Nammude Arogyam
General

പാമ്പ് കടിയേറ്റാല്‍ ഉടനെ ചെയ്യേണ്ടതെന്തൊക്കെയാണ്?

കഴിഞ്ഞ ദിവസമാണ് പാമ്പ് കടിയേറ്റ് മൃഗശാലയിലെ ജീവനക്കാരന്‍ മരിച്ച വാര്‍ത്ത നാമെല്ലാവരും വായിച്ചത്. എന്നാല്‍ പാമ്പ് കടിയേല്‍ക്കുമ്പോള്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് പലരിലും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പാമ്പ് കടിയേറ്റ ഉടനെ പ്രാകൃത ചികിത്സകള്‍ക്ക് പുറകേ പോകുന്നവരാണ് മിക്കവരും. എന്നാല്‍ ഇതെല്ലാം കടിയേറ്റയാളുടെ ജീവന് ആപത്തുണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. പാമ്പ് കടിയേറ്റാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്.

വിഷമുള്ള പാമ്പാണെങ്കിലും വിഷമില്ലാത്ത പാമ്പാണെങ്കിലും കൃത്യമായ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാടുകയുള്ളൂ. വിഷമുള്ള പാമ്പ് കടിച്ചാലും മരണം സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പാമ്പ് കടിയേറ്റാല്‍ നമ്മള്‍ അല്‍പം ധൈര്യത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അതിനായി ആദ്യം ചെയ്യേണ്ടത് പാമ്പ് കടിയേറ്റ രോഗിയെ സമാധാനിപ്പിക്കുക എന്നതാണ്. കാരണം ഭയം കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പെട്ടെന്ന് വിഷം രക്തത്തില്‍ കലരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്. കടിയേറ്റ വ്യക്തിയെ കിടത്തുന്നതിന് ശ്രദ്ധിക്കുക. കടിയേറ്റ ഭാഗം ഇളകകാതിരിക്കാനും ശ്രദ്ധിക്കുക. അതിന് വേണ്ടി സപ്ലിമെന്റ് കെട്ടി വെക്കേണ്ടതാണ്. അതി്‌ന് വേണ്ടി തുണി അല്ലെങ്കില്‍ ബാന്‍ഡേജ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കടിയേറ്റ ഭാഗം കെട്ടുക. കൈ ഭാഗത്താണെങ്കില്‍ കൈ കഴുത്തില്‍ തൂക്കിയിടുന്നതും കാലാണെങ്കില്‍ പലക പോലുള്ള വസ്തുക്കള്‍ ഇട്ട് കെട്ടുന്നതും വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ സഹായിക്കും.

ഒരു കാരണവശാലും കടിച്ച ഭാഗം അമര്‍ത്തി തടവുകയോ അല്ലെങ്കില്‍ മുറിവ് കീറി വലുതാക്കുകയോ ചെയ്യരുത്. കടിച്ച ഭാഗം വലുതാക്കി രക്തം പുറത്തേക്ക് ചീറ്റിക്കളയുന്നത് വിഷം കുറക്കാന്‍ സഹായിക്കും എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് കൃത്യമായ രീതിയില്‍ അല്ല ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും രോഗിയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

കാലിലാണ് കടിയേറ്റത് എന്നുണ്ടെങ്കില്‍ രോഗിയെ നടത്താതെ സ്‌ട്രെച്ചറില്‍ കിടത്തി ഉടനേ ആശുപത്രിയില്‍ എത്തിക്കുക. വിഷവൈദ്യം അല്ലെങ്കില്‍ നാടന്‍ചികിത്സ പച്ചമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന്‍ ആപത്തിലാക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം.

കടിച്ച പാമ്പിനെ കണ്ടെത്തുന്നതിന് വേണ്ടി പലപ്പോഴും പലരും സമയം കളയാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് ജീവന്‍ ഓരോ നിമിഷവും അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കടിച്ച പാമ്പിനെ കിട്ടുന്നത് വരെ സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കടിച്ച പാമ്പ് വിഷമുള്ളതാണോ ഇല്ലയോ എന്നുള്ളത് അറിയുന്നത് നല്ലതാണ്.

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുക. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു. ഇതെല്ലാം രോഗിയുടെ മരണത്തിലേക്ക് നയിക്കുന്നു.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് പാമ്പുകളുടെ വിഷത്തിനുള്ള മറുമരുന്ന്.

കടിയേറ്റ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ഇറുകിയ വസ്തുക്കള്‍ വാച്ച്, മോതിരം എന്നിവ ഉണ്ടെങ്കില്‍ ഉടനേ ഊരിമാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ വീക്കം വന്ന് വീണ്ടും ഇറുകുകയും അത് രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗിയുടെ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുക. ഇത് കൂടാതെ ശ്വാസതടസ്സമുണ്ടെങ്കില്‍ കൃത്രിമ ശ്വാസം നല്‍കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ഒട്ടും താമസിക്കുകയും ചെയ്യരുത്.

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. എന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് സാധിക്കാത്ത അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കാം. ഈ അവസരത്തില്‍ പ്രാഥമിക ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.

Related posts