അരിയാഹാരം കഴിക്കാതെയുള്ള ഒരു ദിവസം നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നമ്മുടെയെല്ലാം തീൻമേശയിലെ പ്രധാന വിഭവമാണ് ചോറ്. ഉച്ചക്കും, അത്താഴത്തിനും കാലങ്ങളായി അരി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികള്‍. മട്ട, കുറുവ, പൊന്നി, ജയ അങ്ങനെ പല തരത്തിലുള്ള അരികള്‍ മലയാളികള്‍ ഉപയോഗിക്കുന്നു. ഇതിൽ തന്നെ ചിലര്‍ക്ക് വെളുത്ത അരിയായിരിക്കാം കഴിക്കാന്‍ ഇഷ്ടം, മറ്റു ചിലര്‍ക്ക് തവിട്ട് അരിയും. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് അരിയാണ് മികച്ചതെന്ന് അറിയാമോ?
സാധാരണ വെളുത്ത അരിയുടെ ചോറിനേക്കാള്‍ ആരോഗ്യമുള്ളതാണ് ബ്രൗണ്‍ റൈസ് എന്നാണ് വിദഗ്ധർ പറയുന്നത്. ഉമി മാത്രം കളഞ്ഞാണ് തവിട്ടു നിറത്തിലുള്ള അരി പ്രോസസ്സ് ചെയ്‌തെടുക്കുന്നത്. എന്നാല്‍ വെള്ള അരി പല സംസ്‌കരണ പ്രക്രിയകളിലൂടെയും കടന്നുപോകുന്നതിനാല്‍ ഇതിലെ പല പോഷകഗുണങ്ങളും നഷ്ടപ്പെടുന്നു. ബ്രൗണ്‍ റൈസില്‍ പോഷകഘടകങ്ങളായ തവിട്, എന്‍ഡോസ്‌പെറം എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ള അരിയേക്കാള്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതാണ് ബ്രൗണ്‍ റൈസ്. തവിടുകളയാത്ത അരി ഏറ്റവും നല്ല പോഷകദായനി കൂടിയാണ്. വെളുത്ത അരിയേക്കാള്‍ രുചികരവുമാണ് ബ്രൗണ്‍ റൈസ്. വെളുത്ത അരിയെ അപേക്ഷിച്ച് ബ്രൗണ്‍ റൈസില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.മികച്ച പോഷകാഹാരം
വെളുത്ത അരിയില്‍ നിന്ന് വ്യത്യസ്തമായി ബ്രൗണ്‍ റൈസില്‍ സെലിനിയം, കാല്‍സ്യം, മാംഗനീസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാരുകളുടെയും ഫോളേറ്റിന്റെയും സമൃദ്ധമായ ഉറവിടം കൂടിയാണ് ബ്രൗണ്‍ റൈസ്. ഇവ രണ്ടും വെളുത്ത അരി കഴിക്കുന്നതിലൂടെ ലഭിക്കില്ല. കൂടാതെ ബ്രൗണ്‍ റൈസില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്.
2.മാംഗനീസ് ധാരാളം അടങ്ങിയതത്
ബ്രൗണ്‍ റൈസ് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ മാംഗനീസ് ദിവസവും ലഭിക്കുന്നു. ഒരു കപ്പ് ബ്രൗണ്‍ റൈസ് ദിവസേന ആവശ്യമായ മാംഗനീസിന്റെ 80% നല്‍കും. നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ സൃഷ്ടിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് മാംഗനീസ്. അതിനാല്‍ ഇത് നമ്മുടെ നാഡീവ്യവസ്ഥയെയും പ്രത്യുല്‍പാദന വ്യവസ്ഥയെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
3.സെലിനിയം അടങ്ങിയത്
കാന്‍സറിനെയും, മറ്റ് ഹൃദ്രോഗങ്ങളെയും തടയാനും, സന്ധിവാതം കുറയ്ക്കാനും സഹായിക്കുന്ന ധാതുവാണ് സെലിനിയം. ബ്രൗണ്‍ റൈസിൽ ധാരാളമായി സെലിനിയം അടങ്ങിയിരിക്കുന്നു. അത് നമ്മളെ മാരകമായ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നു.
4.ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
തവിട്ട് അരിയുടെ ഏറ്റവും വലിയ ഗുണം അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. കാരണം ഫൈബര്‍ കൂടുതലായി അടങ്ങിയ ബ്രൗണ്‍ റൈസ് കൂടുതല്‍ നേരം വിശപ്പ് രഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല വിശപ്പ് നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. അതിനാല്‍ തവിട്ട് അരി മൊത്തത്തില്‍ കുറഞ്ഞ അളവില്‍ മാത്രം ശരീരത്തില്‍ കലോറി എത്തിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
5.ഉദരാരോഗ്യം
ബ്രൗണ്‍ റൈസില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലശോധന സുഗമമായി നിലനിര്‍ത്തുകയും ഉദരാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ദഹന സിസ്റ്റം നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
6.മലബന്ധം തടയുന്നു
അരി ഭക്ഷണം കഴിക്കുന്നതിലൂടെ വന്‍കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു. ബ്രൗണ്‍ റൈസില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും മലവിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു.
7.പ്രമേഹ നിയന്ത്രണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ബ്രൗണ്‍ റൈസ് നമ്മളെ സഹായിക്കുന്നു. മാത്രമല്ല മിക്ക തരം പ്രമേഹത്തിനും ബ്രൗണ്‍ റൈസ് കഴിക്കുന്നത് നല്ല വഴിയായി കണക്കാക്കപ്പെടുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ളതിനാല്‍, രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിന്‍ അളവിലും ബ്രൗണ്‍ റൈസിന്റെ സ്വാധീനം വളരെ കുറവാണ്. ഒരു ദിവസം ഒരു കപ്പ് ബ്രൗണ്‍ റൈസ് കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ നേരെമറിച്ച്, സ്ഥിരമായി അരി കഴിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലുമാണ്.
നമ്മൾ മലയാളികൾക്ക് ചോറ് ഒഴിച്ച് കൂടാനാവാത്ത ഭക്ഷണമായതിനാൽ തന്നെ, ചോറ് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ കൂടി നമ്മൾ ക്കേണ്ടതാണ്.