Nammude Arogyam
General

പോഷകങ്ങളുടെ കലവറയായ ആപ്പിള്‍ ഒരു സ്ലോ പോയ്‌സണോ?

പോഷകങ്ങളുടെ കലവറയാണ് ആപ്പിള്‍. ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അടുപ്പിക്കേണ്ടി വരില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ആപ്പിളില്‍ കലോറി, ഫൈബര്‍, കാര്‍ബ്‌സ്, വിറ്റമിന്‍ സി, കോപ്പര്‍, പൊട്ടാസ്യം, വിറ്റമിന്‍ കെ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ ബി1, വിറ്റമിന്‍ ബി6 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് നമ്മളുടെ ശരീര കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സര്‍ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇത്രയധികം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ വിത്ത് ശരീരത്തിനകത്ത് എത്തുന്നത് വിഷത്തിന് സമമാണെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്.

ആപ്പിള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കഴിച്ചാല്‍ സ്ലോ പോയ്‌സണ്‍ പോലെ ശരീരത്തില്‍ പ്രവര്‍ത്തിക്കും. കുട്ടികളില്‍ ഇത് വിഷമായി മാറുകയും മരണത്തിലേയ്ക്ക് വരെ എത്തിക്കുകയും ചെയ്യും. ആപ്പിളിന്റെ വിത്തില്‍ അടങ്ങിയിരിക്കുന്ന അമിഗ്ഡാലിന്‍ സൈനയ്ഡ് റിലീസ് ചെയ്യുകയും ചെയ്യും. ഒന്നോ രണ്ടോ കുരു വയറ്റില്‍ എത്തിയാല്‍ അധികം പ്രശ്‌നം ഇല്ല. എന്നാല്‍, അമിതമായ അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ സ്ലോ പോയ്‌സനായി പ്രവര്‍ത്തിക്കുകയും, മരണത്തിലേയ്ക്ക് വരെ നയിക്കുകയും ചെയ്യുന്നു.

ഇത് കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കാരണം, ആപ്പിളിന്റെ കുരുവില്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് സൈനയ്ഡ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തില്‍ എത്തിയാലും ദഹിക്കപ്പെടുന്നതായി പറയുന്നു. ആപ്പിളിന്റെ കുരു അമിതമായി കഴിച്ചാല്‍ ഇത് ശരീരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇത്തരത്തില്‍ വിഷാംശമുള്ള കുരു ആപ്പിളില്‍ മാത്രമല്ല, ആപ്രികോട്ട്, പീച്ചസ്, ചെറീസ് എന്നിവയിലും ഉണ്ട്.

ആപ്പിളിന്റെ കുരു അമിതമായി ശരീരത്തില്‍ എത്തിയാല്‍, ചിലര്‍ക്ക് അമിതമായിട്ടുള്ള തലവേദന, മനംപിരട്ടല്‍, വയറുവേദന എന്നിവ അനുഭവപ്പെടും. ഇത് മാത്രമല്ല, ചിലപ്പോള്‍ കോമയിലും ആകാം. ഹൃദയത്തിന്റെ ആരോഗ്യം തകരാനും തലച്ചോറിന് ക്ഷതം സംഭവിക്കാനും എന്തിന് മരണത്തിലേയ്ക്ക് വരെ എത്തിക്കാനും ഒരു പക്ഷെ കാരണമാകുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.

ആപ്പിളിന്റെവിത്തുകള്‍ മുതിര്‍ന്ന ആളുകളില്‍ എത്തുന്നതിനേക്കാള്‍ ദോഷം ചെയ്യുന്നത് കുട്ടികളുടെ വയറ്റില്‍ എത്തുമ്പോഴാണ്. അതിനാല്‍ തന്നെ ആപ്പിള്‍ ജ്യൂസ് അടിക്കുമ്പോള്‍ അതില്‍ ആപ്പിളിന്റെ വിത്തുകള്‍ എത്തിയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ആപ്പിള്‍, ജ്യൂസ് അടിച്ച് കുടിക്കുന്നതിനേക്കാളും അത് മുഴുവനോടെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ മാത്രമാണ് ആപ്പിളിലെ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുകയുള്ളൂ.

അതുപോലെ, ചിലര്‍ ആപ്പിളിന്റെ തൊലി നീക്കം ചെയ്ത് കഴിക്കുന്നത് കാണാം. എന്നാല്‍, ആപ്പിളിന്റെ തൊലിയില്‍ പോഷകങ്ങള്‍ അനവധിയാണ്. ഇത് കളയാതെ പരമാവധി കഴിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ആപ്പിള്‍ കഴിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ കുരു ഉള്ള ഭാഗം നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി കഴിക്കാവുന്നതാണ്. അതുപോലെ, ആപ്പിള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നതും ചെറിയ കഷ്ണങ്ങളാക്കി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

ആപ്പിൾ എന്ത്കൊണ്ടും ആരോഗ്യകരമായ ഒരു ഫ്രൂട്ട് തന്നെയാണ്. . എന്നാൽ അത് കഴിക്കുന്ന രീതിയാണ് അതിനെ വിഷാംശം ഉള്ളതാക്കി മാറ്റുന്നത്. അതിനാൽ ആപ്പിൾ കഴിക്കുമ്പോൾ കുരു ഒഴിവാക്കി കഴിക്കാൻ ശ്രദ്ധിക്കണം.

Related posts