പ്രമേഹ രോഗികളില്‍ ചിലപ്പോള്‍ പെട്ടെന്ന് പ്രമേഹം കുറയുകയും ഇത് തലചുറ്റല്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാറുണ്ട്. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കില്‍ അത് മരണത്തിലേയ്ക്ക് വരെ ചിലപ്പോള്‍ നയിക്കാം. ഇത്തരത്തില്‍ പ്രമേഹ രോഗികളില്‍ ഗ്ലൂക്കോസ് ലെവല്‍ പെട്ടെന്ന് കുറയുന്ന അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ എന്നാണ് പറയുന്നത്.
പലപ്പോഴും പ്രമേഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലരും ഇന്‍സുലിന്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചിലരില്‍ സ്വാഭാവികമായും പ്രമേഹം വളരെ താഴേയ്ക്ക് പോകാറുണ്ട്. എന്നാല്‍, ഈ അവസ്ഥ പ്രമേഹരോഗികളില്‍ മാത്രമല്ല, പ്രമേഹം കുറവുള്ളവരിലും ഇത് കണ്ട് വരുന്നുണ്ട്. പ്രമേഹം ഇല്ലാത്തവരിലും ഹൈപ്പോഗ്ലൈസീമിയ കണ്ടുവരുന്നുണ്ട്. ഇതിന് കാരണമായി മെഡിക്കല്‍ സയന്‍സ് ചൂണ്ടികാണിക്കുന്നത് ഇവരില്‍ ഉണ്ടാകുന്ന മറ്റ് രോഗങ്ങള്‍, അല്ലെങ്കില്‍ കഴിക്കുന്ന ചില മരുന്നുകള്‍ ആണ് കാരണമാകുന്നത് എന്നാണ്.
സാധാരണ ഗതിയില്‍ നമ്മളുടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് 70mg/dL നിന്ന് താഴേയ്ക്ക് പോകുമ്പോഴാണ് ഇതിനെ ഷുഗര്‍ നന്നായി താഴ്ന്ന് പോവുക എന്ന് പറയുന്നത്. ഇത്തരത്തില്‍ താഴ്ന്ന് പോകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. പ്രമേഹം ഇല്ലാത്തവരില്‍ കണ്ടുവരുന്ന ഹൈപ്പോഗ്ലൈസീമിയ രണ്ട് വിധത്തില്‍ ഉണ്ട്. അതില്‍ ആദ്യത്തേത് റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ ആണ്. ഇത് നല്ലപോലെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിച്ചതിന് ശേഷം പ്രമേഹം കുറയുന്ന അവസ്ഥയാണ്. രണ്ടാമത്തേത് ഫാസ്റ്റിംഗ് ഹൈപ്പോഗ്ലൈസീമിയ ആണ്. ഇത് സാധാരണഗതിയില്‍ ഉണ്ടാകുന്നത് നമ്മള്‍ രാത്രിയില്‍ കുറേ അധിക നേരം ആഹാരം കഴിക്കാതിരിക്കുമ്പോഴാണ്.
പ്രമേഹം ഇല്ലാത്ത ഒരു വ്യക്തിയാണ് എങ്കില്‍, പ്രമേഹം കുറഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ടോ എന്ന് ശ്രദ്ധിച്ചാല്‍ മതി. പ്രത്യേകിച്ച് നന്നായി വിയര്‍ക്കുക, പെട്ടെന്ന് തളര്‍ച്ച തോന്നുക, തലവേദന, കാര്യങ്ങള്‍ക്കൊന്നും വ്യക്തത ഇല്ലാതിരിക്കുക എന്നതെല്ലാം പ്രമേഹം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. അതുപോലെ, കാഴ്ച്ച മങ്ങുന്നത് പോലെ തോന്നുന്നത്, മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്തത് പോലെ തോന്നുന്നതെല്ലാം തന്നെ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്.
പനി വരുമ്പോഴെല്ലാം കഴിക്കുന്ന ചില ആന്റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും അസുഖത്തിന് നമ്മള്‍ കഴിക്കുന്ന ആന്റിബയോട്ടിക്കുകള്‍ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ക്രമാതീതമായി കുറയ്ക്കാന്‍ പലപ്പോഴും കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ പ്രമേഹരോഗികളില്‍ മാത്രമല്ല, പ്രമേഹം ഇല്ലാത്തവരിലും ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നു. കൂടാതെ ഇന്‍സുലിനോമ പോലെയുള്ള മുഴകള്‍ പാന്‍ക്രിയാസില്‍ ഉണ്ടെങ്കില്‍ അതെല്ലാം തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. ഇന്‍സുലിന്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മളുടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയുന്നു. ഇത് ഹൈപ്പോഗ്ലൈസീമിയയിലേയ്ക്ക് നയിക്കുന്നു.
ചിലരില്‍ പ്രമേഹ രോഗം വരുന്നതിന്റെ മുന്നോടിയായി ഹൈപ്പോഗ്ലൈസീമിയ കണ്ടുവരാറുണ്ട്. ഇത്തരക്കാര്‍ ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇവര്‍ക്ക് ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത ഒരിക്കലും തള്ളികളയാന്‍ സാധിക്കുകയില്ല.
പ്രമേഹം കുറയുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കി അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. പ്രമേഹം വന്നാല്‍, അത് ഒരിക്കലും നമുക്ക് മാറ്റി എടുക്കാന്‍ സാധിക്കുന്നതല്ല. അതിനാല്‍, പ്രമേഹം വരുന്നതിനേക്കാള്‍ നല്ലതാണ് ഇത് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്.
ചിലര്‍ക്ക് കുടുംബത്തില്‍ പ്രമേഹ രോഗികള്‍ ഉണ്ടായിരിക്കാം. ഇത്തരത്തില്‍ പാരമ്പര്യമായി പ്രമേഹം കിട്ടാനും സാധ്യത വളരെയധികം കൂടുതലാണ്. ചിലര്‍ തനിക്ക് പ്രമേഹം ഇല്ല എന്ന് കരുതി അമിതമായി മധുരം കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. സ്ത്രീകളില്‍ ആണെങ്കില്‍ പ്രസവത്തിന് ശേഷം പ്രമേഹം വരുന്ന അവസ്ഥയും കണ്ടുവരുന്നു.
ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ പഞ്ചസ്സാര കലക്കിയ വെള്ളം കുടിക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അല്ലെങ്കില്‍ മിഠായി കഴിക്കാവുന്നതാണ്. ചിലര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ മധുരമടങ്ങിയ എന്തെങ്കിലും കഴിച്ചതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഷുഗര്‍ പരിശോധിച്ച് നോക്കുന്നത് നല്ലതാണ്. അപ്പോള്‍ ഇത് ബാലന്‍സ് ചെയ്‌തോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
മധുരം കഴിച്ചിട്ടും ഷുഗര്‍ കുറയുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. അതുപോലെ, കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം മാത്രം വെയിലത്തേക്ക് അല്ലെങ്കില്‍ പുറത്തേക്ക് ഇറങ്ങാവുന്നതാണ്. ഇല്ലെങ്കില്‍ ഇത് ശരീരത്തിന് കൂടുതല്‍ തളര്‍ച്ച നല്‍കുന്നു. ഷുഗര്‍ കുറയുമ്പോള്‍ അതിനെ ബാലന്‍സ് ചെയ്യുന്നതിന് മുന്‍പ് കിടന്നുറങ്ങാതിരിക്കാനും ശ്രദ്ധിക്കുക. എന്തെങ്കിലും മധുരമുള്ളത് കഴിച്ചതിന് ശേഷം മാത്രം കിടക്കാന്‍ ശ്രദ്ധിക്കുക.