉള്ളവരിലും ഗര്‍ഭധാരണം പ്രശ്നങ്ങളുണ്ടാക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയുടെ വലിപ്പം കൂടുതന്നതാണ് ഇതിന് കാരണം.
പ്രായം കൂടുന്തോറും ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ മുഴകളും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് പ്രശ്നമായേക്കാം. 35 വയസ്സിനുശേഷം ഗര്ഭിണിയാവുന്ന കുറച്ചുപേര്‍ക്കെങ്കിലും, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാന്ദ്യം, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവാം. മുപ്പതിനുശേഷം ഗര്‍ഭിണിയാവുമ്പോള്‍ ഒരു പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ് നടത്തണം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയൊക്കെ പരിശോധിക്കണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആണെന്ന് ഉറപ്പാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍, അത് നിയന്ത്രിക്കണം. സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ ആണു ഗർഭാശയവും അണ്ഡാശയവും, സ്വാഭാവികമായി പ്രായം കൂടുന്നതനുസരിച്ചു ഗർഭാശയത്തിൽ ചില വ്യതിയാനങ്ങൾ വരും. 20 ശതമാനം സ്ത്രീകൾക്കെങ്കിലും ഗർഭപാത്രത്തിൽ മുഴകൾ കാണുന്നു. ഗർഭപാത്രത്തിൽ കൂടിയുള്ള ബീജത്തിന്റെ ചലനവും ഭ്രൂണത്തിന്റെ ചലനവും ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയും എല്ലാം ഈ മുഴകളുടെ സ്ഥാനത്തെ അനുസരിച്ചു തടസപ്പെടുന്നു.