ഗര്‍ഭകാലത്ത് പ്രധാനമായും കഴിയ്‌ക്കേണ്ട ഒരു മരുന്നുണ്ട്. ഫോളിക് ആസിഡ്. ഇത് ഗര്‍ഭകാലത്തു മാത്രമല്ല, ഗര്‍ഭധാരണത്തിന് മുന്‍പേ, അതായത് ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനു മുന്‍പേ തന്നെ കഴിയ്ക്കുന്നതും ഏറെ നല്ലതാണെന്നു പറയാം. കാരണം കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്നാണിത്. ചീര പോലുള്ള സസ്യങ്ങളിലും ഫോളിക് ആസിഡ് അടങ്ങിയിട്ടുമുണ്ട്. ഫോളേറ്റില്‍ നിന്നും സിന്തസിസ് ചെയ്‌തെടുക്കുന്നതാണ് ഫോളിക് ആസിഡ്.
ഇത് ബി വൈററമിനാണ്. പുതിയ കോശങ്ങള്‍, ഡിഎന്‍എ എന്നിവയുടെ നിര്‍മാണത്തിന് ഏറെ അത്യാവശ്യമാണ് ഈ പ്രത്യേക മരുന്ന് കുഞ്ഞുങ്ങളുടെ ന്യൂറല്‍ ട്യൂബിനുണ്ടാകുന്ന പാകപ്പിഴകള്‍ പരിഹരിയ്ക്കാന്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ പ്രധാനപ്പെട്ടൊരു മരുന്നാണ് ഫോളിക് ആസിഡ്. ഗര്‍ഭം ധരിച്ച് 28 ദിവസങ്ങളോടനുബന്ധിച്ചാണ് ന്യൂറല്‍ ട്യൂബ് രൂപം കൊള്ളുന്നത്. ഗര്‍ഭധാരണം നടന്നുവെന്നറിയാന്‍ ചില സ്ത്രീകള്‍ക്ക് ഇതിനു ശേഷമാണ് സാധിയ്ക്കുക എന്നതിനാല്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോഴേ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഡോക്ടറുടെ നിര്‍ദേശം കൂടി തേടുക. ഇതു വഴി കുഞ്ഞിനുണ്ടാകുന്ന ഇത്തരം തകരാറുകള്‍ക്ക് ഇത് പരിഹാരമാകും.
സ്‌പൈനല്‍ കോഡിലേയ്ക്കാണ് ന്യൂറല്‍ ട്യൂബ് വളര്‍ന്നിറങ്ങുക. ഇത് വേണ്ട രീതിയില്‍ അടയാതെ വന്നാല്‍ അനെന്‍സെഫാലി പോലുള്ള അവസ്ഥകളുണ്ടാകും. അതായത് തലച്ചോറു വേണ്ടത്ര വികസിയ്ക്കാതിരിയ്ക്കുക പോലുള്ള അവസ്ഥകള്‍. ഇത്തരം കുട്ടികള്‍ക്ക് ജീവന് അപകടമുണ്ടാകാം. ഇല്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുക, ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ഫോളിക് ആസിഡ് ഏറെ പ്രധാനമാണ്. കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയിലുണ്ടാകാന്‍ സാധ്യതയുള്ള പല പ്രശ്‌നങ്ങള്‍ക്കമുള്ള നല്ലൊന്നാന്തരം പരിഹാരമാണ് ഈ മരുന്ന്. ഇതിനാല്‍ തന്നെ ഇതിന് പ്രാധാന്യവുമേറുന്നു.
മാത്രമല്ല, ഫോളിക് ആസിഡിന്റെ കുറവ് കുട്ടികള്‍ക്ക് ഹൃദയ സംബന്ധമായ തകരാറുകള്‍ക്കും കാരണമാകാറുണ്ട്. മുച്ചുണ്ട് പോലുള്ള പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇതിന്റെ കുറവു കാരണം കുട്ടികള്‍ക്കുണ്ടാകാം. ആദ്യത്തെ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ രണ്ടാമത്തെ ഗര്‍ഭത്തിനു മുന്‍പേ തന്നെ കൂടിയ അളവില്‍ ഇതു കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം രണ്ടാമത്തെ കുഞ്ഞിന് ഇത്തരം അവസ്ഥ വരാന്‍ സാധ്യത ഏറെയുണ്ടെന്നതു തന്നെ കാരണം. ഇത്തരം അവസ്ഥ ആദ്യത്തെ കുഞ്ഞിനുണ്ടെങ്കില്‍ രണ്ടാമത്തെ ഗര്‍ഭത്തിനു മുന്‍പ് ഈ വൈററമിന്‍ ഏറെ പ്രധാനമാകുന്നു.
ഫോളിക് ആസിഡ് ചില പ്രകൃതിദത്ത വഴികളിലൂടെ ലഭിയ്ക്കും. ചീര, തവിടു കളയാത്ത ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ് എന്നിവ ഇവയുടെ ഉറവിടമാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്ക് ദിവസവും 400 മൈക്രോഗ്രാം ഫോളിക് ആസിഡ് ആവശ്യമാണ്. കുട്ടികള്‍ക്ക് ബര്‍ത്ത് ഡിഫക്ടുകള്‍, അതായത് ജനന വൈകല്യങ്ങള്‍ ഉണ്ടാകുന്നത് ഗര്‍ഭധാരണത്തിന് ശേഷം ആദ്യത്തെ 3-4 ആഴ്ചകളിലാണ്. ഇതിനാല്‍ തന്നെ ഗര്‍ഭകാലത്തിനു മുന്‍പേ ഇതു കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയം കഴിഞ്ഞ് ഇതു കഴിച്ചിട്ടും കാര്യമില്ല. സാധാരണ ഗതിയില്‍ ആദ്യത്തെ മൂന്നു മാസം നിര്‍ബന്ധമായും ഡോക്ടര്‍മാര്‍ ഇത് നിര്‍ദേശിയ്ക്കാറുണ്ട്.ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍
ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ഇത് 400 മൈക്രോഗ്രാം കഴിയ്ക്കണം. ആദ്യത്തെ മൂന്നു മാസവും ഇത്ര തന്നെ വേണം. പിന്നീട് ഒന്‍പതു മാസം വരെ 600 മൈക്രോഗ്രാം കഴിയ്ക്കണം. മുലൂട്ടൂമ്പോഴും 500 എംസിജി കഴിയ്ക്കുക. എന്നാല്‍ ഇതെല്ലാം ഡോക്ടറുടെ കൂടി നിര്‍ദേശ പ്രകാരമെന്നത് കൂടുതല്‍ നല്ലതാണ്. ഇതിനു പുറമേ ഇതു പ്രകൃതിദത്ത രീതിയില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന മുകളില്‍ പറഞ്ഞ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.