Nammude Arogyam
Children

കുഞ്ഞിന് കുപ്പിപ്പാൽ നൽകുന്നതുകൊണ്ട് ദോഷമുണ്ടോ?

അമ്മയുടെ പാലിനു പകരം കുഞ്ഞിനു കുപ്പിപ്പാൽ നൽകുന്നതുകൊണ്ടു ദോഷമുണ്ടോ? ആറുമാസം വരെ കുഞ്ഞിനു മുലപ്പാൽ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ കുഞ്ഞിനു കുപ്പിപ്പാൽ നൽകേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്, അമ്മയ്ക്കുണ്ടാകുന്ന ചില അസുഖങ്ങൾ, അമ്മമാർ ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നത്, പാൽ ഇല്ലാതെ വരുന്നത്, ഇരട്ടക്കുട്ടികൾ ഉള്ളതിനാൽ പാൽ തികയാതെ വരുന്നത് തുടങ്ങിയവയാണവ.കുപ്പിയിൽ കുടിക്കുമ്പോൾ കുഞ്ഞിന് എളുപ്പത്തിൽ പാൽ കിട്ടുന്നു. അതുകൊണ്ടു തന്നെ കുപ്പിപ്പാൽ കുടിച്ചു ശീലിക്കുന്ന കുഞ്ഞ് മുലപ്പാൽ കുടിക്കാൻ മടി കാട്ടി യേക്കാം. മുലപ്പാലും കുപ്പിപ്പാലും മാറി മാറി കൊടുക്കുന്നതു കുഞ്ഞിനു നിപ്പിൾ കൺഫ്യൂഷനുണ്ടാക്കും. കൊടുക്കാനുള്ള സൗകര്യത്തിനായി പലരും പാൽകുപ്പിയെ ആശ്രയിക്കുന്നു. എന്നാൽ, നന്നായി തിളപ്പിച്ച പാലെടുത്ത് കുഞ്ഞിനു സ്പൂൺ കൊണ്ട് കോരിക്കൊടുക്കുന്നതാണ് ഏറെ ഉചിതം

പാൽ തയാറാക്കുമ്പോൾ

പാൽക്കുപ്പി ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക:

കുപ്പിയുടെ ഗുണമേന്മ ഉറപ്പു വരുത്തുക. കഴിവതും ഐഎസ്‌ഐ മാർക്കുള്ള കുപ്പി തിരഞ്ഞെടുക്കുക.

കുപ്പിയുടെ അടപ്പ് നല്ല മുറുക്കമുള്ളതാണോ എന്നു നോക്കുക.

അളവ് മില്ലിലിറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള പാൽകുപ്പി വാങ്ങുക. ഇത് പാൽ കൃത്യ അളവിൽ തയാറാക്കാൻ സഹായിക്കും.

നിപ്പിളിലെ ദ്വാരം തീരെച്ചെറുതോ അധികം വലുതോ അല്ലാത്ത പാൽക്കുപ്പി വാങ്ങുക. ആയാസം കൂടാതെ പാൽകുടിക്കാൻ കുഞ്ഞിനെ ഇതു ഏറെ സഹായിക്കും.

കുപ്പിപ്പാൽ കുടിക്കുന്ന കുട്ടിക്ക് മുലപ്പാൽ കുടിക്കുന്ന കുട്ടികളെ അപേക്ഷിച്ചു വയറിളക്കത്തിനുള്ള സാധ്യത പതിനാലിരട്ടിയാണ്. ന്യൂമോണിയയ്ക്കു സാധ്യത നാലു മടങ്ങ് കൂടുതലാണ്. അതിനാൽ കുപ്പിപ്പാൽ നൽകുമ്പോൾ ഏറ്റവും വേണ്ടത് ശുചിത്വമാണ്. ഇതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

പാൽക്കുപ്പിയിലും നിപ്പിളിലും അഴുക്ക് അടിഞ്ഞു കൂടാനുള്ള സാധ്യത ഏറെയാണ്. ബ്രഷുപയോഗിച്ചു കഴുകിയാലും ഇവ പോകണമെന്നില്ല. കുപ്പി വെള്ളത്തിലിട്ടു പതിനഞ്ചു മിനിട്ടു തിളപ്പിക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. ചൂടുവെള്ളം ഉപയോഗിച്ചു കഴുകിയെടുക്കുക മാത്രം ചെയ്താൽ അണുക്കൾ നശിക്കില്ല.

കുഞ്ഞിനുള്ള പാൽ തയാറാക്കുന്നതിനും നൽകുന്നതിനും മുമ്പായി കൈകൾ വൃത്തിയായി കഴുകുക.

തയാറാക്കിയ പാൽ ഏറെ സമയം വച്ച് കുഞ്ഞിനു കൊടുക്കരുത്. പാൽ കൊടുക്കേണ്ടപ്പോൾ തന്നെ ഉണ്ടാക്കുന്നതാണു നല്ലത്.

കുപ്പിയിൽ അധികം വരുന്ന പാൽ കുഞ്ഞിനു വീണ്ടും കൊടുക്കരുത്.

പാൽക്കുപ്പി അടച്ചു സൂക്ഷിക്കുക. ഇത് നിപ്പിളിന്റെ അറ്റത്ത് ഈച്ചയും മറ്റും വന്നിരുന്നു രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

പാൽകുപ്പി അതു കഴുകാനുള്ള ബ്രഷുപയോഗിച്ചു തന്നെ വേണം വൃത്തിയാക്കുവാൻ.

കുപ്പിയിൽ സോപ്പിന്റെ അംശം അൽപം പോലും ഇല്ലെന്ന് ഉറപ്പാകും വരെ ശുദ്ധജലത്തിൽ കഴുകുക..

നന്നായി തിളപ്പിച്ച വെള്ളത്തിൽ വേണം പാൽ തയാറാക്കാൻ. ഗുണമേന്മയുള്ള പാൽപ്പൊടി മാത്രം ഉപയോഗിക്കുക. ടിന്നിലെ അളവു സ്പൂണിൽ ഒരു നിരപ്പ് പൊടിയെടുത്ത് അത് ഒരൗൺസ് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി വേണം തയാറാക്കാൻ. ഈ അളവിനു വ്യത്യസ്തമായി കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ ഗുണം കിട്ടില്ല. ഇതു കുഞ്ഞിന്റെ വളർച്ചയെയും ബാധിക്കും. കുഞ്ഞിനു പൊടിപ്പാൽ നൽകിത്തുടങ്ങും മുമ്പു ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം തേടണം.പശുവിൻപാൽ നൽകുമ്പോഴും വെള്ളം ചേർത്താൽ ഗുണം കുറയും. ആവശ്യമെങ്കിൽ പാൽ നൽകിയ ശേഷം കുഞ്ഞിനു തിളപ്പിച്ചാറിയ വെള്ളം കൊടുക്കാം. ആട്ടിൻപാൽ പശുവിൻപാലിനെ അപേക്ഷിച്ച് അലർജിയുണ്ടാക്കാനു ള്ള സാധ്യത കുറവാണ്. എങ്കിലും ആട്ടിൻപാലിൽ ഫോളിക് ആസിഡിന്റെ അളവു കുറവാണ്. ഇത് ഒരുതരം വിളർച്ചയ്ക്കു കാരണമാകും.

കുപ്പിപ്പാൽ കൊടുക്കേണ്ട രീതി

കുഞ്ഞിനെ നിരപ്പായ പ്രതലത്തിൽ കിടത്തി പാൽ കൊടുക്കരുത്. ശ്വാസനാളത്തിൽ പാൽ കയറി ന്യൂമോണിയ, ചെവിപഴുപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾക്കു കാരണമാകാം. എടുത്തിരിക്കുന്ന ആളിന്റെ കൈമുട്ടിന്റെ ഭാഗത്തു കുഞ്ഞിന്റെ തലയും കൈത്തണ്ടയിൽ കുഞ്ഞിന്റെ പുറംഭാഗവും വരുന്ന രീതിയിൽ താങ്ങി അൽപം ചരിച്ചു വേണം എടുക്കാൻ.പാലിന്റെ ചൂട് കുഞ്ഞിനു കുടിക്കാൻ പാകത്തിനാണോ എന്നു നോക്കണം. പാൽ കൈത്തണ്ടയിൽ ഒഴിച്ചു ചൂടു മനസിലാക്കാം. പാൽ നിപ്പിളിലേക്കു ശരിയായി വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. കുഞ്ഞ് പാൽ വലിച്ചുകുടിക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നുന്നുവെങ്കിൽ കുപ്പി പതുക്കെ പുറത്തെടുക്കുക. കുപ്പിയിൽ വായു കയറിയതാകാം കാരണം. പാൽക്കുപ്പി ഏറ്റവും അനുയോജ്യമായ കോണിൽ പിടിച്ചു നൽകിയാൽ പാലിനൊപ്പം വായുവും ഉള്ളിൽ പോകുന്നതു തടയാം.കുഞ്ഞിന്റെ വയർ നിറഞ്ഞുവെന്നു മനസിലായാൽ കുപ്പി ഉടൻ വലിച്ചെടുക്കരുത്. കുഞ്ഞിന്റെ വായിൽ വിരൽ കടത്തി ചുണ്ടുകൾ അകറ്റിയിട്ടു വേണം കുപ്പി പുറത്തെടുക്കാൻ.അമ്മയുടെ പാൽ പിഴിഞ്ഞു പാത്രത്തിലാക്കിയും കുഞ്ഞിനു കൊടുക്കാം. തിളപ്പിച്ച പാത്രത്തിൽ പാൽ ശേഖരിച്ച് അടച്ചു വച്ചാൽ പത്തു മണിക്കൂർ വരെ നൽകാം.ഫ്രിഡ്ജിൽ പാൽ വച്ചാൽ 24 മണിക്കൂർ വരെ കൊടുക്കാം. ഫ്രിഡ്ജിൽ നിന്നു പുറത്തെടുത്ത ശേഷം തണുപ്പു മാറ്റി കുഞ്ഞിനു നൽകിയാൽ മതി. ഉദ്യോഗസ്ഥരായ അമ്മമാർക്ക് ഈ രീതി ഏറെ സഹായകമാണ്

അറിയേണ്ടത്

നവജാതശിശുവിനു കഴിവതും മുലപ്പാൽ മാത്രം കൊടുക്കുക. മറ്റു പാൽ കൊടുക്കുന്നെങ്കിൽ അതു തിളപ്പിച്ച്് സ്പൂണിൽ കോരിക്കൊടുക്കുന്നതാണ് നല്ലത്.

പശുവിൻപാൽ കുട്ടിക്ക് അലർജിയുണ്ടാക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പൊടിപ്പാൽ നൽകുക.

സമയം അടിസ്ഥാനമാക്കി മാത്രമല്ല കുഞ്ഞിനു ആഹാരം നൽകേണ്ടത്. കുഞ്ഞിന്റെ വിശപ്പു വ്യത്യാസപ്പെട്ടു വരാം. കരച്ചിലിലൂടെയും മറ്റും വിശപ്പു പ്രകടിപ്പിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

കുഞ്ഞിന്റെ വയർ നിറഞ്ഞശേഷം അവർ പാൽകുടിക്കുന്നതു മതിയാക്കുന്നുവെങ്കിൽ വീണ്ടും പാൽകുടിപ്പിക്കാൻ ശ്രമിക്കരുത്.

പാൽ കുടിപ്പിച്ച ശേഷം കുഞ്ഞിനെ തോളത്തു കിടത്തി പുറത്തു മൃദുവായി തട്ടുക. ഉള്ളിൽ കടന്നവായു പുറത്തു പോകാൻ സഹായിക്കും.

അമിതമായി പാലൂട്ടരുത്. ഭാവിയിൽ കുഞ്ഞിന് അമിത വണ്ണത്തിനു കാരണമാകാം.

പൊടിപ്പാലിൽ എൽഡിഎൽ കൊളസ്‌ട്രോൾ കൂടുതലായുണ്ട്. ഇത് കുഞ്ഞിനു ഭാവിയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം.

ഹെപ്പറ്റൈറ്റിസ് ബി ഇൻഫക്ഷൻ, ടിബി തുടങ്ങിയ അസുഖങ്ങളുള്ള അമ്മമാർ മുലയൂട്ടുന്നതിൽ കുഴപ്പമില്ല.

കുഞ്ഞിനു മഞ്ഞപ്പിത്തം ഉണ്ടെങ്കിലും മുലപ്പാൽ നൽകാം.

മുലപ്പാലിന്റെ പ്രാധാന്യം

1 മുലപ്പാലിലെ അമിനോ ആസിഡ് തലച്ചോറിന്റെ വളർച്ചയ്ക്കു സഹായിക്കുന്നു. കുഞ്ഞിനാവശ്യമായ എൻസൈമുകൾ, ഹോർമോണുകൾ, ഗ്രോത്ത് ഫാക്ടർ ഇവ മുലപ്പാലിൽ നിന്നു കിട്ടും.

2 മുലപ്പാലിൽ 1.1 ഗ്രാം പ്രോട്ടീനാണുള്ളത്. എന്നാൽ, പശുവിൻ പാലിൽ 3.3 ഗ്രാം പ്രോട്ടീനുണ്ട്. കുഞ്ഞിന്റെ കിഡ്‌നിക്ക് ഇത്രയും അളവ് പ്രോട്ടീൻ കൈകാര്യം ചെയ്യാൻ ശേഷിയില്ല.

3. മുലപ്പാലിൽ വേ പ്രോട്ടീനടങ്ങിയിരിക്കുന്നു. എന്നാൽ, പശുവിൻ പാലിൽ കെസീൻ ആണുള്ളത്. ഇതു കുഞ്ഞിന് അലർജിയുണ്ടാക്കാം. മാത്രമല്ല, മലബന്ധത്തിനും കാരണമാകും.

4 മുലപ്പാലിൽ അണുബാധസാധ്യത കുറവാണ്.

5 മുലപ്പാലിൽ അപൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത് എന്ന മെച്ചമുണ്ട്. എന്നാൽ, പശുവിൻപാലിൽ പൂരിത കൊഴുപ്പാണ് ഉള്ളത്. ഇതു ഭാവിയിൽ പ്രഷർ, പ്രമേഹം ഇവയ്ക്കു കാരണമാകുന്നു.

Is there any harm in giving baby a bottle milk?

Related posts