Nammude Arogyam
Healthy Foods

ഫ്രഷ് ഫ്രൂട്സ് അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സ്:ഏതാണ് കൂടുതൽ ആരോഗ്യകരം?

ധാതുക്കളുടെയും വിറ്റാമിനുകളുടെയും അവശ്യ ലവണങ്ങളുടെയും മികച്ച ഉറവിടമായതിനാൽ പഴങ്ങൾ ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാഗമാണ്. നാം എല്ലാം എല്ലായ്പ്പോഴും ഫ്രഷ് ഫ്രൂട്ട്സ് കഴിക്കാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ ഫ്രഷ് ഫ്രൂട്ട്സിനേക്കാൾ, ഉണക്കപ്പഴങ്ങൾ അഥവാ ഡ്രൈ ഫ്രൂട്സ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന വസ്തുത ആരും അറിയാതെ പോകുകയും ചെയ്യുന്നു.

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ധാതുക്കൾ, വിറ്റാമിനുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ അത്യാവശ്യമാണ്, ഇവയെല്ലാം ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. എന്നാൽ ഉണങ്ങിയ പഴങ്ങൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പര്യാപ്തമല്ലായിരിക്കാം എന്നതും ശ്രദ്ധിക്കണം.

പ്രഭാതഭക്ഷണം ആരോഗ്യകരമാക്കുന്നതിനായി വേണമെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് ഓട്‌സ് അല്ലെങ്കിൽ യോഗർട്ട്, അതോടൊപ്പം ഉണങ്ങിയ പഴങ്ങളും ചേർക്കാം. അല്ലെങ്കിൽ ഇവ സലാഡുകളിൽ ഉൾപ്പെടുത്താം. എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ലഘുഭക്ഷണമാണ് ഉണങ്ങിയ പഴങ്ങൾ. എന്നാൽ അവയിൽ നിന്ന് പരമാവധി ആരോഗ്യ ഗുണങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവ കഴിക്കുവാനുള്ള ഏറ്റവും നല്ല സമയം അതിരാവിലെ തന്നെയാണ്.

ഉണങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണോ അതോ ഫ്രഷ് ഫ്രൂട്സ് ആണോ കൂടുതൽ ഗുണകരം എന്നതിനെക്കുറിച്ചുള്ള ചില വസ്തുതകൾ ഇതാ.

1.വിറ്റാമിനുകൾ

നിർജ്ജലീകരണം അകറ്റി നിർത്തുവാൻ സഹായിക്കുന്നതിനാൽ ഫ്രഷ് ആയ പഴവർഗ്ഗങ്ങൾ ശരീരത്തിന് വളരെ പ്രധാനമാണ്. അവശ്യ വിറ്റാമിനുകളായ ബി, സി, എ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പഴങ്ങളിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടാവില്ല, ചിലപ്പോൾ വിറ്റാമിന്റെ സാന്നിധ്യത്തിലും ഇവ പുറകോട്ടായിരിക്കാം. അതിനാൽ, അവശ്യ വിറ്റാമിനുകൾ ലഭിക്കുന്നതിനും ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിനും ഫ്രഷ് ഫ്രൂട്സ് കഴിക്കുന്നത് കൂടുതൽ നല്ലതാണ്.

2.പോഷകങ്ങൾ

പുതിയ പഴങ്ങളിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയിൽ താരതമ്യേന കുറഞ്ഞ കലോറിയുമാണ് ഉള്ളത്. പുതിയ പഴങ്ങൾ ഉണങ്ങിയ പഴങ്ങളായി പരിവർത്തനം ചെയ്യുമ്പോൾ അവയിലെ ജലത്തിന്റെ അളവ് കുറയുകയും, ഉണങ്ങിയ പഴങ്ങളിൽ കലോറി മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഫ്രഷ് ഫ്രൂട്സ് കഴിക്കുന്നതാണ് കൂടുതൽ നല്ലത്, കാരണം ഉണങ്ങിയ പഴങ്ങളിൽ കലോറി മാത്രമാണ് ശേഖരിക്കപ്പെടുക.

3.ജലാംശത്തിന്റെ കുറവ്

പഴങ്ങൾ നിർജ്ജലീകരണം ചെയ്യുന്നതിനായി ഇവ വെയിലത്ത് വച്ച് ഉണക്കാം. എന്നാൽ അവയിൽ നിന്നുള്ള ജലനഷ്ടം അർത്ഥമാക്കുന്നത് അവയുടെ വലുപ്പം കുറയ്ക്കുക എന്നതും കൂടിയാണ്. അതിനാൽ, പുതിയ പഴങ്ങളും ഉണങ്ങിയ പഴങ്ങളും ഈ അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ, ഉണങ്ങിയ പഴങ്ങളിൽ കൂടുതൽ കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കുന്നതായി മനസ്സിലാകും, അത് ശരീരത്തിന് അത്ര നല്ലതല്ല.

4.പഞ്ചസാരയുടെ അളവ്

പഞ്ചസാരയുടെ അളവ് പരിഗണിക്കുകയാണെങ്കിൽ‌, ഉണങ്ങിയതും പുതിയതുമായ പഴങ്ങളിൽ ഇതിന്റെ അളവ് തുല്യമാണ്. പുതിയ പഴങ്ങളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിരിക്കുമ്പോൾ, ഉണങ്ങിയ പഴങ്ങളിൽ ജലത്തിന്റെ അളവ് വളരെ കുറവാണ്. ഡയറ്റിംഗ് ചെയ്യുമ്പോൾ, കൂടുതൽ നാരുകളും വെള്ളവും ആവശ്യമുള്ളതിനാൽ പുതിയ പഴങ്ങൾ ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഏറെ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. അതിലൂടെ ശരീരഭാരവും കുറയ്ക്കുവാൻ സാധിക്കുന്നു.

അസുഖം തോന്നുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, ആരോഗ്യകരമായി തുടരുക എന്നതിലാണ് കാര്യം. ഇതിനായി ഡോക്ടർമാർ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാൻ നിർദ്ദേശിക്കുന്നു. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്ന് പറയുന്നതും അതുകൊണ്ട് തന്നെയാണ്.

Related posts