Nammude Arogyam
Healthy FoodsLifestyle

ജനപ്രിയ ഡയറ്റായ ‘കീറ്റോ ഡയറ്റ്’ നമ്മുടെ ജീവനെടുക്കുമോ?

അടുത്തിടെയാണ് ബംഗാളി, തെലുങ്ക്, ചില ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടി മിസ്തി മുഖർജി മരണപ്പെട്ടത്. കീറ്റോജെനിക് ഡയറ്റ് പിന്തുടർന്നത് മൂലം മിസ്തിയുടെ വൃക്ക തകരാറിലായതായും, അത് മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പറയപ്പെടുന്നത്. എന്താണ് ഈ കീറ്റോ ഡയറ്റ്? യഥാർത്ഥത്തിൽ ഇത് രൊളുടെ ജീവനെടുക്കുമോ?

ശരീരഭാരം കുറയ്ക്കുന്നതിന് ലോകത്തിൽ ഏറ്റവും ജനപ്രിയമായതും പ്രചാരമേറിയതുമായ ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് (Ketogenic Diet or Keto Diet). ഉയർന്ന കൊഴുപ്പ്, മിതമായ പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണക്രമമാണ് ഈ ഡയറ്റിനായി ഉപയോഗിക്കുന്നത്, ഗ്ലൂക്കോസിനെ പരിമിതപ്പെടുത്തി, കരൾ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും ശരീരത്തിന് ആവശ്യമായ ഇന്ധനം നൽകുകയും ചെയ്യുന്ന ഒരു ഉപാപചയ അവസ്ഥയായ കീറ്റോസിസ് ആണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

കീറ്റോ ഡയറ്റ് സാധാരണയായി അറിയപ്പെടുന്നത് ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ്. ലളിതമായി പറഞ്ഞാൽ ഫാറ്റ് കണ്ടെന്റ് കൂടുതലും കാർബോ ഹൈഡ്രേറ്റ്സിന്റെയും പ്രോട്ടീനിന്റെയും അളവ് കുറവും എന്ന് ചുരുക്കം. ഫാറ്റിന്റെ അളവാണ് സാധാരണ ഡയറ്റിൽ കുറയ്ക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന് കാർബോഹൈഡ്രേറ്റ്സ് ഒരു 560 – 65%, പ്രോട്ടീൻ 20% എന്നിവയുടെ ബാക്കി മാത്രമാണ് ഫാറ്റ് കണ്ടെന്റ്. എന്നാൽ കീറ്റോജെനിക് ഡയറ്റിൽ ഫാറ്റ് മാത്രം ഏകദേശം 75% ആണ്. കൂടാതെ കാർബോഹൈഡ്രേറ്റ്സ് 5-10% വരെയും പ്രോട്ടീൻ 10-20% വരെയും ആണ് ഉണ്ടാകുക.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെ?

കീറ്റോ ഡയറ്റിൽ കാർബോഹൈഡ്രേറ്റ്സ് കൂടുതൽ അടങ്ങിയ എല്ലാ തരം ഭക്ഷണവും ഒഴിവാക്കും. മധുരം, കിഴങ്ങുവർഗ്ഗങ്ങൾ, അരി, ഗോതമ്പ് പോലുള്ള ധാന്യവർഗ്ഗങ്ങൾ എന്നിവ എല്ലാം ഒഴിവാക്കും. ഫ്രൈ ചെയ്ത മത്സ്യമാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ഫാറ്റിന്റെ അളവ് കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. സാൽമൺ, അയല തുടങ്ങിയ കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങൾ, മുട്ട, ചിക്കൻ, ടർക്കി, കൊഴുപ്പ് നിറഞ്ഞ പാൽ, മക്കാഡാമിയ നട്ട്സ്, ബദാം, വാൾനട്ട്, മത്തങ്ങ വിത്ത്, നിലക്കടല, ഫ്ളാക്സ് സീഡ് (ചെറുചന വിത്ത്) എന്നിവ കഴിക്കാം.

കപ്പലണ്ടി, ബദാം, കശുവണ്ടി തുടങ്ങിയവയിൽ നിന്ന് തയ്യാറാക്കുന്ന നട്ട് ബട്ടറും ഉപയോഗിക്കാം. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ, കോക്കനട്ട് ബട്ടർ, എള്ളെണ്ണ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും ഈ ഡയറ്റിൽ അടങ്ങിയിരിക്കുന്നു. അവോക്കാഡോ(ബട്ടർഫ്രൂട്ട്), പച്ച ഇലക്കറികൾ, ബ്രൊക്കോളി, തക്കാളി, കൂൺ, കുരുമുളക് തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികളും കഴിക്കാം.

കീറ്റോ ഡയറ്റ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

ഗ്ലൂക്കോസ് എരിച്ചു കളയുന്നു. അത് മൂലം ശരീരത്തിന് കാർബോഹൈഡ്രേറ്റ് കിട്ടാതാവുമ്പോൾ, കരൾ ഊർജ്ജത്തിനായി കൊഴുപ്പുകൾ ഉപയോഗിക്കുവാൻ തുടങ്ങും. എല്ലാത്തരം ഉപവാസങ്ങളിലും കീറ്റോസിസ് സാധാരണമാണ്. പക്ഷേ ഒരു കീറ്റോ ഡയറ്റിൽ, കാർബോഹൈഡ്രേറ്റ് ഇല്ലാതെ പുറത്തു നിന്ന് ധാരാളം കൊഴുപ്പുകൾ മാത്രമായി ഒരാൾ കഴിക്കുമ്പോൾ, അത് അയാളുടെ ശരീരത്തിൽ നേരിയ തോതിൽ വിഷാംശം ആകും.

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ (പ്രത്യേകിച്ച് വിറ്റാമിൻ എ, ഡി, ഇ, കെ) പോലുള്ള പോഷകങ്ങളുടെ കുറവുകൾക്കും കാൽസ്യം, ഫോസ്ഫറസ്, സോഡിയം തുടങ്ങിയ ധാതുക്കളുടെ അഭാവത്തിനും ഇത് കാരണമായേക്കാം. ഇവ അത്യാവശ്യ ഭക്ഷണ തരങ്ങളാണ്, ഭക്ഷണത്തിലെ ഈ ഘടകങ്ങളുടെ അഭാവമാണ് നിരവധി കുറവുകളുടെയും രോഗങ്ങളുടെയും കാരണമാകുന്നത്.

അമിതമായ കാർബോഹൈഡ്രേറ്റ് നിയന്ത്രണം വിശപ്പ്, ക്ഷീണം, താഴ്ന്ന മാനസികാവസ്ഥ, അസ്വസ്ഥത, മലബന്ധം, തലവേദന എന്നിവയിലേക്ക് നയിച്ചേക്കാം, ഇത് ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ നീണ്ടുനിൽക്കുവാനും സാധ്യതയുണ്ട്.

കീറ്റോ ഡയറ്റ് വൃക്കകളെ തകരാറിലാക്കുന്നതെങ്ങനെ

വൃക്കരോഗം ബാധിച്ചവരിൽ, ഇത് വൃക്കയുടെ തകരാറിലേയ്ക്ക് വരെ നയിച്ചേക്കാം. അതിനാൽ, കീറ്റോ ഡയറ്റ് ആരംഭിക്കുന്നതിന് മുൻപായി സമഗ്രമായ വിലയിരുത്തൽ നടത്തി, വൃക്കകളുടെ പ്രവർത്തനം സുഗമമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. മുകളിൽപ്പറഞ്ഞ ഭക്ഷണക്രമം വൃക്കകളുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നതിന്റെ ഫലമായി, വൃക്കകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾക്ക് കാരണമാവുകയും ചെയ്യും. ഒരു കീറ്റോ ഡയറ്റ് പിന്തുടരുന്നതിന്റെ ഇടയിൽ ഒരാൾ മരിച്ചുവെങ്കിൽ, അയാൾക്ക് ചില അടിസ്ഥാന വൃക്കരോഗങ്ങൾ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ പoനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധർ പറയുന്നു.

വേഗത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റുകൾക്ക് അതിന്റെതായ ഗുരുതരമായ അപകട സാധ്യതകൾ ഉണ്ടെന്നതിനെ കുറിച്ച് ബോധവാന്മാരാകുക. ജനപ്രിയ ഡയറ്റിലേക്ക് ആകർഷിക്കപ്പെടുന്നതിന് പകരം, ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ ഒരു ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം.

Related posts