Nammude Arogyam
General

എന്തൊക്കെ ചെയ്താലും കൊളസ്‌ട്രോള്‍ കുറയാതത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍?

ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ട് എന്ന നമുക്ക് അറിയാം. ഒന്ന് ചീത്ത കൊളസ്‌ട്രോളും മറ്റേത് നല്ല കൊളസ്‌ട്രോളും. നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വേണം. എന്നാല്‍, ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനെ കാര്യമായി ബാധിക്കും. അതിനാല്‍ തന്നെ തുടക്കത്തില്‍ തന്നെ കൊളസ്‌ട്രോള്‍ കൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നെ ആഹാര കാര്യത്തില്‍ മുതല്‍ ജീവിതശൈലിയില്‍ വരെ മാറ്റങ്ങള്‍ വരുത്താന്‍ ഡോക്ടര്‍മാർ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, ചിലര്‍ക്ക് എത്രയൊക്കെ ചെയ്തിട്ടും കൊളസ്‌ട്രോള്‍ ലെവല്‍ ഒട്ടും കുറയാതെ നില്‍ക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

കുറച്ച് കഷ്ടപ്പെട്ടാല്‍ മാത്രമാണ് നമുക്ക് നല്ല ആരോഗ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് എടുക്കുന്നതിന് വ്യായാമം ചെയ്യേണ്ടത് അനിവാര്യം തന്നെ. എത്ര ഡയറ്റ് നോക്കിയാലും അതിന്റെ കൂടെ നല്ല വ്യായാമം കൊണ്ട് നടന്നാല്‍ മാത്രമാണ് കൊളസ്‌ട്രോള്‍ വരുതിയില്‍ ആവുകയുള്ളൂ. എന്നാല്‍, ചിലര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുകയും ഒട്ടും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഇത് ഇവരുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കില്ല. അതിനാല്‍, ഒരു ദിവസം കുറഞ്ഞത് അര മണിക്കൂര്‍, വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇതിനായി നടത്തം, ഓട്ടം, അല്ലെങ്കില്‍ ഇഷ്ടമുള്ള ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏല്‍പ്പെടാവുന്നതാണ്.

മദ്യപാനം കുറയ്ക്കുന്നതല്ല, മറിച്ച് മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. ലോകാരോഗ്യ സംഘടന പോലും അതിനെ ശരി വെച്ചിരുന്നു. ഇന്ന് കൊളസ്‌ട്രോള്‍ രോഗം അനുഭവിക്കുന്ന പലരും ഇടയ്‌ക്കെങ്കിലും മദ്യപിക്കുന്ന ശീലം പിന്തുടരുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഒരിക്കലും സഹായിക്കുകയില്ല. കൊളസ്‌ട്രോളിന്റെ മരുന്ന് കഴിച്ചാലും മദ്യപാന ശീലം കൊളസ്‌ട്രോളില്‍ നിന്നും മുക്തി നല്‍കാതിരിക്കുന്നു.

ഡോക്ടര്‍ തരുന്ന മരുന്ന് കൃത്യമായ അളവില്‍ കൃത്യ സമയത്ത് കഴിച്ചാല്‍ മാത്രമാണ് നല്ല ഫലം ലഭിക്കുകയുള്ളൂ. അതുപോലെ, ഇടയ്ക്ക് ഡോക്ടറെ കണ്ട് കൊളസ്‌ട്രോള്‍ ലെവല്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്. കൊളസ്‌ട്രോള്‍ കൂടിയിട്ടുണ്ടോ? അതോ കുറഞ്ഞുവോ എന്നതിനനുസരിച്ചാണ് മരുന്നിന്റെ ഡോസും ഡോക്ടര്‍ നിശ്ചയിക്കുന്നത്. അതിനാല്‍, ഒരിക്കല്‍ കണ്ട് വാങ്ങിച്ച മാരുന്ന് മാത്രം കാലങ്ങളോളം ഉപയോഗിക്കരുത്. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുക മാത്രമല്ല, കൊളസട്രോള്‍ കുറയാതെ നില്‍ക്കുന്നതിനും ഇത് കാരണമാകും.

കഴിക്കാന്‍ നല്ലത് എന്ന് വിചാരിക്കുന്ന പല ആഹാരത്തിലും ചിലപ്പോള്‍ അറിയാത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍, കഴിക്കുന്ന ആഹാരത്തില്‍ എത്രത്തോളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വെച്ച് പുലര്‍ത്തുന്നത് നല്ലതാണ്. ഇതിനായി ഡോക്ടറുടെ സേവനം തേടാവുന്നതാണ്. നല്ല കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ തിരഞ്ഞെടുക്കാനും ചീത്ത കൊഴുപ്പ് അടങ്ങിയ ആഹാരങ്ങളെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും.

അമിത വണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് കൃത്യമായി പിന്തുടരണം. അല്ലാത്ത പക്ഷം, അത് കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഒട്ടും സഹായിക്കുകയില്ല. അതിനാല്‍, നല്ല ഡയറ്റ് പിന്തുടര്‍ന്ന് അമിതവണ്ണം കുറയ്ക്കുന്നതിനോടൊപ്പം കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഇതിനു വേണ്ടി ഡയറ്റീഷ്യന്റെ സഹായം തേടാവുന്നതാണ്.

മേല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൊതുവായിട്ടുള്ള അറിവുകളാണ്. കൂടുതലായി അറിയണമെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് നല്ലത്.

Related posts