Nammude Arogyam
GeneralLifestyle

ഹൈപ്പോതൈറോയ്ഡിനെതിരെ ചില പൊടിക്കൈകൾ

പണ്ട് ഫാഷൻ രോഗങ്ങളായി പ്രമേഹവും, കൊളസ്ട്രോളുമൊക്കെയാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നതിലേക്ക് തൈറോയ്ഡ് രോഗം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. തൈറോയ്ഡിനെ ഹൈപ്പോ തൈറോയിഡ്, ഹൈപ്പർ തൈറോയിഡ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ ഈ പ്രശ്‌നം കൂടുതലുണ്ടാകുന്നത്. ഇതിൽ തന്നെ ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ ഹൈപ്പോ തൈറോയിഡാണ് കണ്ട് വരുന്നത്. തൈറോയ്ഡ് ഗ്രന്ഥികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതെ വരുന്നതാണ് ഹൈപ്പോ തൈറോയ്ഡ്. ഇതിന്റെ പ്രവര്‍ത്തനം കൂടുന്നത് ഹൈപ്പർ തൈറോയിഡും. രണ്ടും ശരീരത്തിന് ദോഷം തന്നെയാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെന്ന് ഈ രോഗത്തെ പറയാം. വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണിത്. ഹൈപ്പോ തൈറോയ്‌ഡെങ്കില്‍ ചര്‍മം വരണ്ടു പോകുക, തടി കൂടുക, മുടി കൊഴിയുക, നഖങ്ങള്‍ ഒടിഞ്ഞു പോകുക, ക്ഷീണം, ആര്‍ത്തവ തകരാറുകള്‍ എന്നിവ ചില ലക്ഷണങ്ങളാണ്.

ഹൈപ്പോ തൈറോയ്ഡുള്ളവരെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് അമിതമായ തടി കൂടുന്നത്. ഹോര്‍മോണ്‍ ബാലന്‍സിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിനു കാരണം. ഇതിനായി ചില പ്രത്യേക ചിട്ടകള്‍ പാലിച്ചാല്‍ ഹൈപ്പോ തൈറോയ്ഡ് കാരണം വരുന്ന തടി നിയന്ത്രിയ്ക്കാവുന്നതേയുള്ളൂ. അവ എന്തൊക്കെയെന്ന് നോക്കാം.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേററുകള്‍

ആദ്യമായി വേണ്ടത് കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. അതായത് സിംപിള്‍ കാര്‍ബൈഹൈഡ്രേറ്റുകള്‍, പെട്ടെന്നു തന്നെ ദഹിച്ച് വീണ്ടും പെട്ടെന്നു വിശപ്പു തോന്നിപ്പിയ്ക്കും. ഇതിനു പകരം ദഹിയ്ക്കാന്‍ അല്‍പം സമയെടുക്കുന്ന കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേററുകള്‍ പരീക്ഷിയ്ക്കാം. പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, നട്‌സ്, ബീന്‍സ്, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവ ചില കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. പെട്ടെന്നു വയര്‍ നിറഞ്ഞതായ തോന്നല്‍ അകറ്റും. ആരോഗ്യത്തിനും നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാനും സഹായിക്കുന്നവയാണ്.

റിഫൈന്‍ഡ് ഭക്ഷണങ്ങള്‍

ഇതു പോലെ റിഫൈന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പ്രോസസ് ചെയ്തവ, കൃത്രിമ മധുരം, വൈറ്റ് ബ്രെഡ്, ബിസ്‌ക്കറ്റുകള്‍, ബേക്കറി പോലുള്ളവയെല്ലാം ഇതില്‍ പെടും. ഇവ പെട്ടെന്ന് തടി കൂട്ടുന്നവയാണ്. ഓയില്‍, മൈദ പോലുള്ളയെല്ലാം കുറയ്ക്കുക. ഇതെല്ലാം പെട്ടെന്ന് തടി കൂട്ടുന്നവയാണ്. മധുരം വേണമെങ്കില്‍ തേന്‍, ശര്‍ക്കര പോലുളളവ ഉപയോഗിയ്ക്കാം. മൈദ പോലുളളവ ഉപേക്ഷിയ്ക്കുക. മുഴുവന്‍ ധാന്യങ്ങള്‍ ഉപയോഗിയ്ക്കാം. ഇവ നല്ല ദഹനത്തിനും അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

ദഹന പ്രക്രിയ

ഹൈപ്പോ തൈറോയ്‌ഡെങ്കില്‍ ദഹന പ്രക്രിയ പതുക്കെയാകും. ഇതിനാല്‍ തന്നെ ഒരുമിച്ച് കുറേ ഭക്ഷണം കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞു കൂടും. പകരം കുറേശെ വീതം ഭക്ഷണം പലപ്പോഴായി കഴിയ്ക്കാം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇതിലൂടെ വിശപ്പു കുറയുന്നതിനാല്‍ ഒരു നേരം തന്നെ വാരി വലിച്ചു കഴിയ്ക്കാനുളള പ്രവണത കുറയുകയും ചെയ്യുന്നു. കുറേ നേരം ഇടവേളയെടുക്കാതെ കുറവ് ഇടവേളയില്‍ കുറേശെ വീതം കഴിയ്ക്കുക.

ആന്റി ഇന്‍ഫ്‌ളമേറ്ററി

ഹൈപ്പോയുള്ളവര്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണ വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞള്‍ പോലുളളവ ഇതില്‍ പെടും. ഇത്തരം മസാലകള്‍ ദഹനം മെച്ചപ്പെടുത്തും ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ഇതിനാല്‍ തന്നെ തൈറോയ്ഡിന്റെ പാര്‍ശ്വ ഫലമായുണ്ടാകുന്ന പല രോഗങ്ങളും മാറുന്നു. സന്ധിവേദന, മസില്‍ വേദന, ഡിപ്രഷന്‍ എന്നിവയെല്ലാം തന്നെ ഹൈപ്പോ തൈറോയ്‌ഡെങ്കില്‍ വരുന്നതാണ്. ഇതിനാല്‍ തന്നെ മഞ്ഞള്‍ പോലുള്ളവ ഉള്‍പ്പെടുത്തുന്നത് ഗുണം നല്‍കും.

വ്യായാമം

വ്യായാമം തൈറോയ്ഡ് തടി കുറയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്. ദിവസവും അര മണിക്കൂര്‍ നേരം വ്യായാമം ശീലമാക്കുക. വലിയ വ്യായാമം സാധിച്ചില്ലെങ്കിലും നടപ്പ് പോലുളളവ ശീലമാക്കാം. യോഗ, കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതെല്ലാം തൈറോയ്ഡ് കാരണമുണ്ടാകുന്ന തടി കുറയ്ക്കും. ഇതിലൂടെ ഉണ്ടാകുന്ന സ്‌ട്രെസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് ധ്യാനം, യോഗ പോലുളളവ അഭ്യസിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

കൃത്യമായ ചിട്ടകളോടെ ഹൈപ്പോ തൈറോയ്ഡ് പോലുള്ള അവസ്ഥകളെ പിടിച്ചു നിര്‍ത്താനാകും. മരുന്നുകള്‍ കഴിയ്‌ക്കേണ്ടി വരുന്ന സാഹചര്യമെങ്കില്‍ ഇതും മുടക്കരുത്.

Related posts