Nammude Arogyam
Children

മാസം തികയാതെയുള്ള പ്രസവം, കാരണങ്ങളും പ്രതിരോധവും

ലേഖിക :Dr Jayalakshmi Suraj, Infertility Specialist, Dreamflower IVF Centre, Kasargod

മാസം തികയാതെ പ്രസവിക്കുന്നത് ഗർഭസ്ഥശിശുവിന്റെയോ അമ്മയുടേയോ ആരോഗ്യവുമായി ബന്ധപ്പെട്ട തകരാറുകൾ കൊണ്ടാകാം. ഹോർമോൺ മാറ്റങ്ങൾ, അണുബാധ എന്നിവ മാസം തികയാതെ പ്രസവിക്കാൻ കാരണമാകാറുണ്ട്.

മാസം തികയാതെ പ്രസവിക്കുന്നതിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ഇത്‌ തടയാനുള്ള മാർഗ്ഗങ്ങൾ എന്നിവ എന്തൊക്കെയാണെന്നു നോക്കാം.

അമ്പത് ശതമാനം കേസുകളിലും, മാസം തികയാതെ പ്രസവിക്കുന്നതിന്റെ കാരണങ്ങൾ അജ്ഞാതമാണ്. ബാക്കിയുള്ള അമ്പത് ശതമാനം കേസുകളിലും ഭ്രൂണത്തിന്റെ സ്തരം നേരത്തെ പൊട്ടുന്നതുകൊണ്ട് പ്രസവം ആരംഭിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ നേരത്തെ പ്രസവം നടക്കാൻ കാരണമാകുന്ന ചില പ്രത്യേക സാഹചര്യങ്ങൾ നോക്കാം.

1. പ്ലാസെന്റൽ അബ്റപ്‌ഷൻ : പ്ലാസന്റ ഗർഭാശയത്തിൽ നിന്ന് അവിചാരിതമായി വേർപെടുന്ന അവസ്ഥ.

2. ഇൻകംപീറ്റന്റ് സെർവിക്സ്: ഗർഭാശമുഖം അഥവാ സെർവിക്സ് പ്രസവത്തീയതിക്ക് മുൻപുതന്നെ വേദനയില്ലാതെ ക്രമേണ തുറക്കുന്ന സാഹചര്യം.

3. ഹോർമോൺ മാറ്റങ്ങൾ, ഇവ കുഞ്ഞിലോ അമ്മയിലോ സമ്മർദ്ദം ഉണ്ടാക്കാം.

4. അണുബാധ.

അപകട ഘടകങ്ങൾ

മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളുണ്ട്. ആദ്യ പ്രസവം മാസം തികയാതെയുള്ളതാണെങ്കിൽ ഇത്തരത്തിൽ വീണ്ടും പ്രസവിക്കാനുള്ള സാധ്യത രണ്ടര ഇരട്ടിയാണ്. ഗർഭാവസ്ഥയുടെ 28-ാം ആഴ്ചയ്‌ക്ക് മുമ്പായിട്ടാണ് ആദ്യ പ്രസവം ഉണ്ടായതെങ്കിൽ, ആ നിരക്ക് 10 മടങ്ങ് വർദ്ധിക്കുന്നു. ഇങ്ങിനെയുള്ള സ്ത്രീകൾക്ക് ഗർഭകാലത്തുടനീളം പ്രത്യേക പരിചരണം വേണം.

മറ്റൊരു പ്രധാന അപകടസാധ്യതയാണ് ഇരട്ടക്കുഞ്ഞുങ്ങളോ രണ്ടിലധികം കുഞ്ഞുങ്ങളോ ഉണ്ടാവുക എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരട്ടകളുടെയും ഒരു പ്രസവത്തിലൂടെ ജനിക്കുന്ന രണ്ടിലധികമുള്ള കുഞ്ഞുങ്ങളുടെയും നിരക്ക് വർദ്ധിച്ചുവരികയാണ്. ഫെർട്ടിലിറ്റി മരുന്നുകളും മറ്റ് സഹായകരമായ പുനരുൽപാദന സാങ്കേതികതവിദ്യകളുമാണ് ഇതിനു കാരണം.

ഇരട്ടകളിൽ പകുതിയോളം കുഞ്ഞുങ്ങൾ 36 ആഴ്ചയോ അതിൽ കുറവോ ആയിരിക്കുമ്പോൾ തന്നെ ജനിക്കുന്നു. മൂന്ന് കുഞ്ഞുങ്ങളാണെങ്കിൽ ഇത്‌ 32 ആഴ്ചയായി ചുരുങ്ങുന്നു. ഗർഭാവസ്ഥയിലുള്ള സങ്കീർണതകൾ കാരണം ചില ഗർഭിണികൾക്ക് മാസം തികയാതെ തന്നെ പ്രസവിക്കേണ്ടതായി വന്നേക്കാം.

മറ്റൊരു പ്രധാന അപകട ഘടകം അണുബാധയാണ്. മാസം തികയാതെ പ്രസവിക്കാൻ കാരണമാകുന്ന ചില തരം അണുബാധകൾ ഇനിപ്പറയുന്നവയാണ്:

മൂത്രത്തിലെ അണുബാധ ചികിൽസിക്കാതിരിക്കുന്നത്: ഇത് അപകട സാധ്യത ഇരട്ടിയാക്കുന്നു. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും മൂത്രത്തിൽ അണുബാധ ഉണ്ടോയെന്നു പരിശോധിക്കാറുണ്ട്, ഉണ്ടെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം.

ബാക്ടീരിയൽ വജൈനോസിസ്: ഇതും അപകട സാധ്യത ഇരട്ടിയാക്കുന്നു. വജൈനോസിസിന്റെ പ്രധാന ലക്ഷണം നേരിയതോ കനത്തതോ ആയ യോനിയിൽ നിന്നുള്ള വെള്ളപോക്കാണ്. ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് വാഗിനോസിസും ചികിത്സിക്കുന്നത്.

മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകുന്ന മറ്റ് നിരവധി അപകട ഘടകങ്ങളുണ്ട്. വിളർച്ച, കുറഞ്ഞ ശരീരഭാരം, സമ്മർദ്ദകരമായ ജോലി ശീലങ്ങൾ, പുകവലി, മദ്യപാനം, കൊക്കെയ്ൻ പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് എന്നിവ മറ്റു അപകടസാധ്യതകളാണ്.

17 വയസ്സിന് താഴെയുള്ളതോ 40 വയസ്സിന് മുകളിലുള്ളതോ ആയ ഗർഭിണികൾ, ഒന്നിലധികം ഗർഭച്ഛിദ്രങ്ങൾ ഉണ്ടായിട്ടുള്ളവർ, ഗർഭധാരണത്തിനു മുമ്പു ശരീരഭാരം വളരെ കുറവായിരുന്നവർ എന്നിവർക്ക് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ പ്രത്യേക മുൻകരുതലുകൾ എടുക്കണം.

മാസം തികയാതെയുള്ള പ്രസവം തടയാം.

മാറ്റാൻ കഴിയാത്ത ചില അപകടസാധ്യത ഘടകങ്ങളുണ്ടെങ്കിലും, മാസം തികയാതെയുള്ള പ്രസവത്തിന്റെ സാധ്യത കുറയ്‌ക്കാൻ പൊതുവായ ചില മാർഗങ്ങളുണ്ട്. ആരോഗ്യകരമായ ഗർഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്ന ചില ശീലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഗർഭാവസ്ഥയ്ക്ക് മുമ്പോ ഗർഭകാലത്തോ പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.

മദ്യം കഴിക്കുന്നതും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

സ്ഥിരമായികഴിക്കുന്ന എല്ലാ മരുന്നുകളെ പറ്റിയും ഡോക്ടറോട് സംസാരിക്കണം , കാരണം ചിലത് ഗർഭധാരണത്തിന് ഹാനികരമാകാം, അവ ക്രമേണ ഒഴിവാക്കേണ്ടതുണ്ട്.

കൂടാതെ ഗർഭാവസ്ഥയിലുടനീളം മതിയായ ശരീരഭാരം നിലനിർത്തുക.

പോഷകവും സമീകൃതവുമായ ഭക്ഷണം കഴിക്കുക. ഗർഭിണി 17 വയസ്സിന് താഴെയുള്ളതോ 35 വയസ്സിന് മുകളിലുള്ളതോ ആണെങ്കിലും ഇരട്ടകളെയോ രണ്ടിലധികം കുഞ്ഞുങ്ങളെയോ ഗർഭം ധരിച്ചവരാണെങ്കിലും പോഷകാഹാരത്തിലും പ്രസവത്തിനു മുമ്പുള്ള പരിചരണത്തിലും പ്രത്യേക ശ്രദ്ധി നൽകണം.

കനത്ത ഭാരം എടുക്കുന്നതും കഠിനമായ ജോലിയും ഒഴിവാക്കുക, ദീർഘനേരം നിൽക്കുന്നതും ഒഴിവാക്കുക.

സാധ്യമാകുമ്പോഴെല്ലാം ജീവിത സമ്മർദ്ദം കുറയ്ക്കുക, വിശ്രമ രീതികൾ, വ്യായാമം, പോഷകാഹാരം, വിശ്രമം എന്നിവ ഉപയോഗിച്ച് സമ്മർദ്ദത്തെ നേരിടുക.

അണുബാധകൾ പരമാവധി ഒഴിവാക്കുക.

ഗർഭാശയത്തിൻറെ ഘടനാപരമായ അസാധാരണതകൾ മൂലം മാസം തികയാതെ നേരത്തെ പ്രസവിച്ചവർക്ക് ഗർഭിണിയാകുന്നതിന് മുമ്പ് ഈ അസാധാരണതകൾ ശസ്ത്രക്രിയയിലൂടെ ശരിയാക്കാം.

ഗർഭാവസ്ഥയുടെ 14-ാം ആഴ്ച മുതൽ ഒൻപതാം മാസം വരെ ഇൻകംപീറ്റന്റ് സെർവിക്സ് മാറ്റാനുള്ള ശസ്ത്രക്രിയക്ക് വിധേയരാകാവുന്നതാണ്.

വിട്ടുമാറാത്ത ചില മാതൃരോഗങ്ങൾ ഗർഭാവസ്ഥയിൽ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മാസം തികയാതെ പ്രസവിക്കുന്നതിനു കാരണമാകാം. ഗർഭാവസ്ഥയിൽ അവ ഉചിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കുക.

Birth is considered premature, or preterm when it occurs before the 37th week of pregnancy

Related posts