Nammude Arogyam
General

പ്രായം കൂടുന്നതനുസരിച്ച് പുരുഷന്മാർ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ഓരോ പ്രായത്തിലും ആളുകള്‍ അവരുടെ ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20കളിലും 30കളിലും എങ്ങനെ ആഹാരം കഴിക്കുന്നുവോ അതുപോലെ ചിലപ്പോള്‍ നാല്‍പതുകളില്‍ കഴിക്കാനാവണമെന്നില്ല. പ്രായമാകുമ്പോള്‍, ശരീരഭാരം കുറയ്ക്കുകയോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയോ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്. അമിതവണ്ണം പുരുഷന്മാരെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ക്യാന്‍സറുകള്‍ (പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, മൂത്രാശയ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ), ടൈപ്പ് -2 പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യത്തോടെ തുടരാന്‍ പ്രായമാകുമ്പോള്‍ നല്ല ഭക്ഷണം കഴിക്കണം. ഇല്ലെങ്കിൽ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണ്‍ അളവ് പതുക്കെ കുറയാന്‍ തുടങ്ങും. കൂടാതെ തെറ്റായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിതവണ്ണത്തിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. നാല്‍പത് കഴിഞ്ഞ പുരുഷന്‍മാര്‍ ചില ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. നിലവിലുള്ള രോഗങ്ങളെ കൈകാര്യം ചെയ്യാനും മറ്റു രോഗങ്ങള്‍ വരാതെ തടയാനും ഇത് പ്രധാനമാണ്. അതിനാല്‍, 40 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൃത്രിമ പഞ്ചസാര സാധാരണ പഞ്ചസാരയേക്കാള്‍ അപകടകരമാണ്. ഇതിലെ അസ്പാര്‍ട്ടേം, സുക്രലോസ്, സ്റ്റീവിയ എന്നിവ ക്രമേണ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പല വിവിധ പഠനങ്ങളിൽ പറയുന്നു. നാല്‍പത് കഴിഞ്ഞവര്‍ മധുരം കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നതും വസ്തുതയാണ്. ഇത് ഒഴിവാക്കാനാവാത്തവര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള പഞ്ചസാരയും തേനും ഉപയോഗിക്കാം.

കൃത്രിമ പഞ്ചസാര കഴിക്കുമ്പോള്‍ ശരീരത്തില്‍ അധിക പഞ്ചസാര, ഫുഡ് കളറിംഗ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ എത്തുന്നു. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നു. 20കളിലും, 30 കളിലും കൃത്രിമ പഞ്ചസാര ചിലപ്പോള്‍ നല്ലതായി തോന്നിയേക്കാം. പക്ഷേ നാല്‍പതുകളില്‍ കൃത്രിമ പഞ്ചസാര ജീവിതത്തിന് ഒരു ഭീഷണിയാകാം.

കൃത്രിമ പ്രോട്ടീനിനെ, വേ പ്രോട്ടീന്‍ അല്ലെങ്കില്‍ പ്ലാന്റ് പ്രോട്ടീന്‍ എന്ന് വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവയില്‍ കൊഴുപ്പും കൃത്രിമ മധുരപലഹാരങ്ങളും ഹൈഡ്രജന്‍ അടങ്ങിയ എണ്ണകളും സുഗന്ധങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിനും ഹൃദയത്തിനും ദോഷകരമാണ്. അതിനാല്‍ തന്നെ നാല്‍പത് കഴിഞ്ഞ പുരുഷന്‍മാര്‍ കൃത്രിമ പ്രോട്ടീന്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വെണ്ണ പോലെ കാണപ്പെടുന്ന മാര്‍ഗരിന്‍ വളരെ അപകടകരമാണ്. വെജിറ്റബിള്‍ ഓയില്‍ കൊണ്ട് നിര്‍മ്മിച്ച ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഒരു കൃത്രിമ സംയുക്തമായ പ്രൊപിലീന്‍ ഗ്ലൈക്കോള്‍ ഉണ്ട്. ഇതില്‍ ധമനികളില്‍ അടഞ്ഞുകൂടാന്‍ കഴിവുള്ള ട്രാന്‍സ് ഫാസ്റ്റ് നിറഞ്ഞിരിക്കുന്നു. അത്കൊണ്ട് തന്നെ ഇത് വളരെ ദോഷമാണ്. ഇത് കഴിക്കുന്നതിന് പകരമായി ഒലിവ് ഓയില്‍ അല്ലെങ്കില്‍ വീട്ടില്‍ നിര്‍മ്മിച്ച വെണ്ണ ഉപയോഗിക്കുക.

ആരോഗ്യകരമായ ഭക്ഷണമാണെന്ന് കരുതി സാലഡ് യഥേഷ്ടം കഴിച്ചേക്കാം. പക്ഷേ സാലഡിൽ ഉപയോഗിക്കുന്ന, സാലഡ് ഡ്രസ്സിംഗ് ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കാം. ട്രാന്‍സ് ഫാറ്റ്, പഞ്ചസാര, കൃത്രിമ നിറങ്ങള്‍, സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയ ഇവ ഹൃദയത്തിന് മാത്രമല്ല ഹോര്‍മോണുകള്‍ക്കും ദോഷകരമാണ്.

ടിന്നിലടച്ച ഭക്ഷണങ്ങളില്‍ കൃത്രിമ കൂട്ടുകളും പ്രിസര്‍വേറ്റീവുകളും ധാരാളമുണ്ട്. 40ന് ശേഷം, ശരീരത്തിന് കൂടുതല്‍ പോഷകാഹാരം ആവശ്യമാണ്. അതിനാല്‍ പുതുതായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

എയറേറ്റഡ് പാനീയങ്ങള്‍ അല്‍പം പ്രശ്‌നക്കാരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ക്യാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയയില്‍ നിന്നും മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും നടത്തിയ ഗവേഷണമനുസരിച്ച് മധുരമുള്ള ശീതളപാനീയങ്ങളുടെ അമിത ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. നിരവധി ജീവിതശൈലീ രോഗങ്ങളുടെ മൂലകാരണമായ അമിതവണ്ണത്തിനും ഇത്തരം പാനീയങ്ങള്‍ കാരണമാകുന്നു.

ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ് പോലുള്ള വറുത്ത ഭക്ഷണങ്ങള്‍, ബ്രെഡ്, ഫ്രൈഡ് മാംസം എന്നിവ ഒഴിവാക്കണം. കാരണം, ഇത് ധമനികളെ ചൂടാക്കി ആരോഗ്യകരമല്ലാത്ത രക്തം പമ്പ് ചെയ്യുന്നു. ചിപ്‌സിലും ഫ്രഞ്ച് ഫ്രൈസിലും അക്രിലാമൈഡ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അക്രിലമൈഡിനെ ക്യാന്‍സറുമായി ബന്ധിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ ഫ്രൈ ചെയ്ത ഭക്ഷണങ്ങളിലെ ഉയര്‍ന്ന കലോറി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും, ഇത് പല രോഗങ്ങള്‍ക്കും, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ആരോഗ്യത്തോടെ തുടരാന്‍ പ്രായമാകുമ്പോള്‍ നല്ല ഭക്ഷണം കഴിക്കുക. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക എന്നിവ പ്രധാനമാണ്. മുകളിൽ പറഞ്ഞ ഈ കാര്യങ്ങളെല്ലാം ശീലിച്ചാല്‍ തന്നെ രോഗങ്ങളെ ചെറുക്കാനും, ഏത് പ്രായത്തിലും ആരോഗ്യവാനായിരിക്കാനും സാധിക്കും.

Related posts