സാധാരണ 60 വയസ് കഴിഞ്ഞ ആളുകളിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വീട്ടിലെ മറ്റുള്ളവരുടെ ചുമതലയാണ്. എന്നാൽ ഭക്ഷണവും മരുന്നും ഉറപ്പാക്കുക എന്നതിനപ്പുറത്തേക്ക് ഇവരുടെ ആരോഗ്യം മികച്ച രീതിയിൽ നിലനിൽക്കാനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മിക്കവർക്കും ധാരണയില്ല. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.പോഷണം ഉറപ്പാക്കാം-കഴിക്കുന്ന ഭക്ഷണത്തിൻറെ അളവിനേക്കാൾ അതിലടങ്ങിയിരിക്കുന്ന പോഷക ഗുണമാണ് പരിഗണിക്കേണ്ടത്. ആളുടെ പ്രായം, ആരോഗ്യ സ്ഥിതി, രോഗ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി വേണം ഏതെല്ലാം ഭക്ഷണം ഉൾപ്പെടുത്തണമെന്നും എത്ര അളവിൽ അത് കഴിക്കണമെന്നും നിശ്ചയിക്കേണ്ടത്. ചില പോഷകങ്ങൾ കുറഞ്ഞുപോകുന്നത് ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നത് പോലെ തന്നെ അമിതമാകുന്നതും നല്ലതല്ല എന്ന് ഓർക്കണം.
അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യ സ്ഥിതിക്ക് അനുയോജ്യമായ സമീകൃതാഹാരം ഉറപ്പ് വരുത്തുകയാണ് വേണ്ടത്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഉറപ്പ് വരുത്താം. പച്ചക്കറികൾ, പഴങ്ങൾ, നട്സ്, ലീൻ പ്രോട്ടീൻ എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതോടൊപ്പം തന്നെ അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ നിയന്ത്രണമില്ലെങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അനിയന്ത്രിതമാകാനും മറ്റ് പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും.
2.ആരോഗ്യകരമായ ഭക്ഷണ ശീലം-ഭക്ഷണ രീതികളിൽ ഒരു ആരോഗ്യകരമായ ശീലം കൊണ്ടുവരുന്നത് ഏത് പ്രായത്തിലും നല്ലതാണ്. പൊതുവേ ശാരീരിക പ്രക്രിയകൾ സജീവമല്ലാതെയാകുന്ന വാർധക്യ കാലത്ത് പ്രത്യേകിച്ചും. അതിനാൽ സാച്ചുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ് എന്നിവയടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. 60–65 പ്രായത്തിലുള്ള ആളുകളിൽ വളരെ വേഗത്തിൽ കൊളസ്ട്രോൾ വർധിക്കാനും കൊറോണറി ഹാർട്ട് ഡിസീസ് രൂപപ്പെടാനും ഇത് വഴിയൊരുക്കും. ഇതിനു പകരം ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങൾ നൽകാം.
3.എല്ലുകളുടെയും പേശികളുടെയും ബലം മെച്ചപ്പെടുത്താം-പ്രായം കൂടുന്തോറും എല്ലുകളുടെയും പേശികളുടെയും ബലം കുറയുമെന്നതിനാൽ വീട്ടിലെ മുതിർന്ന ആളുകളോട് ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള യോഗ പോലുള്ള ചെറിയ വ്യായാമങ്ങൾ ശീലിക്കാൻ പ്രേരിപ്പിക്കണം. 15 മുതൽ 20 മിനിറ്റ് വരെയുള്ള നടത്തം പോലുള്ള അധികം ശരീരത്തിന് ക്ഷീണമുണ്ടാക്കാത്ത തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
4.ആരോഗ്യകരമായ ദിനചര്യ-ദിനചര്യ ഏറ്റവും കൃത്യമാക്കുന്നത് തന്നെ ആരോഗ്യത്തിന് വലിയ തോതിൽ ഗുണം ചെയ്യും. ഉറങ്ങുന്നതിനും, ഉണരുന്നതിനും കൃത്യ സമയം നിശ്ചയിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതിനും നിശ്ചിത സമയം കണക്കാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. നേരത്തെ ഉറങ്ങാൻ കിടക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്. ഇത് ഹൃദ്രോഗ സാധ്യത വളരെയധികം കുറയ്ക്കാൻ സഹായിക്കും.
5.പല്ലുകളുടെ ആരോഗ്യം പരിഗണിക്കണം-പ്രായം കൂടുന്നതോടെ പല്ലുകൾ മിക്കതും കൊഴിഞ്ഞു പോകുകയോ അല്ലെങ്കിൽ ചവയ്ക്കാൻ സാധിക്കാത്ത വിധം വേദന അനുഭവപ്പെടുകയോ ചെയ്യും. അതിനാൽ പോഷണം കൂടിയ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അവരുടെ പല്ലുകൾക്ക് ചവക്കാൻ സാധിക്കുന്ന തരത്തിൽ മൃദുവാക്കി നൽകാനും ശ്രദ്ധിക്കണം. പല്ലുകൾ മിക്കതും കൊഴിഞ്ഞു പോയവർക്ക് കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്. കാരണം പല്ലുകൾ ഇല്ലാത്തതിനാൽ ഇവർ ഭക്ഷണം കഴിക്കുന്ന അളവ് കുറഞ്ഞു പോകാറുണ്ട്. അതിനാൽ പല്ലുകൾ പുഞ്ചിരി മനോഹരമാക്കാൻ മാത്രമല്ലെന്ന് തിരിച്ചറിയുകയും അവരുടെ ആരോഗ്യത്തിനായി അവ വെച്ചുപിടിപ്പിക്കുകയും ചെയ്യാം.
6.നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും നിർബന്ധം-ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കണമെങ്കിൽ വെള്ളവും നാരുകളടങ്ങിയ ഭക്ഷണവും കഴിക്കേണ്ടത് അതിപ്രധാനമാണ്. പ്രായമായവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടു പ്രശ്നങ്ങളാണ് നിർജ്ജലീകരണവും മലബന്ധവും. ഇവ സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
7.മാനസികാരോഗ്യം-ഭക്ഷണം മാത്രമല്ല ഒരാളുടെ ആരോഗ്യം നിർണയിക്കുന്നത്. മാനസികമായ ആരോഗ്യവും ജീവിതാന്തരീക്ഷവുമെല്ലാം ഇവിടെ ഘടകമാണ്.ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസിൻറെ ആരോഗ്യവും. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണിവ. അതുകൊണ്ട് തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചില ആക്റ്റിവിറ്റികൾ പ്രായമായവരെക്കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കണം. അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഗെയിമുകൾ, അവരുടെ ചില ഹോബികൾ തുടങ്ങിയവ ചെയ്യാൻ പ്രോത്സാഹിപ്പിക്കണം. ഇത് അവരുടെ മാനസിക നില മെച്ചപ്പെടുത്തും.
8.ലഘുവായ ശരീരികാധ്വാനം-പ്രായമായ ആളുകളുടെ പേശികൾ സ്റ്റിഫ് ആയി പോകാതിരിക്കാനും കൂടുതൽ ആക്റ്റിവ് ആകാനും ചില ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണ്. ഇത് ശരീരത്തിൻറെ മെറ്റബോളിസം ക്രമീകരിക്കാനും അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ കുറച്ചുകൊണ്ട് ശരീരത്തെ ആയാസ രഹിതമാക്കാനും സഹായിക്കും.
ഇക്കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ രക്ഷിതാക്കളുടെ വാർധക്യം ഏറ്റവും മനോഹരമാക്കി മാറ്റാൻ നമുക്ക് കഴിയും. ഇതോടൊപ്പം മരുന്നുകൾ കഴിക്കുന്നവർ അത് കൃത്യമാക്കാനും പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, കേൾവിക്കുറവ്, സന്ധിവേദന എന്നിവ ഒരു പരിധി വരെ കുറയ്ക്കുന്നതിനുള്ള ചികിത്സ നൽകാനും ശ്രദ്ധിക്കണം. സ്നേഹത്തോടെ മാത്രം അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൂടെ നിർത്തേണ്ടത് അത്യാവശ്യമാണ്. ശാരീരികാവസ്ഥ നിർണയിക്കുന്നതിനായി പതിവായി പരിശോധനകൾ നടത്താനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ചെയ്യാനായി കുടുംബത്തിലെ മറ്റുള്ള അംഗങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ മുൻപേ നടന്ന, നമുക്ക് വഴികാട്ടികളായിരുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കഴിയും.