Nammude Arogyam
Woman

യൂട്രസ് ഫൈബ്രോയ്ഡുകള്‍ എങ്ങനെ തടയാം?

ഫൈബ്രോയ്ഡുകള്‍ എന്നത് യൂട്രസില്‍ വളരുന്ന അസാധാരണ വളര്‍ച്ചയാണ്. പൊതുവേ നിര്‍ദോഷമായ, ക്യാന്‍സര്‍ കാരണമല്ലാത്ത വളര്‍ച്ചകളാണ് ഇവ. ചില സ്ത്രീകളില്‍ ഇത്തരം മുഴകളുടെ വലിപ്പം വര്‍ദ്ധിച്ച് കഠിനമായ വയറുവേദനയ്ക്കും ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവത്തിനും വഴിയൊരുക്കുന്നു. 50കളിലെത്തുന്ന 50 ശതമാനം സ്ത്രീകളിലും ഇത് കണ്ടു വരുന്നു. എന്നാല്‍ പലര്‍ക്കും ഇത് ലക്ഷണങ്ങളിലാതെ വരുന്നതിനാല്‍ തന്നെ പലപ്പോഴും ഫൈബ്രോയ്ഡുകളുണ്ടെന്ന് തിരിച്ചറിയാതെ വരുന്നു. മയോമാസ്, ലിയോമയോമാസ്, യൂട്രൈന്‍ മയോമാസ്, ഫൈബ്രോമാസ് എന്നിവയെല്ലാം ഫൈബ്രോയ്ഡുകള്‍ എന്ന ഗണത്തില്‍ വരുന്നവയാണ്.

യൂട്രസില്‍ ഇവ വരുന്ന സ്ഥാനമനുസരിച്ച് ഇവ പല രീതിയിലുള്ളവയുമുണ്ട്. ഇന്‍ട്രാമ്യൂറല്‍ ഫൈബ്രോയ്ഡുകള്‍ യൂട്രസിന്റെ ഭിത്തിയിലെ മസിലുകളില്‍ വരുന്നതാണ്. ഇവ വലുതായി വയറ്റില്‍ വരെയെത്താം. സബ് ഇറോസല്‍ ഫൈബ്രോയ്ഡുകളുണ്ട്. ഇവ യൂട്രസിന്റെ പുറഭാഗത്ത് വരുന്നു. ഇവ സെറോസ എന്നും അറിയപ്പെടുന്നുണ്ട്. ഇവ വലിപ്പം വര്‍ദ്ധിച്ച് വയറിന്റെ ഒരു ഭാഗം വലുതായി കാണപ്പെടുന്ന രീതിയില്‍ വരെയെത്തുന്നു. പെഡ്യുന്‍ക്യുലേറ്റഡ് ഫൈബ്രോയ്ഡുകള്‍ സബ്ഇറോസല്‍ ട്യൂമറുകളാണ്. ഇവ കട്ടികുറഞ്ഞ അടിസ്ഥാന ഭാഗത്തു നിന്നും ഒരു തണ്ടിന്റെ രൂപത്തില്‍ വളരുന്നവയാണ്. സബ്മ്യൂകോസര്‍ ഫൈബ്രോയ്ഡുകളുണ്ട്. ഇത് യൂട്രസിന്റെ ഇടയിലെ മസിലുകളിലോ മയോമെട്രിയം എന്ന യൂട്രസ് ഭാഗത്തോ വളരുന്നവയാണ്. ഇവ മറ്റുളള ഫൈബ്രോയ്ഡുകള്‍ പോലെ അത്ര സാധാരണയായി കണ്ടു വരുന്നവയല്ല.

ഫൈബ്രോയ്ഡുകള്‍ക്കുള്ള കാരണങ്ങള്‍ അത്ര വ്യക്തമല്ല. എങ്കിലും പല കാരണങ്ങളാലും ഇതു വരുന്നു. ഓവറി ഉല്‍പാദിപ്പിയ്ക്കുന്ന ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ ഇതിനുളള ഒരു കാരണമാണ്. ഇവ ആര്‍ത്തവ സമയത്ത് യൂട്രസ് ഭിത്തികളെ പുനരുജ്ജീവിപ്പിയ്ക്കുന്നു, ഇതിലൂടെ ഫൈബ്രോയ്ഡ് വളര്‍ച്ചയ്ക്കും വഴി വയ്ക്കുന്നു. പാരമ്പര്യമായി വരാവുന്ന ഒന്നാണിത്. അമ്മയുടെ അമ്മയ്ക്കും, അമ്മയ്ക്കും സഹോദരിയ്ക്കുമുണ്ടെങ്കില്‍ വരാന്‍ സാധ്യതയേറെയാണ്.

ഇതല്ലാതെ ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ ഫൈബ്രോയ്ഡ് വളര്‍ച്ചയുണ്ടാകാം. ഈ സമയത്ത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ അളവ് കൂടുന്നതാണ് കാരണം. ഗര്‍ഭകാലത്ത് ഇവ പടിപടിയായി വളരുന്നു. വൈറ്റമിന്‍ ഡി കുറവ് ഇതിനുള്ള കാരണമായി പറയപ്പെടുന്നു. ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം, ആവശ്യത്തിന് പഴം, പച്ചക്കറികള്‍, പാലുല്‍പന്നങ്ങള്‍ കഴിയ്ക്കാത്തത് എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നതായി പറയുന്നു. മദ്യത്തിന്റെ ഉപയോഗം, അമിത വണ്ണം കാരണം വരുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവയെല്ലാം കാരണമാണ്. 30കള്‍ കഴിഞ്ഞ സ്ത്രീകളില്‍ ഫൈബ്രോയ്ഡ് സാധ്യത ഏറെയാണ്.

ഫൈബ്രോയ്ഡുകളെ തടുക്കാന്‍ ചെയ്യാവുന്ന ചിലതുണ്ട്. മാംസവും കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണവും കുറയ്ക്കുക, അല്ലെങ്കിൽ തീരെ ഒഴിവാക്കുക. ഫ്‌ളവനോയ്ഡുകള്‍, പച്ചക്കറികള്‍, ഫ്രൂട്‌സ്, പയര്‍ വര്‍ഗങ്ങള്‍, ഗ്രീന്‍ ടീ, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകള്‍ കഴിയ്ക്കുക, സ്‌ട്രെസ് കുറയ്ക്കുക, ബിപി കുറയ്ക്കുക, വൈറ്റമിന്‍ ഡി അപര്യാപ്തത പരിഹരിയ്ക്കുക, മദ്യോപയോഗം കുറയ്ക്കുക, ശരീരതത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുക എന്നിവയെല്ലാം ഫൈബ്രോയ്ഡുകള്‍ തടയാനുളള വഴികളില്‍ പെടുന്നതായി വിവിധ പഠനങ്ങളിൽ പറയുന്നു. കൃത്യമായ തൂക്കം, നല്ല ഭക്ഷണം, വ്യായാമം, സ്‌ട്രെസ് ഒഴിവാക്കുക എന്നിവയെല്ലാം പല അസുഖങ്ങളേയും നിയന്ത്രിയ്ക്കുന്നത് പോലെ തന്നെ ഫൈബ്രോയ്ഡുകളുടെ നിയന്ത്രണവും സാധ്യമാക്കുന്നു.

Related posts