Nammude Arogyam
Maternity

ഗര്‍ഭിണികളും വാക്‌സിനുകളും

ഗര്‍ഭകാലം എന്നത് സന്തോഷത്തിന്റെയും ഉത്കണ്ഠയുടെയും കാലഘട്ടം കൂടിയാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ തന്നെയാണ് എല്ലാവരുടെയും ആശങ്ക. പലതരം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള സമയമാണ് ഗര്‍ഭകാലം. പ്രതിരോധശേഷിയുടെ കുറവാണ് അതിന് കാരണം. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാല്‍ പലര്‍ക്കും ഭയവും ഉത്ക്കണ്ഠയും ഉണ്ടാകുന്നു. എന്നാല്‍ ഈ ഭയത്തെ ലഘൂകരിച്ച് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയൊരുക്കാന്‍ കഴിയുന്ന ഒന്നാണ് വാക്‌സിനുകള്‍. വാക്‌സിനുകളെ ഭയക്കേണ്ട കാര്യമില്ല.

ഗര്‍ഭിണിയാകാന്‍ ആലോചിക്കുകയോ, അല്ലെങ്കില്‍ ഗര്‍ഭിണിയാണെങ്കിലോ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് ചില വാക്‌സിനുകള്‍ എടുക്കേണ്ടതുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുന്‍പോ ഗര്‍ഭകാലത്തോ വാക്‌സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന ആന്റിബോഡികള്‍ പ്ലാസെന്റ വഴി കുഞ്ഞിന് ലഭിക്കുകയും പല രോഗങ്ങളില്‍ നിന്നും സംരക്ഷണം കൊടുക്കുകയും ചെയ്യും. കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുറച്ചു മാസങ്ങളില്‍ ഈ സംരക്ഷണം ലഭിക്കും. അതിനാല്‍ ഗര്‍ഭകാലത്തും അതിനു മുന്‍പും ശേഷവുമെല്ലാം വാക്‌സിനുകള്‍ കൃത്യമായി എടുക്കുക. ഇത്തരത്തില്‍ എടുക്കേണ്ട വാക്‌സിനുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ഒരു അമ്മയാകാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് തന്നെ എല്ലാ വാക്‌സിനുകളെപ്പറ്റിയും കൃത്യമായ അവബോധം ഉണ്ടാക്കുക. ഗര്‍ഭകാലത്തും അതിനു മുന്‍പും, ശേഷവും കുഞ്ഞിനും കൊടുക്കേണ്ട വാക്‌സിനുകളുടെ പട്ടിക തയ്യാറാക്കുക. ഇത് അമ്മയെയും കുഞ്ഞിനെയും പല അണുബാധകളില്‍ നിന്നും സംരക്ഷിക്കും. ഉദാഹരണത്തിന് കുട്ടിക്കാലത്തു എല്ലാവരും എംഎംആര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടാകും. എന്നാല്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഡോക്ടറെ സമീപിച്ചു റുബെല്ലയ്‌ക്കെതിരെയുള്ള പ്രതിരോധശേഷി ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഗര്‍ഭകാലത്തു വരാന്‍ സാധ്യതയുള്ള ഗുരുതര രോഗാവസ്ഥയാണ് റൂബെല്ല. റൂബെല്ല ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഗര്‍ഭം അലസുകയോ, അന്ധത, ബധിരത, അല്ലെങ്കില്‍ വളര്‍ച്ചകുറവ് തുടങ്ങിയ ഗുരുതരമായ ജനന വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുകയോ ചെയ്യാം. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ എംഎംആര്‍ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കുക. നേരത്തെ എടുത്തിട്ടില്ലാത്തവര്‍ വാക്‌സിന്‍ എടുത്തു ഒരു മാസത്തിനു ശേഷം റുബെല്ലയ്‌ക്കെതിരെയുള്ള പ്രതിരോധം ഉണ്ടെന്ന് രക്തപരിശോധനയിലൂടെ ഉറപ്പ് വരുത്തുക. കുട്ടിക്കാലത്തു എംഎംആര്‍ വാക്‌സിന്‍ എടുത്തവര്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പ് രക്തപരിശോധനയിലൂടെ റൂബെല്ല പ്രതിരോധം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ഗര്‍ഭകാലം പ്രദാനം ചെയ്യും.

സാധാരണ ഒരാളെ അപേക്ഷിച്ച് ഗര്‍ഭിണികളില്‍ ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ് ഫ്‌ലൂ. ഗര്‍ഭാവസ്ഥയില്‍, രോഗപ്രതിരോധ ശേഷി കുറവും, ഹൃദയം, ശ്വാസകോശം എന്നിവയില്‍ ചില മാറ്റങ്ങളും ഉണ്ടാകുന്നു. ഇത് വളരെ പെട്ടെന്ന് ഫ്‌ലൂ പിടിക്കാനുള്ള സാധ്യത ഉണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഫ്‌ലൂ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധയും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമായേക്കാം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ഫ്‌ലൂ വാക്‌സിന്‍ എടുക്കുക. ഗര്‍ഭകാലത്തു എടുക്കുന്ന ഫ്‌ലൂ വാക്‌സിന്‍ കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുറച്ചു മാസങ്ങളില്‍ സംരക്ഷണം നല്‍കും.

ഗര്‍ഭകാലത്തു മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ യാത്രയ്ക്ക് 4 മുതല്‍ 6 ആഴ്ച്ച മുന്‍പ് തന്നെ ഡോക്ടറെ സമീപിച്ചു വേണ്ട പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിക്കുക. ഗര്‍ഭകാല യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കുകയും ആ രാജ്യത്തെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും യാത്ര സമയവുമെല്ലാം വിലയിരുത്തുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍, ഫ്‌ലൂ, സിക്ക വൈറസ്, മലേറിയ തുടങ്ങിയ വാക്‌സിനുകള്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

ചില പ്രത്യേക രോഗാവസ്ഥ ഉള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ മറ്റു ചില വാക്‌സിനുകള്‍ കൂടി നിര്‍ദ്ദേശിക്കാറുണ്ട്. ഉദാഹരണത്തിന് ഗുരുതര കരള്‍ രോഗമുള്ള ഗര്‍ഭിണിക്ക് ഹെപ്പറ്റിറ്റിസ് എ വാക്‌സിന്‍ എടുക്കാറുണ്ട്. അതുപോലെ തന്നെ യാത്ര ചെയ്യുന്ന അല്ലെങ്കില്‍ ജോലി സ്ഥലത്തു മെനിഞ്ചൈറ്റിസ് രോഗസാധ്യത ഉണ്ടെങ്കില്‍ അതിനുള്ള വാക്‌സിന്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുള്ള മെനിഞ്ചൈറ്റിസ് വളരെ ഗുരുതരമായ രോഗാവസ്ഥയും പെട്ടെന്ന് വ്യാപിക്കുന്നതുമാണ്.

ഹെപ്പറ്റൈറ്റിസ് ബി ഒരു വൈറല്‍ അണുബാധയാണ്. അമ്മയ്ക്ക് മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ ജനിക്കുന്ന കുഞ്ഞിനും അത് ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കരളിന് വീക്കം ഉണ്ടാക്കുന്ന ഗുരുതരമായ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങളിലെ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഡോക്ടര്‍മാര്‍ ഹെപ്പറ്ററ്റിസ് ബി വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധം നല്‍കുന്ന പല വാക്‌സിനുകളും ഇന്ന് ലഭ്യമാണ്. മുലപ്പാലിലൂടെ ഇത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ലഭിക്കും. പോസ്റ്റ്പാര്‍ട്ടം വാക്‌സിനുകള്‍ പല രോഗങ്ങളില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം നല്‍കും. ഗര്‍ഭവസ്ഥയിലോ അതിനു മുന്‍പോ പല വാക്‌സിനുകളും എടുത്തിട്ടില്ലെങ്കില്‍ ഈ വാക്‌സിനുകള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാനുള്ള മികച്ച മാര്‍ഗമാണ് വാക്‌സിനുകള്‍. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി വാക്‌സിനുകള്‍ സ്വീകരിക്കുക.

Related posts