Nammude Arogyam
General

പപ്പടത്തിലെ വ്യാജനെ എങ്ങനെ കണ്ടെത്താം? how to spot forgrey in papadam?

ചോറിനൊപ്പം പപ്പടമെന്നത് പലര്‍ക്കും ശീലമാണ്. പ്രത്യേകിച്ചും മലയാളി സദ്യകള്‍ക്കും മറ്റും ഇത് പ്രധാന വിഭവവുമാണ്. എണ്ണയില്‍ വറുത്തു കോരുന്ന പപ്പടവും കഞ്ഞിയ്‌ക്കൊപ്പമുള്ള ചുട്ട പപ്പടവും പപ്പടവടയുടെ രൂപത്തിലെ പപ്പടവുമെല്ലാം തന്നെ മലയാളിയ്ക്ക് പ്രിയങ്കരമാണ്. വറുത്തെടുക്കുന്നതു കൊണ്ടും ഉപ്പുള്ളതു കൊണ്ടുമെല്ലാം സ്വാദിഷ്ടമെങ്കിലും അത്ര കണ്ട് ആരോഗ്യകരമല്ല ഇത്. എങ്കില്‍ പോലും പപ്പടം ഇല്ലാതെ പറ്റില്ലെന്നുള്ളവരുണ്ട്.

പപ്പടം വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേയ്ക്കും പഴുത്തു പോകുന്നുവെന്ന പരാതി പലര്‍ക്കുമുണ്ട്. അതായത് പപ്പടം ചുവന്ന നിറത്തിലായാൽ, ഉപയോഗ ശൂന്യമായി എന്നതാണ്. സാധാരണ എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍ ഇത് പൊള്ളച്ചു വരും. എന്നാല്‍ ചുവന്ന പപ്പടം ഇതേ രീതിയില്‍ പൊങ്ങി വരില്ല. അല്‍പം സ്വാദു വ്യത്യാസവുമുണ്ടാകും. പൊതുവേ പപ്പടം വാങ്ങിയാല്‍ വേഗത്തില്‍ ഇത്തരം രീതിയില്‍ ആയി വരുമ്പോള്‍ വാങ്ങിയ പപ്പടം ഗുണനിലവാരമില്ല, നല്ലതല്ല എന്നു പരാതിപ്പെടുന്നവരാണ് എല്ലാവരും. അതേ സമയം പപ്പടം കുറച്ചു ദിവസം കഴിഞ്ഞാലും കേടാകാതെ ഇരുന്നാല്‍ ഇത് നല്ല ഗുണമുള്ളത് എന്നതാകും ചിന്ത.

എന്നാല്‍ വാസ്തവത്തില്‍ നമ്മുടെ ഈ കാഴ്ചപ്പാട് തെറ്റാണ്. സാധാരണ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്ന് ഉപയോഗിച്ചാണ്. ഒപ്പം പപ്പടക്കാരവും ഉപയോഗിയ്ക്കും. ഇത് രണ്ടു ദിവസം കൊണ്ട് തന്നെ ചുവന്ന നിറത്തിലുമാകും. എന്നാല്‍ സോഡിയം ബെന്‍സോയേറ്റ് പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന പപ്പടം, അതായത് കൃത്രിമ ചേരുവ ഉപയോഗിച്ചുണ്ടാക്കുന്ന പപ്പടം രണ്ടല്ല ചിലപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാലും കേടാകില്ല. അതായത് പപ്പടം ദിവസങ്ങള്‍ ചെന്നിട്ടും കേടാകാതെ ഇരിയ്ക്കുന്നുവെങ്കില്‍ ഇതിനര്‍ത്ഥം ഇത് കൃത്രിമ ചേരുവ ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നാണ്. ഈ കെമിക്കല്‍ ആരോഗ്യത്തിന് നല്ലതല്ല. വയറിന് ഗ്യാസ്, അസിഡിറ്റി പോലുള്ള പല അവസ്ഥകളും ഇതുണ്ടാക്കും.

ഉഴുന്നിന് വില വര്‍ദ്ധിച്ചത് കൊണ്ട് സോഡിയം ബെന്‍സോയേറ്റ് മാത്രമല്ല, മൈദയും ഇതില്‍ ഉപയോഗിയ്ക്കുന്നു. മൈദയും ആരോഗ്യത്തിന് തീരെ നല്ലതല്ല. പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണിത്. മൈദയും ഒപ്പം സോഡിയും ബെന്‍സോയേറ്റും കൂടിയാകുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുന്നു. കുട്ടികള്‍ക്ക് വരെ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും ഇത്തരം കൃത്രിമ ചേരുവകള്‍ ഉപയോഗിച്ചുള്ള പപ്പടം കാരണമാകുന്നു.

പപ്പടം നല്ലതാണോ എന്ന് നോക്കാന്‍ മറ്റൊരു വഴി കൂടിയുണ്ട്. വാങ്ങിയ പപ്പടത്തില്‍ ഒരെണ്ണമോ ഒരു പകുതിയോ അല്‍പം വെള്ളമെടുക്ക് ഇതില്‍ ഇടുക. ഇത് 10 മിനിറ്റില്‍ മാവിന്റെ രൂപത്തില്‍ വേര്‍പെട്ട് പോയാല്‍ ഇത് നല്ല പപ്പടം, അതായത് ഉഴുന്നുമാവ് ഉപയോഗിച്ചുണ്ടാക്കിയത് തന്നെയെന്നര്‍ത്ഥം. അല്ലാത്ത പപ്പടം വിട്ടുപോകാതെ ഇതേ രീതിയില്‍ തന്നെ കിടക്കും. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുന്ന ചേരുവ ഉപയോഗിച്ചുണ്ടാക്കുന്നതാണെന്ന് ചുരുക്കം. ചുവന്ന് പോകുന്ന പപ്പടമെങ്കില്‍ ഇത് തന്നെയാണ് വ്യാജപപ്പടം അല്ലെന്നതിന്റെ സൂചന. ഇതിനാല്‍ ഇത്തരം പപ്പടം ഗുണനിലവാരമില്ലാത്തതാണെന്ന് വിലയിരുത്തരുത്. കൂടാതെ ഇത്തരം പപ്പടത്തിന് പകരം ദീര്‍ഘകാലം കേടാകാതെ ഇരിയ്ക്കുന്ന പപ്പടമല്ല വാങ്ങേണ്ടത്.

Related posts