നമ്മൾ പുതിയൊരു വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പോയ വർഷത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ ആർക്കും അവരുടെ ആരോഗ്യം നിസ്സാരമായി കാണാനാവില്ല. അത്കൊണ്ട് ഈ വർഷാദ്യത്തിൽ തന്നെ നമുക്ക് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. നമ്മുടെ ശരീരത്തിലെ ഓരോ അവയങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അത്തരത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു അവയവമാണ് കിഡ്നി. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നാണ് കിഡ്നിയെ വിശേഷിപ്പിക്കുന്നത്. നന്നായി പ്രവർത്തിക്കുന്ന കിഡ്നി നമ്മുടെ ശരീരത്തിലെ മാലിന്യം നീക്കം ചെയ്യാനും, വിവിധ ഹോർമോണുകൾ ഉല്പാതിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇപ്പോൾ മിക്ക ആളുകളിലും കിഡ്നി രോഗം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. നമ്മുടെ ലോകത്ത് 26 മില്ല്യൺ ആൾക്കാർ അറിയുന്നില്ല അവർക്ക് കിഡ്നി രോഗം ഉണ്ട് എന്നുള്ളത്. എന്നാൽ മിക്കവരിലും ഇതിൻ്റെ ലക്ഷണങ്ങൾ വളരെ വൈകിയാണ് കാണാറുള്ളത്. പ്രേമേഹം, അധിക രക്തസമ്മർദം, ഹൃദ്രോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ ഉള്ള ആളുകളിൽ കിഡ്നി രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
നമുക്ക് എല്ലാവർക്കും അറിയാം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ കൂടുതൽ വെള്ളം കുടിക്കുന്നത് ചില അവസരങ്ങളിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് കിഡ്നി രോഗം ഉള്ള ആളുകൾക്ക്. ഇത്തരം സാഹചര്യത്തിൽ ഡോക്ടർ നിർദ്ദേശിച്ച അളവിൽ വെള്ളം കുടിച്ചാൽ മതി.
പ്രേമേഹവും, രക്തസമ്മർദ്ധവും ആണ് കിഡ്നിയെ തകരാറിലാക്കുന്ന അസുഖങ്ങൾ. അത്കൊണ്ട് തന്നെ ഉപ്പ് കുറച്ച്, കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ഇങ്ങനത്തെ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.
നിത്യ വ്യായാമം നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. അത്പോലെ തന്നെ പ്രേമേഹവും, ഹൃദോഗവും വരാതെ തടയാനും ഇത് സഹായിക്കുന്നു.
കിഡ്നി രോഗത്തിനെ നിശബ്ദ കൊലയാളി എന്നാണ് പൊതുവെ പറയാറ്. കാരണം മിക്കപ്പോഴും 90% കിഡ്നിയും കേടായതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങാറ്. അത്കൊണ്ട് തന്നെ ജീവിതശൈലി രോഗമുള്ളവർ ഇടക്ക് കിഡ്നി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഒരുപക്ഷെ നേരത്തെയുള്ള ഇടപെടൽ നമ്മുടെ ജീവൻ രക്ഷിച്ചേക്കാം.