Nammude Arogyam
Woman

ഗര്‍ഭത്തിന്റെ കാണാപ്പുറങ്ങള്‍

ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനം സ്ത്രീയ്ക്കുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങളും തന്നെയാണ്. ആര്‍ത്തവം തെറ്റുന്നതാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം ഛര്‍ദി, തലചുറ്റല്‍, ഭക്ഷണത്തോടുള്ള താല്‍പര്യം, വിരക്തി തുടങ്ങിയ പല കാര്യങ്ങളുമുണ്ടാകാം. ഇതിനൊപ്പം മെഡിക്കല്‍ ടെസ്റ്റ് കൂടിയുണ്ടെങ്കില്‍ കാര്യം തീരുമാനമാക്കാം. എന്നാല്‍ ചിലപ്പോള്‍ ഈ ഗര്‍ഭധാരണ ലക്ഷണങ്ങള്‍ എല്ലാം കാണും, ടെസ്റ്റ് ചെയ്യുമ്പോള്‍ നെഗറ്റീവാണ് ഫലമെന്നും വരും. അതായത് ഗര്‍ഭമുണ്ടെന്നു തോന്നുമെങ്കിലും ഗര്‍ഭമില്ലാത്ത അവസ്ഥ. ഫോള്‍സ് പ്രഗ്നന്‍സി എന്നാണ് ഈ പ്രത്യേക അവസ്ഥ അറിയപ്പെടുന്നത്.

പ്‌സ്യൂഡോസയസിസ്

പ്‌സ്യൂഡോസയസിസ് അഥവാ ഫോള്‍സ് പ്രഗ്നന്‍സി അല്ലെങ്കിൽ ഫാന്റം പ്രഗ്നന്‍സി എന്ന ഈ അവസ്ഥ ഗര്‍ഭധാരണ ലക്ഷണങ്ങളെങ്കിലും ഗര്‍ഭമില്ലാത്ത അവസ്ഥയാണ്. ആര്‍ത്തവം തെറ്റുക, വയര്‍ വലുതാകുക, എന്തിന് കുഞ്ഞ് വയറ്റില്‍ ചവിട്ടുന്നതു പോലെയുള്ള തോന്നല്‍ പോലും ഉണ്ടാകും. അതായത് സാധാരണ ഗര്‍ഭവതിയായ ഒരു സ്ത്രീയ്ക്കുള്ള എല്ലാ തരം ലക്ഷണങ്ങളും തോന്നലുകളും. എന്നാല്‍ ഗര്‍ഭമുണ്ടാകില്ല.

കാരണങ്ങള്‍

ഇത് വളരെ ചുരുക്കം പേരില്‍ കണ്ടു വരുന്ന ഒന്നാണ്. കാരണങ്ങള്‍ ഇതു വരെ വ്യക്തമായി കണ്ടുപിടി്ച്ചിട്ടുമില്ല. സൈക്കോസോമാറ്റിക് കണ്ടീഷന്‍ എന്നു പറയാം. മനസുമായി ബന്ധപ്പെട്ട ഒന്ന്. ഒരു കുഞ്ഞുണ്ടാകാന്‍ തീവ്രമായ ആഗ്രഹമുണ്ടാകുമ്പോള്‍ ശരീരം ആ രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു. വന്ധ്യതാ പ്രശ്‌നങ്ങളെങ്കിലും തുടര്‍ച്ചയായി അബോര്‍ഷനുകളെങ്കിലും ഇത്തരം അവസ്ഥ കാണാറുണ്ട്. മനസിന്റെ തോന്നലുകള്‍ ഇത്തരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്, അതായത് ഗര്‍ഭകാല ഹോര്‍മോണ്‍ ഉല്‍പാദത്തിന് ശരീരത്തെ പ്രേരിപ്പിയ്ക്കുന്നതാണ് കാരണം. ചിലപ്പോള്‍ ചില പ്രത്യേക മെഡിക്കല്‍ കണ്ടീഷനുകളുമാകാം ഇതിന് കാരണം.

ചില കേസുകളില്‍

ആര്‍ത്തവം തെറ്റുക, മാറിടങ്ങള്‍ മൃദുവും വലുതുമാകുക, വയര്‍ വലിപ്പം വയ്ക്കുക, മനം പിരട്ടല്‍, ഛര്‍ദി, തൂക്കം കൂടുക, ഇടയ്ക്കിടെ മൂത്ര ശങ്ക തുടങ്ങി ഗര്‍ഭിണികളില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവരിലും കാണപ്പെടുന്നു. പ്‌സ്യൂഡോസയാസിസ് ആണോയെന്നറിയാന്‍ ഉള്ള വഴി ഗര്‍ഭ പരിശോധനയും അള്‍ട്രാ സൗണ്ടും മാത്രമാണ്. സാധാരണ ഗതിയില്‍ യൂറിന്‍ പ്രഗ്നന്‍സി ടെസ്റ്റ് ഇത്തരം അവസ്ഥയില്‍ നെഗറ്റീവാകും. എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ ഇത് പൊസറ്റീവാകുകയും ചെയ്യും. ബ്രെയിന്‍ മാറ്റങ്ങള്‍ അനുസരിച്ച് പ്രഗ്നന്‍സി ഹോര്‍മോണായ ഗൊണാഡോട്രോഫിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നതാണ് ഇതിന് കാരണം. ഇത്തരം ഘട്ടത്തില്‍ വയറ്റില്‍ കുഞ്ഞുണ്ടോയെന്നു തീരുമാനിയ്ക്കുവാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ മാത്രമാണ് വഴി.

എന്നാല്‍ ഈ അവസ്ഥ പൊതുവേ അത്ര സാധാരണയല്ല. പരിചയ സമ്പന്നയായ ഒരു ഗൈനക്കോളജിസ്റ്റിന് പരിശോധനയില്‍ തന്നെ ഇക്കാര്യം തിരിച്ചറിയാന്‍ സാധിയ്ക്കും. മനസ് തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് ശരീരത്തിന് ഗര്‍ഭധാരണ ലക്ഷണം സമ്മാനിയ്ക്കുന്നതാണ് ഈ പ്‌സ്യൂഡോപ്രഗ്നന്‍സി എന്നു തന്നെ പറയാം. ഗര്‍ഭമുണ്ടെന്നു സന്തോഷിയ്ക്കുന്നവര്‍ക്ക് ഇല്ലെന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളല്ലാതെ ഇതിന് മറ്റ് പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെയില്ല.

Related posts