ഗര്‍ഭിണിയാണ് എന്ന് അറിയുന്നത് എല്ലാ പങ്കാളികളിലും വളരെയധികം സന്തോഷം കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭകാലത്തിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരിക്കണം എന്നില്ല. ചെറിയൊരു ശതമാനം സ്ത്രീകളിലും ഇത് അബോര്‍ഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആദ്യത്തെ ട്രൈമസ്റ്ററില്‍ അതായത് ആദ്യ 12 ആഴ്ചക്കുള്ളിലാണ് അബോര്ഷന് സംഭവിക്കുന്നതിനുള്ള സാധ്യതയുള്ളത്. രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ അത് 1-5% വരെയായി കുറയുന്നു. പലപ്പോഴും പല സ്ത്രീകളും ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അബോര്ഷന് സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ ആദ്യത്തെ 8-ാമത്തെ ആഴ്ചയില്‍ നടത്തുന്ന സ്കാനിംഗ് വഴിയാണ് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം മനസ്സിലാവുക. ഇത് ലഭിക്കാത്തത് അബോര്‍ഷനിലേക്ക് വഴി വെക്കുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ എട്ട് ആഴ്ചക്കുള്ളില്‍ അബോര്ഷന് സംഭവിക്കുന്നതിനുള്ള സാധ്യത 31%ത്തോളമാണ്.
എന്നാല്‍ അതിന് ശേഷം ഗര്‍ഭം അലസുന്നതിനുള്ള സാധ്യത കുറഞ്ഞ് വരുന്നു. ഗര്‍ഭസ്ഥശിശുവില്‍ ഹാര്‍ട്ട് ബീറ്റ് കണ്ടെത്തി കഴിഞ്ഞാല്‍ അബോര്ഷന് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായി മാറുന്നു. എന്നാല്‍ രണ്ടാമത്തെ ട്രൈമസ്റ്ററിലും അബോര്ഷന് സാധ്യതയുണ്ടെങ്കിലും അത് വെറും 1%ത്തില്‍ താഴെയാണ് സംഭവിക്കുന്നത്. സ്ത്രീകളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ് അബോര്ഷന് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്താണ് അബോര്ഷന് അഥവാ ഗര്‍ഭം അലസല്‍ എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഗര്‍ഭകാലത്തെ ആദ്യത്തെ 20 ആഴ്ചക്കുള്ളില്‍ കുഞ്ഞിനെ നഷ്ടപ്പെടുന്ന എന്തിനേയും അബോര്ഷന് എന്നാണ് പറയുന്നത്. കുഞ്ഞിന്റെ ശരീരഭാരവും ഇതില്‍ പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ അബോര്ഷന് സംഭവിച്ചെന്ന് കരുതി പിന്നീടുണ്ടാവുന്ന ഗര്‍ഭം അപകടാവസ്ഥയിലേക്ക് എത്തണം എന്നില്ല. ഇവരില്‍ വിജയകരമായി ഗര്‍ഭധാരണം നടത്തുന്നതിന് സാധിക്കുന്നു എന്നത് തന്നെയാണ് സത്യം.
പലപ്പോഴും അസാധാരണമായ ക്രോമസോം തകരാറുകള്‍ ഗര്‍ഭം അലസലിലേക്ക് നയിക്കുന്നു. ഇത് കൂടാതെ അമ്മയുടെ പ്രായം ഒരു വലിയ ഘടകം തന്നെയാണ്. ഇത് കൂടാതെ പുകവലി, മദ്യപാനം, ഉയര്‍ന്ന അളവില്‍ കഫീന്‍ കഴിക്കുന്നത്, അമിതഭാരം, പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍, വന്ധ്യതാ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍, ഗര്‍ഭപാത്രത്തിന്റെ പ്രശ്നങ്ങള്‍, ചില രോഗാവസ്ഥകള്‍, നിയന്ത്രിക്കാനാവാത്ത പ്രമേഹം, പ്രത്യേക അണുബാധകള്‍, ജനിതക സംബന്ധമായുണ്ടാവുന്ന രോഗാവസ്ഥകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഗര്‍ഭം നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കുന്നു.
മുന്‍കാലങ്ങളിലെ ഗര്‍ഭം അലസുന്നത്, അമ്മയുടെ പ്രായം 35 വയസ്സില്‍ കൂടുതലെങ്കില്‍, പുകവലി, മദ്യപാനം, സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍, അമിതവണ്ണം, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOS) പോലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍, കഫീന്‍ ഉപഭോഗം, കഠിനമായ വൃക്കരോഗം, പോഷകാഹാരക്കുറവ് തുടങ്ങിയവ ഉള്ളവരില്‍ അബോര്ഷന് സാധ്യത സാധാരണ സ്ത്രീകളേക്കാള്‍ അല്പം കൂടുതലായിരിക്കും.
അതികഠിനമായ വയറു വേദനയും രക്തസ്രാവവും തന്നെയാണ് ആദ്യത്തെ ലക്ഷണം. പലപ്പോഴും രക്തം കട്ടകളായി പുറത്തേക്ക് വരുന്നു. ഇത് ഭയവും ആശങ്കയും ഉണ്ടാക്കിയേക്കാം. സ്പോട്ടിംങ് ആയിരിക്കും ആദ്യം കാണപ്പെടുന്നത്, അതിന് ശേഷം രക്തസ്രാവത്തിലേക്ക് എത്തുന്നു, അതികഠിനമായ നടുവേദന, മലബന്ധം, കൈകാല്‍ വേദന, ഡിസ്ചാര്‍ജില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ഗര്‍ഭകാല ലക്ഷണങ്ങള്‍ നഷ്ടപ്പെടുന്നത് എന്നിവയെല്ലാം അബോര്ഷന് ലക്ഷണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇതില്‍ അല്പം കൂടി ഗുരുതരമായ അവസ്ഥകളാണ് അതികഠിനമായ രക്തസ്രാവം, പനി, തണുപ്പ്, നിര്‍ത്താന്‍ സാധിക്കാത്ത വേദന എന്നിവ. ഗര്‍ഭകാലത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.