ച്യൂയിങ് ഗം വിഴുങ്ങിയാൽ, അത് ദഹിപ്പിക്കപ്പെടാതെ പല വർഷങ്ങളോളം വയറ്റിൽ തന്നെ ഇരിക്കുമെന്ന് പറയുന്ന പല കഥകളും കെട്ടിട്ടുണ്ടാവാം. ഈ കഥകൾ ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളവയല്ലെങ്കിലും നമ്മെയെല്ലാം ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നു. ഇതിനെ പിന്നിലെ സത്യാവസ്ഥ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ച്യൂയിംഗ് ഗം ഒട്ടിപിടിക്കുന്നവയും ഇലാസ്റ്റിക്ക് പോലെ വലിയുന്നതുമാണെന്ന കാര്യം നമുക്കറിയാം. അവ മണിക്കൂറുകളോളം ചവയ്ക്കാം, എന്നാലും, അവയുടെ വലുപ്പത്തിൽ ഒരു മാറ്റവും സംഭവിക്കില്ല. ഇക്കാരണത്താലാണ് ഇത് വയറിലെ പാളിയിൽ തുടരുമെന്നും കുടലിൽ തടസ്സമുണ്ടാക്കുമെന്നും വിശ്വസിക്കപ്പെടുന്നത്. ച്യൂയിംഗ് ഗം ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ല, പക്ഷേ ഇത് ദഹനനാളത്തിൽ വർഷങ്ങൾ നിലനിൽക്കുമെന്ന ധാരണ ഒട്ടും ശരിയല്ല.
പച്ചക്കറികളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന നാരുകൾ പോലെ ച്യൂയിങ് ഗം ലയിക്കില്ല. നമ്മുടെ ശരീരം ഇതിനെ തകർക്കുന്നതിനായി ദഹന എൻസൈമുകളെ ഉൽപാദിപ്പിക്കുന്നില്ല, അതിനാൽ ഇത് നമ്മുടെ വയറ്റിൽ ദീർഘനേരം നിലനിൽക്കുന്നു. എന്നാൽ നമ്മൾ കഴിക്കുന്ന മറ്റേതൊരു ഭക്ഷണത്തെയും പോലെ, ഇത് ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുകയും ശരീരത്തിൽ നിന്ന് മല വിസർജ്ജനം വഴി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.
ച്യൂയിംഗ് ഗം കുടൽ തടസ്സപ്പെടുന്നതിലേക്ക് നയിച്ചേക്കാം, പക്ഷേ ഇത് വളരെ അപൂർവമായാണ് സംഭവിക്കുന്നത്. ഒരു വ്യക്തി വലിയ അളവിൽ ച്യൂയിംഗ് ഗം വിഴുങ്ങുകയും മലബന്ധം ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, അത് കുടലിന്റെ തടസ്സത്തിലേക്ക് നയിച്ചേക്കാം. ഇത് കൂടുതലും സംഭവിക്കുന്നത് കുട്ടികളുടെ കാര്യത്തിലാണ്, അതേ കാരണങ്ങൾ കൊണ്ടു തന്നെ കുട്ടികളെ ച്യൂയിംഗ് ഗം കഴിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ഏറ്റവും നല്ലത്.
പീഡിയാട്രിക്സ് ജേണലിൽ 1998-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചില കേസുകളിൽ കുട്ടികൾ ഒന്നിലധികം ച്യൂയിങ് ഗം വിഴുങ്ങിയതിനു ശേഷം “കുടൽ തടസ്സങ്ങൾ” ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കഠിനമായ വേദന, ഛർദ്ദി, മലബന്ധം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ച്യൂയിംഗ് ഗം വിഴുങ്ങുന്നത് ശ്വാസംമുട്ടാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ദഹനനാളത്തിന് ശരീരത്തിൽ നിന്ന് ച്യൂയിങ് ഗം നീക്കം ചെയ്യാൻ 40 മണിക്കൂർ മുതൽ നിരവധി ദിവസം വരെ സമയം എടുക്കും. ഇത് ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കുന്നു, കാരണം ഇത് നമ്മുടെ ദഹനനാളത്തിലെ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണ് പുറത്തേക്ക് നീങ്ങുക.
മുതിർന്നവർ ച്യൂയിംഗ് ഗം ചവയ്ക്കുന്നതു പോലെ ശ്രദ്ധയോടെ കുട്ടികൾ ചെയ്യണമെന്നില്ല. അതിനാൽ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്.