മത്തി കഴിക്കാത്തവരുണ്ടോ!
വിരളമായിരിക്കും. പലരുടെയും ഏറ്റവും പ്രിയപ്പെട്ട മത്സ്യം മത്തി അല്ലെങ്കിൽ ചാള ആയിരിക്കും. മീനുകളില്‍ വച്ചേറ്റവും ഗുണം നിറഞ്ഞ മത്സ്യമാണ് മത്തി. കാഴ്ച ശക്തിയ്ക്ക് ഏറ്റവും ഉത്തമമായ മത്സ്യമാണ് മത്തി.
എന്നാലിതാ മത്തി കഴിച്ച് യുവതിയ്ക്ക് മരണം സംഭവിച്ചെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ചാണ് യുവതി മരിച്ചത്. ഫ്രാന്‍സിലെ ബാര്ഡോയിലാണ് സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് 32 വയസ്സുകാരി മരണപ്പെട്ടത്.ശരീരത്തിലെ നാഡി വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് ബോട്ടുലിസം. പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നത്.
തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്ഡോയില് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതാണ് യുവതി. ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ കാരണം ഉണ്ടാവുന്ന വിഷപദാര്‍ത്ഥമാണ് ബോട്ടുലിസം എന്ന അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാവുന്നത്. അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകളില്‍ ഇത് മരണ കാരണമാവാറുണ്ട്. സൂക്ഷിച്ചുവെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ശരിയായ രീതിയില്‍ അണുവിമുക്തമാക്കാതിരിക്കുന്നതാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ വളരാന്‍ ഇടയാക്കുന്നത്. ലോകത്തിൽ ഏറ്റവും മാരകമായ വിഷങ്ങളിലൊന്നായ ബോട്ടുലിനം ടോക്സിൻ നിർമിക്കുന്നത് ഒരു ബാക്ടീരിയയാണ്. ഇതിന്റെ വളരെ ച്ചെറിയ അളവായ നാനോഗ്രാം ഡോസിൽ പോലും വിഷമുള്ളിൽ ചെന്നാൽ അത് വ്യക്തികളുടെ മരണത്തിനിടയാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പേശികളില്‍ ആഴ്ചകളോളം നീണ്ടു നില്ക്കുന്ന തളര്‍ച്ചയാണ് ബോട്ടുലിസം കാരണം സാധാരണ ഉണ്ടാവുന്ന പ്രധാന പ്രശ്നം. എന്നാല്‍ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട പേശികളിലുണ്ടാവുന്ന തളര്‍ച്ച കാരണം അത്യാഹിത സാഹചര്യത്തിലേക്ക് വളരെ വേഗം രോഗി എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്.
വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ബാര്‍ഡോ. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.