Nammude Arogyam
General

ആർത്തവചക്രവും ഗർഭധാരണ സാധ്യതയും..

സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് ആര്‍ത്തവം. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന് ശരീരം നല്‍കുന്ന പ്രാരംഭ ലക്ഷണം എന്നു പറയാം. ഗര്‍ഭധാരണത്തിന് സ്ത്രീയില്‍ ആര്‍ത്തവം അത്യാവശ്യമാണ്. കാരണം ആര്‍ത്തവത്തെ തുടര്‍ന്നാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുന്നത്. ആര്‍ത്തവം നടന്നില്ലെങ്കില്‍ അണ്ഡവിസര്‍ജനവുമുണ്ടാകില്ല. ആര്‍ത്തവം കൃത്യമായി വരുന്നവരും ആര്‍ത്തവ ക്രമക്കേടുകളുളുളവരുമെല്ലാമുണ്ട്. ആര്‍ത്തവം കൃത്യമായി വരുന്നവരില്‍ ഓവുലേഷന്‍ സാധ്യതയും കൂടുതലാണ്. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ സാധ്യതയും. എന്നാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ പലപ്പോഴും വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കാറുണ്ട്.

മെന്‍സ്‌ട്രെല്‍ സൈക്കിള്‍ എന്നത് ഏറെ പ്രധാനമാണ്. അതായത് ആര്‍ത്തവം ആരംഭിച്ച് ആദ്യദിവസം മുതല്‍ അടുത്ത ആര്‍ത്തവം ആരംഭിയ്ക്കുന്ന ദിവസം വരെയുള്ള കണക്കാണ്, ദിവസങ്ങളാണ് മെന്‍സ്ട്രല്‍ സൈക്കിള്‍ എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ ആര്‍ത്തവ ചക്ര ദൈര്‍ഘ്യം ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ, ഹോര്‍മോണ്‍ ബാലന്‍സ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകളുടെ ഒരു സൂചികയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങളുമെല്ലാം തന്നെ ഗര്‍ഭധാരണ സാധ്യതയെ ബാധിയ്ക്കുന്നു.

സാധാരണ ആര്‍ത്തവ ചക്രം 21-35 ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. അതായത് ചിലരില്‍ ആര്‍ത്തവം 21 ദിവസങ്ങള്‍ കൂടുമ്പോള്‍ വരാം, ചിലരില്‍ ഇതിനിടയില്‍, ചിലരില്‍ 35 വരെയുളള ദിവസങ്ങളില്‍. ഇത് സാധാരണ സൈക്കിള്‍ അഥവാ റെഗുലര്‍ മെന്‍സ്ട്രല്‍ സൈക്കിള്‍ എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം സൈക്കിളില്‍ ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുണ്ട്. അതായത് സാധാരണ ആര്‍ത്തവ ചക്രമെങ്കില്‍ ഹോര്‍മോണുകള്‍ പ്രത്യുല്‍പാദനത്തിന് ശരീരത്തെ സജ്ജമാക്കിയിരിയ്ക്കുന്നുവെന്നര്‍ത്ഥം.

21 ദിവസത്തേക്കാള്‍ കുറഞ്ഞ ആര്‍ത്തവ ചക്രം ഷോര്‍ട്ട് മെന്‍സ്ട്രല്‍ സൈക്കിള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈക്കളില്‍ ഓവുലേഷന്‍ നടക്കാതിരിയ്ക്കുകയോ സാധാരണ രീതിയേക്കാള്‍ നേരത്തെ ഓവുലേഷന്‍ നടക്കുകയോ ചെയ്യുന്നു. ഇത്തരത്തിലെ ആര്‍ത്തവ ചക്രം സൂചിപ്പിയ്ക്കുന്നത് സ്ത്രീയുടെ ഓവറിയില്‍ കുറവു അണ്ഡം മാത്രമേയുള്ളൂവെന്നും ശരീരം മെനോപോസിലേയ്ക്ക് അടുക്കുകയാണെന്നുമാണ്. ചിലപ്പോള്‍ ഇത്തരം സൈക്കിളില്‍ ഓവുലേഷന്‍ സംഭവിയ്ക്കുകയുമില്ല. ഇത്തരം ഘട്ടത്തില്‍ സ്വാഭാവിക ഗര്‍ഭധാരണം ബുദ്ധിമുട്ടാകും.

ഷോര്‍ട്ട് മെന്‍സ്ട്രല്‍ സൈക്കിളിനു പ്രത്യേക കാരണമുണ്ട്. സ്ത്രീയ്ക്കു പ്രായമേറുമ്പോള്‍ ഓവറിയിലെ അണ്ഡങ്ങളുടെ എണ്ണത്തില്‍ കുറവു വരുന്നു. ഇതു കാരണം തലച്ചോര്‍ ഫോളിക്കില്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതു കാരണം അണ്ഡം വേഗത്തില്‍ പുറന്തള്ളപ്പെടുന്നു. അതായത് ഓവുലേഷന്‍ നേരത്തെ സംഭവിയ്ക്കുന്നുവെന്നര്‍ത്ഥം.

35 ദിവസത്തേക്കാള്‍ നീണ്ട ആര്‍ത്തവ ചക്രമാണ് ലോംഗ് മെന്‍സ്ട്രല്‍ സൈക്കിള്‍ എന്നറിയപ്പെടുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഓവുലേഷന്‍ നടക്കാതിരിയ്ക്കുകയോ ഓവുലേഷന്‍ ക്രമക്കേടുകള്‍ സംഭവിയ്ക്കുകയോ ചെയ്യുന്നു. ഇത്തരം ഓവുലേഷന്‍ ക്രമക്കേടുകള്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്നു.ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം കുറയുമ്പോഴാണ് ലോംഗ് മെന്‍സ്ട്രല്‍ സൈക്കിളുണ്ടാകുന്നത്. സാധാരണ ആര്‍ത്തവ ചക്രത്തില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണാണ് ബ്ലീഡിംഗ് കാരണമാകുന്നത്. ഫോളിക്കില്‍ ഉല്‍പാദനം നടക്കാതിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രൊജസ്‌ട്രോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാതിരിയ്ക്കുന്നു. ഇതിനനുസരിച്ച് ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്വാധീനം കാരണം യൂട്രസ് ഭിത്തികളില്‍ രക്തപാളികള്‍ രൂപപ്പെടുന്നു. ഇതു പിന്നീട് പുറന്തള്ളുന്നു. ഇതാണ് നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ചക്രത്തിനു കാരണമാകുന്നത്.

ഓവുലേഷന്‍ നടക്കാതിരിയ്ക്കുന്ന അവസ്ഥയുണ്ട്. ആര്‍ത്തവം വന്നാലും ഇതു വരാതിരിയ്ക്കാന്‍ ചില കാരണങ്ങളുമുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. തൈറോയ്ഡുള്ളവരിലെ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ തോതു വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാണ് സ്ത്രീ ശരീരത്തിലുണ്ടാകുന്നത്. ഇതും ഓവുലേഷന്‍ തടസമുണ്ടാക്കാം. ഇതെല്ലാം തന്നെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാകുകയും ചെയ്യും.

5-7 ദിവസങ്ങളേക്കാള്‍ ആര്‍ത്തവ ചക്രം നീണ്ടു നില്‍ക്കുന്നുവെങ്കില്‍ ഇതിനര്‍ത്ഥം ഓവുലേഷന്‍ ക്രമക്കേടെന്നതാണ്. ഇതിനു പുറമേ യൂട്രസ് ലൈനിംഗില്‍ തടസങ്ങളും ബ്ലഡ് ക്ലോട്ടുമെല്ലാം ഇതു സൂചിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. രണ്ട് ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലെ ബ്ലീഡിംഗും നീണ്ടു നില്‍ക്കുന്ന ബ്ലീഡിംഗും പോളിപ്‌സ്, ക്യാന്‍സര്‍, യൂട്രസ്, സെര്‍വിക്‌സ് ഇന്‍ഫെക്ഷനുകള്‍ എന്നിവ കാരണവുമുണ്ടാകാം. ഓവുലേഷന്‍ നടക്കാത്തതു മാത്രമല്ല, കാരണമെന്നര്‍ത്ഥം. ഇതെല്ലാം തന്നെ സന്താനോല്‍പാദനത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.

ആര്‍ത്തവം വല്ലപ്പോഴുമുണ്ടാകുന്ന, ഇല്ലാതിരിയ്ക്കുന്ന അവസ്ഥകളുണ്ട്. ഇതു സൂചിപ്പിയ്ക്കുന്നത് ഓവുലേഷന്‍ നടക്കുന്നില്ലെന്നോ രക്തപ്രവാഹത്തെ എന്തെങ്കിലും തടസപ്പെടുത്തുന്നുണ്ടെന്നതുമാണ്. ശരീരഭാരം തീരെ കുറവായവരില്‍ ആര്‍ത്തവം ഇല്ലാതിരിയ്ക്കാറുണ്ട്. കാരണം ആര്‍ത്തവചക്രത്തിനായി ശരീരത്തില്‍ ഒരളവു വരെ കൊഴുപ്പും ആവശ്യമാണെന്നതാണ്. ഇത്തരക്കാരില്‍ ആവശ്യത്തിനു തൂക്കമായാല്‍ ആര്‍ത്തവം ഉണ്ടാകുന്നതായും കാണുന്നുണ്ട്. ഇതു പോലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ആര്‍ത്തവമില്ലാതിരിയ്ക്കുന്നതിനും കാരണമാകാറുമുണ്ട്.

Related posts