Nammude Arogyam
CancerChildren

കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം

ക്യാന്‍സര്‍ എന്നത് പലരെയും പേടിപ്പെടുത്തുന്ന ഒരു പദമാണ്. ഇത് കുട്ടികളെ ബാധിക്കുമ്പോള്‍ അത് പ്രത്യേകിച്ച് ആശങ്കയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളിലെ ക്യാന്‍സര്‍ താരതമ്യേന അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കുട്ടികളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ക്യാന്‍സറിന്റെ തരത്തെയും ശരീരത്തില്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കുട്ടികളിലെ ക്യാന്‍സര്‍ തിരിച്ചറിയാനായി സഹായിക്കുന്ന ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.അകാരണയായി ശരീരഭാരം കുറയുന്നത്-കുട്ടികള്‍ വളരുകയും കൂടുതല്‍ സജീവമാകുകയും ചെയ്യുമ്പോള്‍ ശരീരഭാരം കുറയുമെങ്കിലും, പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ഭാരം കുറയുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം.

2.ക്ഷീണം-ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് മതിയായ ഉറക്കം ലഭിച്ചാലും ക്ഷീണമോ, തളര്‍ച്ചയോ അനുഭവപ്പെടാം.

3.വേദന-ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക്, ക്യാന്‍സര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വേദന അനുഭവപ്പെടാം. ഉദാഹരണത്തിന്, മസ്തിഷ്‌ക ട്യൂമര്‍ ഉള്ള ഒരു കുട്ടിക്ക് സ്ഥിരമായ തലവേദന അനുഭവപ്പെടാം. അതേസമയം അസ്ഥി ക്യാന്‍സര്‍ ബാധിച്ച കുട്ടിക്ക് അസ്ഥിയില്‍ വേദന അനുഭവപ്പെടാം.

4.വീക്കം അല്ലെങ്കിൽ മുഴകള്‍-കഴുത്തിലോ, കക്ഷങ്ങളിലോ, ഞരമ്പിലോ, വയറിലോ വീര്‍പ്പ്, മുഴകള്‍ ഉണ്ടാവുകയോ ചെയ്യുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം.

5.ചതവ് അല്ലെങ്കില്‍ രക്തസ്രാവം-ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് ഇടയ്ക്കിടെ മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം അനുഭവപ്പെട്ടേക്കാം.

6.സ്ഥിരമായ പനി-പനി പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അത് ദീര്‍ഘകാലം തുടരുകയാണെങ്കില്‍ ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കാം.

7.കാഴ്ച പ്രശ്‌നങ്ങള്‍-ബ്രെയിന്‍ ട്യൂമര്‍ ഉള്ള ഒരു കുട്ടിക്ക് കാഴ്ചയില്‍ ഇരട്ട ദര്‍ശനം അല്ലെങ്കില്‍ പെരിഫറല്‍ കാഴ്ച നഷ്ടപ്പെടല്‍ പോലുള്ള മാറ്റങ്ങള്‍ അനുഭവപ്പെടാം.

8.മൂത്രാശയ ശീലങ്ങളില്‍ മാറ്റങ്ങള്‍-കുടലിലോ മൂത്രസഞ്ചിയിലോ ഉള്ള ക്യാന്‍സര്‍ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ കിടക്കയില്‍ മൂത്രമൊഴിക്കല്‍ പോലെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടിയുടെ മലവിസര്‍ജ്ജനം അല്ലെങ്കില്‍ മൂത്രാശയ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നേക്കാം.

കുട്ടികളെ ബാധിക്കുന്ന ക്യാന്‍സര്‍ തരങ്ങള്‍ സാധാരണയായി മുതിര്‍ന്നവരെ ബാധിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. കുട്ടികളിലെ ഏറ്റവും സാധാരണമായ ക്യാന്‍സര്‍ ഇവയാണ്.

1.രക്താര്‍ബുദം-രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അര്‍ബുദമാണ് ലുക്കീമിയ. കുട്ടികളിലെ ഏറ്റവും സാധാരണമായ ക്യാന്‍സറാണിത്.

2.തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യൂഹത്തിന്റെയും മുഴകള്‍-കുട്ടികളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ രണ്ടാമത്തെ തരം ബ്രെയിന്‍ ട്യൂമറാണ്.

3.ലിംഫോമ-ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിന്റെ ക്യാന്‍സറാണ് ലിംഫോമ.

4.ന്യൂറോബ്ലാസ്റ്റോമ-തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്തുള്ള നാഡീകോശങ്ങളില്‍ രൂപം കൊള്ളുന്ന ക്യാന്‍സറാണ് ന്യൂറോബ്ലാസ്റ്റോമ. ശിശുക്കളിലും കൊച്ചുകുട്ടികളിലും ഇത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാന്‍സറാണ്.

5.വില്‍മ്‌സ് ട്യൂമര്‍-അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ സാധാരണയായി ബാധിക്കുന്ന ഒരു തരം കിഡ്നി ക്യാന്‍സറാണ് വില്‍മ്‌സ് ട്യൂമര്‍.

6.റാബ്‌ഡോമിയോസര്‍കോമ-പേശികളിലോ മറ്റ് മൃദുവായ ടിഷ്യൂകളിലോ രൂപം കൊള്ളുന്ന ഒരു തരം ക്യാന്‍സറാണ് റാബ്‌ഡോമിയോസാര്‍കോമ. 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്.

കുട്ടിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ കഴിയുന്നതും വേഗം വൈദ്യസഹായം തേടുക. രക്താര്‍ബുദത്തിന്റെ ലക്ഷണമായേക്കാവുന്ന അസാധാരണമായ രക്തകോശങ്ങളുടെ എണ്ണം തിരിച്ചറിയാന്‍ രക്തപരിശോധന സഹായിക്കും. എക്‌സ്-റേ, സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ ഇമേജിംഗ് ടെസ്റ്റുകള്‍ എന്നിവ ശരീരത്തിലെ മുഴകളും മറ്റ് അസാധാരണത്വങ്ങളും തിരിച്ചറിയാന്‍ സഹായിക്കും. നേരത്തെ ക്യാന്‍സര്‍ തിരിച്ചറിയുന്നതിലൂടെ ഉടന്‍ വൈദ്യസഹായം നല്‍കാനാകും. അതിലൂടെ അപകടസാധ്യതയും കുറയും.

Related posts