Nammude Arogyam
General

പഴങ്ങൾ കഴിച്ചാൽ നിപ വരുമോ !

പഴം തിന്നുന്ന, പറക്കുന്ന വവ്വാലുകളിലാണ് നിപ വൈറസ് ജീവിയ്ക്കുന്നത്. ഇവയുടെ ഉമിനീര്‍സ്രവത്തില്‍. ഇവയുടെ ശരീരത്തില്‍ നിന്നും സാധാരണ ഇത് പുറത്തു വരാറില്ല. ഇവയെ പേടിപ്പിച്ചോടിയ്ക്കുക പോലുള്ളവ ചെയ്യുമ്പോള്‍ ഇവയിലെ ശരീര പ്രവര്‍ത്തനങ്ങള്‍ കാരണം ഇവ പുറത്ത് വരാന്‍ സാധ്യതുണ്ട്.

മനുഷ്യരില്‍ ഇവ വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ആകും വരുന്നത്.മനുഷ്യ ശരീരത്തില്‍ കയറിയാല്‍ ഇവ തൊണ്ടയിലെ ടോണ്‍സിലുകളിലാണ് ഇന്‍ക്യുബേഷന്‍ സമയത്ത് ഇരിയ്ക്കുന്നത്. 15 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. ഈ സമയത്ത് ഇവ നശിച്ചില്ലെങ്കില്‍ പിന്നീട് ഇവ ശ്വാസകോശത്തെ ബാധിയ്ക്കുന്നു. ശ്വാസകോശത്തിനു ചുറ്റുമുള്ള രക്തക്കുഴലുകളെ ഇത് ബാധിയ്ക്കുന്നു. ഇത് നീര്‍ക്കെട്ടുണ്ടാക്കുന്നു. ഈ സമയത്ത് പനിയും ജലദോഷവുമുണ്ടാകും. പിന്നീട് രക്തത്തിലേയ്ക്കു കടക്കും. ഇത് തലച്ചോറിനെ വരെ ഗുരുതരമായി ബാധിയ്ക്കുന്നു. കടുത്ത ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം, ശരീരത്തില്‍ അണുബാധയുണ്ടാക്കി ഹൃദയത്തിന്റെ പേശികളെ ബാധിയ്ക്കുക എന്നിവയാണ് ഇവ മരണമുണ്ടാക്കാനായുള്ള കാരണങ്ങള്‍.

നിപ ബാധിച്ചാല്‍ ചികിത്സ സങ്കീര്‍ണം തന്നെയാണ്. വരാതിരിയ്ക്കുകയെന്നതാണ് പ്രധാനം. മാസ്‌ക് ഉപയോഗിയ്ക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നിവ പ്രധാനം. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വവ്വാലുകള്‍ കടിയ്ക്കാന്‍ സാധ്യതയുള്ള പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക പോലുള്ള ഫലങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും ജീവികള്‍ കടിച്ചതായവ കഴിയ്ക്കാതിരിയ്ക്കുക

നിപ വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ?

ഇതുവരെ കണ്ടെത്തിയതിൽ വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. പക്ഷികളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ വൈറസ്.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.

 • വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
 • വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.
 • രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
 • പനി ബാധിതരുമായി സമ്പർക്കം ഉണ്ടായ ശേഷം കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.
 • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
 • രോഗിയുമായി ഇടപഴകുന്ന അവസരങ്ങളിൽ എൻ 95 മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ നിർബന്ധമായും ഉപയോഗിക്കുക.
 • ആരെങ്കിലും പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.
 • രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക.
 • ശവസംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്‌താൽ ഇത് ചെയ്യുന്നവർ ദേഹരക്ഷ ഉപയോഗിക്കുക.
 • നിപ്പ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
 • നിപ്പ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെയും സന്ദർശനം പരമാവധി ഒഴിവാക്കുക.
 • നിപ്പ വൈറസ് ബാധയേറ്റ് മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ സോപ്പോ അലക്കുപൊടിയോ ഉപയോഗിച്ചു കഴുകണം.
 • കിടക്ക, തലയിണ എന്നിവ ഏറെ നാൾ സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.

ഭയമല്ല; ജാഗ്രതയാണ് വേണ്ടത്.

Related posts