Nammude Arogyam
Covid-19Healthy Foods

കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍, കോവിഡിനെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകൾ?

കൊറോണ വൈറസ് ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തകിടംമറിച്ചു കഴിഞ്ഞു. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ സര്‍ക്കാരും ആരോഗ്യ ഉദ്യോഗസ്ഥരും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയെങ്കിലും, വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്ന ധാരാളം ആളുകള്‍ ഇപ്പോളുമുണ്ട്.

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയേറെ വെല്ലുവിളി ഉയര്‍ത്തുന്നവയാണ് പുതിയ കോവിഡ് വകഭേദങ്ങള്‍. ഇവ മനുഷ്യ ജീവിതത്തിന് കൂടുതല്‍ അപകടമുണ്ടാക്കുന്നു. പൂര്‍ണ്ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് പോലും ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെയുള്ള പുതിയ കോവിഡ് വകഭേദം പിടിപെടാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഡെല്‍റ്റ, കാപ്പ, ലാംഡ തുടങ്ങിയ വകഭേദങ്ങള്‍ക്കെതിരേ ഏറെ കരുതല്‍ വേണമെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ ഉയര്‍ന്നുവരുന്ന വകഭേദങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്‍പം പ്രയാസമാണെന്ന് പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അത്തരം സാഹചര്യത്തില്‍, കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാന്‍ കഴിയാത്തവര്‍, ഉയര്‍ന്നുവരുന്ന കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

ആദ്യം മനസിലാക്കേണ്ട കാര്യം കോവിഡ് വൈറസ് ആരെയും ഒഴിവാക്കുന്നില്ല എന്നതാണ്. ചെറുപ്പക്കാരനോ, പ്രായമുള്ളവരോ, ആരോഗ്യമുള്ളവരോ ആണെങ്കില്‍ കൂടിയും കോവിഡ് പല തരത്തില്‍ സ്വാധീനിക്കും. അതായത്, പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടത് നിലനില്‍പിന്റെ തന്നെ ആവശ്യകതയാണ്. അതിനാല്‍, ഇപ്പോഴും വാക്‌സിന്‍ എടുത്തില്ലെങ്കില്‍ അത് നേടാനുള്ള വഴികള്‍ ത്വരിതപ്പെടുത്തുക. എന്നിരുന്നാലും, കോവിഡ് വാക്‌സിനുകള്‍ക്ക് അര്‍ഹരല്ലാത്തവര്‍, അതായത് 18 വയസ്സിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് പുതിയ കോവിഡ് വകഭേദങ്ങളില്‍ നിന്ന് സുരക്ഷിതമായി തുടരാനുള്ള വഴികള്‍ സ്വീകരിക്കേണ്ടതാണ്.

മാസ്‌ക് ധരിക്കലാണ് കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമായൊരു കാര്യം. പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളില്‍ ആയിരിക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുക. നിലവിലെ കോവിഡ് മൂന്നാം തരംഗ സമയത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രണ്ടാമത്തെ തരംഗം വിതച്ച നാശം കണക്കിലെടുക്കുമ്പോള്‍, കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍, വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ഇരട്ട മാസ്‌ക് ധരിക്കുക. ഇത് വൈറസില്‍ നിന്ന് ഒരു അധിക പരിരക്ഷ നല്‍കും.

അത്പോലെ തന്നെ സാമൂഹിക അകലം പാലിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നു. മറ്റ് ആളുകളിലേക്ക് വൈറസ് പടരുന്നത് തടയാനും സാമൂഹിക അകലം വളരെ പ്രധാനമാണ്. കോവിഡ് ഉണ്ടെന്ന് സംശയിക്കുകയും ഇതുവരെ കോവിഡ് വാക്‌സിന്‍ എടുക്കാത്ത ഒരാളുമാണെങ്കില്‍ സുരക്ഷിതമായി ഇരിക്കാൻ സാമൂഹിക അകലം ഒരു പ്രധാന പങ്ക് വഹിക്കും. അതുപോലെതന്നെ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ പോലുള്ള വ്യക്തിശുചിത്വ നടപടികളും പിന്തുടരുക.

നിരവധി സംസ്ഥാനങ്ങള്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയ കാരണം, പലരും രണ്ടാമത്തെ തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ മറന്നപോലെ യാത്രകള്‍ ചെയ്യുന്നു. അതിര്‍ത്തികള്‍ തുറന്നതിലൂടെ കോവിഡ് നീങ്ങിയെന്നും സ്വതന്ത്രമായി യാത്ര ചെയ്യാമെന്നുമല്ല അര്‍ത്ഥം. മറിച്ച്, അത്യാവശ്യ യാത്രക്കാര്‍ക്കുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണത ഒഴിവാക്കാനാണ്. അതിനാൽ അനാവശ്യമായുള്ള യാത്രകള്‍ ഒഴിവാക്കുക. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മനസിലാക്കുക. ചിലരെ സംബന്ധിച്ചിടത്തോളം ഇത് വളരെ അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ എല്ലാവരേയും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണിത്

വാക്‌സിനേഷന്‍ ഇപ്പോഴും ലഭ്യമായിട്ടില്ലാത്ത ആളുകള്‍ക്ക് സ്വയം പരിരക്ഷ തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ല. വാക്‌സിന് യോഗ്യതയുള്ളവരും വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവരും കാര്യങ്ങളുടെ വസ്തുതകള്‍ ശരിയായി മനസ്സിലാക്കുകയും എത്രയും വേഗം വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുകയും വേണം. പുതിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍, ഗുരുതരമായ അണുബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം വാക്‌സിനേഷന്‍ മാത്രമാണ്.

Related posts