തലവേദന ഉണ്ടാകാനുള്ള പതിവ് കാരണങ്ങൾ പലപ്പോഴും നാം അവഗണിച്ച് സ്വയം ചികിത്സ ചെയ്യാറാണ് പതിവ്. നിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്, കാരണം ഈ രണ്ട് അവസ്ഥകൾക്കും തുടക്കത്തിൽ സമാനമായ ലക്ഷണങ്ങളും അടയാളങ്ങളുമാണ് ഉള്ളത്. ഈ രണ്ട് സീസണൽ രോഗങ്ങളും കൈകാര്യം ചെയ്യുന്നത് ഒരുപോലെ ബുദ്ധിമുട്ടാണ്. ജലദോഷത്തിൽ നിന്ന് സൈനസൈറ്റിസിനെ എങ്ങനെ തിരിച്ചറിയാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ജലദോഷത്തിന് പ്രത്യേക ചികിത്സയില്ല, ആവശ്യമായ പരിചരണമാണ് വേണ്ടത്, സാധാരണയായി 7 മുതൽ 10 ദിവസം വരെ കൃത്യമായ പരിചരണം അതിനാവശ്യമാണ്. എന്നാൽ സൈനസൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ അത് വഷളാവുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
സൈനസുകളിൽ ടിഷ്യു വീക്കം ഉണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. നെറ്റി, മൂക്ക്, കണ്ണുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പൊള്ളയായ വായു നിറഞ്ഞ ഇടങ്ങളാണ് പരനാസൽ സൈനസുകൾ. ഈ ഇടങ്ങളിൽ കഫം ഉത്പാദിപ്പിക്കുന്ന ചർമ്മങ്ങളുണ്ട്. സാധാരണയായി, ഈ ചർമ്മത്തിൽ സിലിയ എന്നറിയപ്പെടുന്ന മുടി പോലെയുള്ള ഘടനകൾ ഉണ്ട്, അത് പുറത്തേക്ക് ഒഴുകുന്നതിനായി നിങ്ങളുടെ മൂക്കിലേക്ക് കഫം തള്ളുന്നു. എന്നാൽ സൈനസൈറ്റിസിന്റെ കാര്യത്തിൽ, സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഈ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. ഇത് സൈനസുകളിലെ അണുബാധയ്ക്കും തലവേദന, മൂക്കിൽ അസ്വസ്ഥത, ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം.
വിവിധതരം വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധ മൂലമാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. വാസ്തവത്തിൽ, ജലദോഷം, അലർജിക് റിനിറ്റിസ് എന്നിവയും സൈനസുകളുടെ വീക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. മൂക്കിന്റെ ആവരണത്തിലെ വളർച്ചയും സൈനസൈറ്റിസിന് കാരണമാകും.
സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ:
- പോസ്റ്റ്നാസൽ ഡ്രിപ്പ് (കഫം തൊണ്ടയിലൂടെ പുറത്ത് വരുന്നത്)
- മൂക്കിൽ നിന്ന് കട്ടിയുള്ള മഞ്ഞയോ പച്ചയോ കലർന്ന സ്രവങ്ങൾ വന്നേക്കാം അല്ലെങ്കിൽ മൂക്കടപ്പ് ഉണ്ടായേക്കാം
- വേദനയും സമ്മർദ്ദവും – പ്രത്യേകിച്ച് മൂക്ക്, കണ്ണുകൾ, നെറ്റി എന്നിവയ്ക്ക് ചുറ്റും
- നിങ്ങളുടെ താടിയെല്ലുകളിലേക്കോ ചെവികളിലേക്കോ പ്രസരിക്കുന്ന തലവേദന അല്ലെങ്കിൽ വേദന.
- വായ്‌നാറ്റം
- ചുമ
- ക്ഷീണം
- പനി
- ശബ്ദത്തിൽ മാറ്റം
അക്യൂട്ട് സൈനസൈറ്റിസ് – ഇത്തരത്തിലുള്ള സൈനസൈറ്റിസ് ആരംഭിച്ചത് പോലെ പെട്ടെന്ന് ഏതെങ്കിലും ഒരു ദിവസം അവസാനിക്കും. ഇത് സാധാരണയായി 10 ദിവസത്തിലധികം നീണ്ടുനിൽക്കും.
സബാക്യൂട്ട് സൈനസൈറ്റിസ് – ഇത് അക്യൂട്ട് സൈനസൈറ്റിസിന്റെ കൂടുതൽ ഗുരുതരമായ രൂപമാണ്, ഇത് 12 ആഴ്ച വരെ നീണ്ടുനിൽക്കും. ഇതിന് അക്യൂട്ട് സൈനസൈറ്റിസിന് സമാനമായ ലക്ഷണങ്ങളുണ്ട്, പക്ഷേ സാധാരണയായി അല്പം വ്യത്യസ്ത തലത്തിലുള്ള തീവ്രതയാണുള്ളത്.
ക്രോണിക് സൈനസൈറ്റിസ് – 12 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിനെ ക്രോണിക് സൈനസൈറ്റിസ് എന്ന് വിളിക്കുന്നു, ഇത് നിങ്ങളുടെ ജീവിത നിലവാരത്തെ വളരെ ദോഷകരമായി ബാധിക്കും.
ആവർത്തിച്ചുള്ള സൈനസൈറ്റിസ് – ഇത്തരത്തിലുള്ള സൈനസൈറ്റിസ് വർഷത്തിൽ പലതവണ സംഭവിക്കുന്നു, മറ്റ് തരത്തിലുള്ള സൈനസൈറ്റിസിന് സമാനമായ ലക്ഷണങ്ങളും അടയാളങ്ങളുമാണ് ഇതിന് ഉള്ളതെന്ന് പറയപ്പെടുന്നു.
സൈനസൈറ്റിസിന്, സാധാരണ സലൈൻ നേസൽ വാഷും ആവി പിടിക്കുന്നതും പെട്ടെന്നുള്ള പ്രതിവിധിയായിരിക്കാം. രോഗലക്ഷണങ്ങൾ വഷളാകാതിരിക്കാൻ സൈനസൈറ്റിസ് ചികിത്സയ്ക്കായി എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. അണുബാധയുണ്ടെങ്കിൽ, നിങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ മറ്റ് മരുന്നുകളോടൊപ്പം ചില ആൻറിബയോട്ടിക്കുകളും ചികിത്സയ്ക്കായി ഡോക്‌ടർ നിങ്ങൾക്ക് നിർദ്ദേശിച്ചേക്കാം.
രോഗശമനത്തേക്കാൾ എപ്പോഴും പ്രതിരോധം നല്ലതാണ് എന്നതിനാൽ, തീവ്രത ഉള്ളതോ വിട്ടുമാറാത്തതോ ആയ സൈനസൈറ്റിസ് ഉണ്ടാകുന്നത് ആദ്യം തടയാൻ ശ്രമിക്കുന്നതാണ് നല്ലത്. അതിന് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും:
- പുകവലി ഒഴിവാക്കുക, പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കുന്നതും ഒഴിവാക്കുക.
- കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് പനിയും ജലദോഷവും ഉള്ള സമയത്ത്.
- ജലദോഷം ബാധിച്ചവരുമായി അകലം പാലിക്കുക.
നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന കാര്യങ്ങൾ അറിയാൻ ഒരു അലർജി പരിശോധന നടത്തുക, കാരണം പല സാധാരണ അലർജികളും സൈനസൈറ്റിസിന് കാരണമാകും.