ഒരു കുട്ടിയുടെ വളര്‍ച്ച അവന്റെ/അവളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ഭക്ഷണക്രമത്തിനും ഒരു പ്രധാന പങ്കുണ്ട്. വിവിധ പഠനങ്ങളനുസരിച്ച്, കൗമാരക്കാരായ കുട്ടികളുടെ ഉയരം സംബന്ധിച്ച് പോഷകാഹാരം പോലുള്ള ഘടകങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുവെന്നാണ് (Foods to increase height of kids) പറയുന്നത്.
മറ്റൊരു പഠനത്തില്‍, ഉറക്ക തകരാറുകളും താഴ്ന്ന നിലയിലുള്ള ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണും (എച്ച്ജിഎച്ച്) തമ്മിലുള്ള ബന്ധം തെളിയിക്കുന്നു. ഇത് എല്ലുകളുടെ വളര്‍ച്ചയിലും തുടര്‍ന്നുള്ള ഉയരം വര്‍ദ്ധനയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, നല്ല ഉയരം നേടുന്നതിന് നല്ല ഉറക്കവും പ്രധാനമാണ്.
ഒരു വ്യക്തിയുടെ ഉയരവും അവന്‍/അവള്‍ കഴിക്കുന്ന ഭക്ഷണരീതിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഒരു പഠനം പറയുന്നത്, പാലുല്‍പ്പന്നങ്ങള്‍, ചിക്കന്‍, മറ്റ് മാംസ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍, അത് കുട്ടികളെ ഉയരമുള്ളവരാക്കാന്‍ സഹായിക്കുന്നുവെന്നാണ്. മതിയായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണക്രമം വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ആവശ്യമുള്ള ഉയരം നേടാന്‍ സഹായിക്കും. അതിനാല്‍ കുട്ടികളുടെ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
1.പാലുല്‍പ്പന്നങ്ങള്‍-ഉയരം വയ്ക്കുന്നതിനായി പാലും പാലുല്‍പ്പന്നങ്ങളും കഴിക്കണം. പാലുല്‍പ്പന്നങ്ങളായ ചീസ്, പനീര്‍, തൈര്, വിപ്പിംഗ് ക്രീം, എന്നിവ വിറ്റാമിന്‍ എ, ബി, ഡി, ഇ എന്നിവയാല്‍ സമ്പന്നമാണ്. അവയില്‍ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും കാല്‍സ്യവും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഉയരം കുറയാന്‍ കാരണമാകും. ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നതും പ്രധാനമാണ്.
2.അന്നജങ്ങളും ധാന്യങ്ങളും-അന്നജങ്ങളും ധാന്യങ്ങളുമാണ് നമ്മുടെ ശരീരത്തിലെ ഊര്‍ജത്തിന്റെ പ്രധാന സ്രോതസ്സുകള്‍. കൂടാതെ, അത് വിറ്റാമിന്‍ ബി, ഫൈബര്‍, ഇരുമ്പ്, മഗ്‌നീഷ്യം, സെലിനിയം എന്നിവ നല്‍കുന്നു. ആവശ്യമായ കലോറികള്‍ നല്‍കുന്നതിനാല്‍, ഇവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണം. ഉണക്കലരി, ചോളം, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ ശരിയായ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
3.മുട്ട-പ്രോട്ടീനുകളുടെ നല്ലൊരു ഉറവിടമാണ് മുട്ട. ഇവയുടെ വെളുത്ത ആല്‍ബുമനില്‍ 100 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മഞ്ഞക്കുരുവില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അത് ഒഴിവാക്കുക. റൈബോഫ്‌ലേവിന്‍ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ ബി 2, മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഉയരം കൂട്ടാന്‍ ചെറുപ്പം മുതലേ 2-4 മുട്ടകള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
4.സോയാബീന്‍-സസ്യാഹാരങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാബീനില്‍ അടങ്ങിയിരിക്കുന്ന ശുദ്ധമായ പ്രോട്ടീന്‍ എല്ലുകളെയും കോശങ്ങളെയും മെച്ചപ്പെടുത്തുന്നു. ഉയരം കൂടുന്നതിനായി ദിവസവും 50 ഗ്രാം സോയാബീന്‍ ശുപാര്‍ശ ചെയ്യുന്നു. സസ്യാഹാരികള്‍ക്ക് വളരെ പോഷകഗുണമുള്ള സോയാബീനില്‍ നിന്ന് ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭ്യമാകും.
5.ഇലക്കറികള്‍-ചീര പോലുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫൈബര്‍, ഫോളേറ്റ്, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും ഇവ അനിവാര്യമാണ്. കുട്ടി ഉയരത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക.
6.വാഴപ്പഴം-വാഴപ്പഴത്തില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, എളുപ്പത്തില്‍ ദഹിക്കുന്ന ഫൈബറുകള്‍, വിറ്റാമിന്‍ ബി 6, സി, എ, ആരോഗ്യകരമായ പ്രീബയോട്ടിക്‌സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സമീകൃതാഹാരം തിരഞ്ഞെടുക്കുമ്പോള്‍ അവഗണിക്കാനാവാത്ത ഒരു ഭക്ഷണമാണ് വാഴപ്പഴം.
7.മത്സ്യം-ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ മത്സ്യം നല്ലൊരു ഭക്ഷണമാണ്. 100 ഗ്രാം സാല്‍മണില്‍ (ചെമ്പല്ലി) 2.3 ഗ്രാം ഒമേഗ-3, അതുപോലെ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, സെലിനിയം, മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. 2017-ലെ ഒരു പഠനമനുസരിച്ച്, കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പറയുന്നു. കൂടാതെ ഇത് വൈജ്ഞാനിക പ്രവര്‍ത്തനം, ഹൃദയാരോഗ്യം, രോഗപ്രതിരോധ സംവിധാനം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.